Samsung Galaxy Note : ഗ്യാലക്സി നോട്ട് ഫോണുകള്‍ ഇറക്കുന്നത് സാംസങ്ങ് അവസാനിപ്പിക്കുന്നു

By Web TeamFirst Published Nov 27, 2021, 2:48 PM IST
Highlights

ഈ വര്‍ഷം ഗ്യാലക്സി നോട്ട് 20യുടെ 3.2 ദശലക്ഷം യൂണിറ്റുകള്‍ സാംസങ്ങ് വിപണിയില്‍ വിറ്റുവെന്നാണ് കണക്കുകള്‍. ഗ്യാലക്സി നോട്ട് ആദ്യമായി ഇറങ്ങിയത് 2011 ലായിരുന്നു. അന്ന് ഈ ഫോണിന്‍റെ വലിപ്പം 5.3 ഇഞ്ച് ആയിരുന്നു. 

തങ്ങളുടെ ജനപ്രിയ ഹൈ എന്‍റ് സീരിസായ ഗ്യാലക്സി നോട്ട് (Samsung Galaxy Note) ഫോണുകള്‍ ഇറക്കുന്നത് സാംസങ്ങ് അവസാനിപ്പിക്കുന്നു. 2022 ല്‍ പുതിയ ഗ്യാലക്സി നോട്ട് ഫോണ്‍ സാംസങ്ങ് (Samsung) പുറത്തിറക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്യാലക്സി നോട്ടിന്‍റെ പ്രത്യേകതകള്‍ ഇനി ഇറങ്ങാന്‍ പോകുന്ന സാസംങ്ങിന്‍റെ ഗ്യാലക്സി എസ്, ഗ്യാലക്സി സെഡ് സീരിസ് ഫോണുകളില്‍ ലഭ്യമാക്കാനാണ് സാംസങ്ങ് ഒരുങ്ങുന്നത്. ഇതിനകം തന്നെ ഗ്യാലക്സി എസ് 21 അള്‍ട്ര (Samsung Galaxy S21 Ultra), ഗ്യാലക്സി സെഡ് ഫോള്‍ഡ് 3 (Samsung Galaxy Z fold 3) എന്നിവയില്‍ ഗ്യാലക്സി നോട്ടിന്‍റെ 'ക്ലാസിക് പ്രത്യേകതയായ' എസ് പെന്‍ സാംസങ്ങ് നല്‍കിയിരുന്നു. 

ഈ വര്‍ഷം ഗ്യാലക്സി നോട്ട് 20യുടെ 32 ദശലക്ഷം യൂണിറ്റുകള്‍ സാംസങ്ങ് വിപണിയില്‍ വിറ്റുവെന്നാണ് കണക്കുകള്‍. ഗ്യാലക്സി നോട്ട് ആദ്യമായി ഇറങ്ങിയത് 2011 ലായിരുന്നു. അന്ന് ഈ ഫോണിന്‍റെ വലിപ്പം 5.3 ഇഞ്ച് ആയിരുന്നു. 

ഇടി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഗ്യാലക്സി നോട്ട് ഫോണുകള്‍ തുടര്‍ന്ന് സാംസങ്ങ് ഇറക്കില്ലെന്ന് വ്യക്തമാക്കുന്നു. ഇതിനകം തന്നെ സാംസങ്ങ് തങ്ങളുടെ 2022 പ്രോഡക്ഷന്‍ പ്ലാനില്‍ നിന്നും ഗ്യാലക്സി നോട്ടിനെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

സാംസങ്ങ് ഫോര്‍ഡബിള്‍ ഫോണുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ വന്നതാണ് നോട്ട് സീരിസ് അവസാനിപ്പിക്കാന്‍ സാംസങ്ങിനെ പ്രേരിപ്പിക്കുന്നത് എന്നാണ് ഇടി ന്യൂസ് റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത കാലത്തായി ഫോള്‍ഡ് ഫോണുകള്‍ക്കുള്ള തങ്ങളുടെ പരസ്യ പ്രചാരണവും സാംസങ്ങ് വര്‍ദ്ധിപ്പിച്ചിരുന്നു. 2019 ലെ കണക്ക് പ്രകാരം സാംസങ്ങ് വിറ്റത് 12.7 ദശലക്ഷം ഗ്യാലക്സി നോട്ട് മോഡലുകളാണ്. 

എന്നാല്‍ 2020 ല്‍ ഇത് 9.7 ആയി കുറഞ്ഞു. 2021 ല്‍ ഇതുവരെ വിറ്റത് 3.2 ദശലക്ഷവും. ഇതും നോട്ട് സീരിസ് അവസാനിപ്പിക്കാന്‍ സാംസങ്ങിനെ പ്രേരിപ്പിക്കുന്നു. സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് ഫോണുകളായ ഗ്യാലക്സി Z ഫോണുകള്‍ വരുന്ന വര്‍ഷം 13 ദശലക്ഷം യൂണിറ്റുകള്‍ വില്‍ക്കണം എന്നതാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. ഇത് കൂടി മുന്നില്‍ കണ്ടാണ് സാംസങ്ങിന്‍റെ നോട്ടില്‍ നിന്നുള്ള പിന്‍മാറ്റം.
 

click me!