റെഡ്‍മി ടർബോ 5 ഇന്ത്യയിൽ: വമ്പൻ ബാറ്ററിയും കിടിലൻ പെർഫോമൻസും

Published : Jun 17, 2026, 12:26 PM IST
Redmi Turbo 5

Synopsis

ഷവോമിയുടെ സബ്-ബ്രാൻഡായ റെഡ്‍മി, ടർബോ സീരീസിലെ ആദ്യ ഫോണായ റെഡ്‍മി ടർബോ 5 ഇന്ത്യയിൽ അവതരിപ്പിച്ചു. ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ പ്രോസസർ, 7,540mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

വോമിയുടെ സബ്-ബ്രാൻഡായ റെഡ്‍മി ഇന്ത്യയിൽ ആദ്യമായി ടർബോ സീരീസിലെ സ്‍മാർട്ട്ഫോണായ റെഡ്‍മി ടർബോ 5 അവതരിപ്പിച്ചു. മികച്ച പെർഫോമൻസും ദീർഘകാല ബാറ്ററി ബാക്കപ്പും മുൻനിർത്തി അവതരിപ്പിച്ചിരിക്കുന്ന ഈ സ്‍മാർട്ട്ഫോൺ, ശക്തമായ പ്രോസസർ, ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ, വേഗമേറിയ ചാർജിംഗ് സൗകര്യം എന്നിവയുമായി വിപണിയിൽ എത്തുന്നു.

റെഡ്‍മി ടർബോ 5-ന്റെ അടിസ്ഥാന മോഡലായ 8GB റാം + 256GB സ്റ്റോറേജ് പതിപ്പിന് 37,999 രൂപയാണ് വില. 12GB റാം + 256GB സ്റ്റോറേജ് പതിപ്പിന് 40,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2,000 രൂപ വരെ ഉടൻ ഇളവും ലഭിക്കും. ജൂൺ 19 മുതൽ ആമസോൺ വഴി ഫോണിന്റെ വിൽപ്പന ആരംഭിക്കും. ആസ്പാൾട്ട് ബ്ലാക്ക്, നൈട്രോ ബ്ലൂ, ടർബോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്‍മി ടർബോ 5 പ്രവർത്തിക്കുന്നത്. നാല് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും ആറു വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.59 ഇഞ്ച് വലുപ്പമുള്ള 1.5K അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രെഷ് റേറ്റ്, 3,500 നിറ്റ്സ് വരെ പരമാവധി തെളിച്ചം, ഡോൾബി വിഷൻ പിന്തുണ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. കൂടാതെ IP66, IP68, IP69, IP69K നിലവാരത്തിലുള്ള പൊടി-ജല പ്രതിരോധ സംവിധാനവും ഫോണിന് നൽകിയിട്ടുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ പ്രോസസറാണ് റെഡ്മി ടർബോ 5-ന് കരുത്തേകുന്നത്. 3.4GHz വരെ ക്ലോക്ക് സ്പീഡും എആർഎം മാലി-G720 MC8 ഗ്രാഫിക്സ് യൂണിറ്റും ഫോണിലുണ്ട്. LPDDR5X റാമും UFS 4.1 സ്റ്റോറേജും മികച്ച പ്രകടനം ഉറപ്പാക്കുന്നു. ചൂട് നിയന്ത്രിക്കുന്നതിനായി 3D ഐസ്-ലൂപ്പ് കൂളിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രഫിക്കായി 50 മെഗാപിക്സൽ സോണി IMX882 പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 4K 60fps വരെ വീഡിയോ റെക്കോർഡിംഗിനും ഫോൺ പിന്തുണ നൽകുന്നു.

7,540mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 27W റിവേഴ്സ് ചാർജിംഗും ലഭ്യമാണ്. 5G, Wi-Fi 7, ബ്ലൂടൂത്ത് 6.0, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ തുടങ്ങിയ ആധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളും റെഡ്മി ടർബോ 5-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകടനവും ബാറ്ററി ലൈഫും മുൻഗണന നൽകുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ ടെക്നോ പോവ 8 പ്രോ 5ജി കൂടുതൽ വിവരങ്ങൾ പുറത്ത്
വില 18,000 മുതൽ; വൺപ്ലസ് N6 ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു