
റെഡ്‍മിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ നിരയായ K100 സീരീസ് ഓഗസ്റ്റ് 11-ന് ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിരവധി ആഴ്ചകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് ലോഞ്ച് തീയതി സ്ഥിരീകരിച്ചത്. ഇതോടൊപ്പം റെഡ്‍മി K100 പ്രോ മാക്സ് മോഡലിന്റെ ആദ്യ ഔദ്യോഗിക ഡിസൈനും കമ്പനി പുറത്തുവിട്ടു.
ആദ്യഘട്ടത്തിൽ റെഡ്‍മി K100 പ്രോ, റെഡ്‍മി K100 പ്രോ മാക്സ് എന്നീ രണ്ട് മോഡലുകളാണ് അവതരിപ്പിക്കുക. സ്റ്റാൻഡേർഡ് റെഡ്‍മി K100 ഈ പരിപാടിയുടെ ഭാഗമാകില്ല. എന്നാൽ ആ മോഡൽ ഒഴിവാക്കിയിട്ടില്ലെന്നും, പിന്നീട് പ്രത്യേകമായി അവതരിപ്പിക്കുമെന്നും റെഡ്‍മി അറിയിച്ചു. ഷവോമി പ്രസിഡന്റ് ലു വെയ്‌ബിംഗ് പറയുന്നതനുസരിച്ച്, മികച്ച പ്രകടനവും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ സമഗ്ര അനുഭവവും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് സ്റ്റാൻഡേർഡ് K100 ലക്ഷ്യമിടുന്നത്. അതേസമയം മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും മറ്റ് ഘടകങ്ങളുടെ നിർമ്മാണച്ചെലവ് ഉയർന്നതുമാണ് പ്രോ മോഡലുകൾ ആദ്യം പുറത്തിറക്കാൻ കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു റെഡ്‍മി K90 സീരീസ് അവതരിപ്പിച്ചത്. പിന്നീട് K90 അൾട്ര മോഡലും വിപണിയിലെത്തി. എന്നാൽ ഇത്തവണ പതിവ് റിലീസ് ഷെഡ്യൂളിൽ മാറ്റം വരുത്തിയാണ് കമ്പനി ആദ്യം പ്രോ മോഡലുകൾ അവതരിപ്പിക്കുന്നത്. ലോഞ്ച് പ്രഖ്യാപനത്തോടൊപ്പം കാബർനെറ്റ് റെഡ് നിറത്തിലുള്ള റെഡ്മി K100 പ്രോ മാക്സിന്റെ ഔദ്യോഗിക ചിത്രങ്ങളും പുറത്തുവന്നു. ഫോണിന് നിറത്തോട് യോജിക്കുന്ന മെറ്റൽ ഫ്രെയിം, പുതുമയാർന്ന ക്യാമറ മോഡ്യൂളിന് ചുറ്റുമുള്ള ഫ്ലോട്ടിംഗ് ലൈറ്റ് റിംഗ് ഡിസൈൻ എന്നിവയാണ് പ്രധാന ആകർഷണം. കൂടാതെ 6.9 ഇഞ്ച് ഓഎൽഇഡി ഡിസ്പ്ലേ ഈ മോഡൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന്റെ പിൻവശത്ത് 'Sound by Bose' ബ്രാൻഡിംഗും ശ്രദ്ധേയമാണ്.
ആദ്യ റിപ്പോർട്ടുകൾ പ്രകാരം K100 പ്രോ ഏകദേശം 4,000 യുവാൻ വില വിഭാഗത്തിലും, K100 പ്രോ മാക്സ് പ്രകടനത്തിലും ഗെയിമിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച മോഡലായുമാകും എത്തുക. ഔദ്യോഗിക വില വിവരങ്ങൾ ലോഞ്ച് ചടങ്ങിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിൽ റെഡ്മി K100 പ്രോയും K100 പ്രോ മാക്സും യഥാക്രമം പോക്കോ F9 പ്രോ, പോക്കോ F9 അൾട്ര എന്നീ പേരുകളിൽ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.