
സാംസങ് തങ്ങളുടെ പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്‌സി A27 5G ഇന്ത്യയുൾപ്പെടെ ആഗോള വിപണികളിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി A26 5Gയുടെ പിൻഗാമിയായ ഈ മോഡൽ, മികച്ച പ്രകടനം, ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണ, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവയുമായി ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അമേരിക്കയിൽ ഗാലക്‌സി A27 5Gയുടെ പ്രാരംഭ വില 349.99 ഡോളറാണ് . ഏകദേശം 30,000 രൂപയോളം വരും. ജൂലൈ 14 മുതൽ ബ്ലാക്ക് നിറത്തിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ ഫോൺ ജൂലൈ 3 മുതൽ ലഭ്യമാകും. ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീൻ, ലൈറ്റ് പിങ്ക് എന്നീ നാല് നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത്. എന്നാൽ ഇന്ത്യയിലെ ഔദ്യോഗിക വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയോടെയാണ് ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ കൂടുതൽ മിനുസമാർന്ന ദൃശ്യാനുഭവം നൽകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള One UI 8.5 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ആറ് തലമുറ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് സാംസങ് ഉറപ്പുനൽകിയിട്ടുണ്ട്.
4 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പരമാവധി 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. മൈക്രോ SD കാർഡിലൂടെ 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുമാകും. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ ഒഐഎസ് പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
5,000mAh ശേഷിയുള്ള ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ട്. IP64 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ്, സാംസങ്ങ് നോക്സ് വോൾട്ട് സുരക്ഷാ സംവിധാനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കിൾ ടു സെർച്ച്, ഒബ്ജെക്റ്റ് ഇറേസർ, വോയിസ് ട്രാൻസ്‍ക്രിപ്ഷൻ തുടങ്ങിയ എഐ ഫീച്ചറുകളും ഗൂഗിൾ ജെമിനി, പെർപ്ലെക്സിറ്റി, ബിക്സ്ബൈ എന്നീ എഐ അസിസ്റ്റന്റുകൾക്കുള്ള പിന്തുണയും ഈ ഫോണിന്റെ പ്രത്യേകതകളാണ്.
മികച്ച ഡിസ്പ്ലേ, വിശ്വസനീയമായ പ്രകടനം, ദീർഘകാല സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, എഐ സവിശേഷതകൾ എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സാംസങ് ഗാലക്‌സി A27 5G വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ വില പ്രഖ്യാപിച്ചതിന് ശേഷം ഈ മോഡലിന് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ശ്രദ്ധേയമായിരിക്കും.