7000 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്‌സൽ സെൽഫി ക്യാമറയുമായി റിയൽമി 16 5ജി ഇന്ത്യയിൽ

Published : Apr 04, 2026, 03:01 PM IST
Realme 16 5G

Synopsis

ഇന്ത്യൻ വിപണിയിൽ റിയൽമി പുതിയ 5ജി സ്മാർട്ട്ഫോണായ റിയൽമി 16 5ജി അവതരിപ്പിച്ചു. 7,000 എംഎഎച്ച് എന്ന ശക്തമായ ബാറ്ററിയും 50 മെഗാപിക്സൽ ക്യാമറയും മീഡിയാടെക്ക് ഡൈമൻസിറ്റി 6400 ടർബോ പ്രോസസറുമാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ. മിഡ്-റേഞ്ച് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ ഫോൺ ലക്ഷ്യമിടുന്നു.

ഇന്ത്യയിൽ പുതിയ സ്‍മാർട്ട്‌ഫോൺ അവതരിപ്പിച്ച് റിയൽമി വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ഏറ്റവും പുതിയ മോഡലായ റിയൽമി 16 5ജി സ്‍മാർട്ട്ഫോൺ ശക്തമായ ബാറ്ററിയും ഉയർന്ന നിലവാരമുള്ള ക്യാമറ സംവിധാനവുമായാണ് എത്തുന്നത്. സാങ്കേതിക സവിശേഷതകളിലും ഡിസൈൻ കാര്യത്തിലും മിഡ്-റേഞ്ച് വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടുക എന്നതാണ് ഈ ഫോണിലൂടെ റിയൽമി ലക്ഷ്യമിടുന്നത്.

റിയൽമി 16 5ജി ഫോണ്‍ സവിശേഷതകള്‍

റിയൽമി 16 5G-ൽ 6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 4,200 നിറ്റ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നതിനാൽ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6400 ടർബോ പ്രോസസറാണ് ഈ ഫോണിന്‍റെ ഹൃദയം. ഇത് ദിവസേനയുള്ള ഉപയോഗത്തിനും ഗെയിമിംഗിനും ആവശ്യമായ പ്രകടനം നൽകുമെന്നാണ് വിലയിരുത്തൽ. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ലഭ്യമാകുന്നതിലൂടെ ഉപയോക്താക്കൾക്ക് മികച്ച മൾട്ടിടാസ്‍കിംഗ് സൗകര്യവും ലഭിക്കും.

ഫോട്ടോഗ്രഫി പ്രേമികൾക്കായി, 50-മെഗാപിക്‌സൽ പ്രധാന ക്യാമറയോടുകൂടിയ ഡ്യൂവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം നൽകിയിരിക്കുന്ന 'സെൽഫി മിറർ' പ്രത്യേകത ശ്രദ്ധേയമാണ്. റിയർ ക്യാമറ ഉപയോഗിച്ച് തന്നെ സെൽഫി എടുക്കാൻ ഇത് സഹായിക്കുന്നു. മുൻവശത്ത് 50-മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 7,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 60 വാട്‌സ് ഫാസ്റ്റ് ചാർജിംഗും നൽകിയിരിക്കുന്നതിനാൽ ദീർഘനേരം ഉപയോഗിക്കാൻ കഴിയും. കൂടാതെ റിവേഴ്‌സ് ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ഫോണിന്‍റെ വില പരിശോധിച്ചാൽ, 8 ജിബി റാം + 128 ജിബി മോഡൽ 31,999 രൂപയ്ക്കും 8 ജിബി + 256 ജിബി മോഡൽ 33,999 രൂപയ്ക്കും, 12 ജിബി + 256 ജിബി മോഡൽ 36,999 രൂപയ്ക്കും ലഭ്യമാണ്. എയർ ബ്ലാക്ക്, എയർ വൈറ്റ് എന്നീ നിറങ്ങളിൽ ആണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ അഞ്ച് മുതൽ വിൽപ്പന ആരംഭിക്കും. ശക്തമായ ബാറ്ററിയും ക്യാമറയും ഉൾക്കൊള്ളുന്ന റിയൽമി 16 5ജി, ഇന്ത്യൻ സ്‍മാർട്ട്‌ഫോൺ വിപണിയിൽ മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആപ്പിൾ 50-ാം വാർഷിക സെയിൽ; ഐഫോൺ 17 പ്രോ മാക്‌സിന് ഉൾപ്പെടെ ഇപ്പോള്‍ വമ്പൻ വിലക്കിഴിവ്
7000 എംഎഎച്ച് ബാറ്ററിയും 200 എംപി ക്യാമറയും; വിവോ വി70 എഫ്‍ഇ ഇന്ത്യയിൽ, വിലയറിയാം