ഗൂഗിളിന്‍റെ പുതിയ സ്മാർട്ട്ഫോണായ പിക്സൽ 10എ ഫെബ്രുവരി 18-ന് പുറത്തിറങ്ങും. ഔദ്യോഗിക ലോഞ്ചിന് മുൻപ് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഫോണിന് കൂടുതൽ കരുത്തുള്ള ഗോറില്ല ഗ്ലാസ് 7i സംരക്ഷണം ലഭിക്കും.
ദില്ലി: ഗൂഗിൾ അവരുടെ പുതിയ സ്മാർട്ട്ഫോണായ പിക്സൽ 10എ ഫെബ്രുവരി 18-ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ പിക്‌സൽ 10എ ഫോണിന്‍റെ പ്രധാന സവിശേഷതകൾ ഓൺലൈനിൽ പുറത്തുവന്നു. ടെക് വെബ്‌സൈറ്റായ ജിഎസ്എംഅറീന പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പിക്‌സൽ 10എയുടെ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിള്‍ പിക്സൽ 10എയിൽ മുൻഗാമിയായ പിക്സൽ9a-യിൽ ഉപയോഗിച്ചിരുന്ന ഗോറില്ല ഗ്ലാസ് 3ക്ക് പകരം കൂടുതൽ ശക്തിയുള്ള ഗോറില്ല ഗ്ലാസ് 7i സംരക്ഷണം ലഭിക്കുമെന്നാണ് സൂചന. ഇത് സ്ക്രീൻ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ചാർജിംഗ് വേഗതയിലും ബ്ലൂടൂത്ത് പതിപ്പിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഗൂഗിള്‍ പിക്സൽ 10എ: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
ഗൂഗിള്‍ പിക്സൽ 10a 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻ മോഡലായ പിക്സൽ 9എ 23 വാട്‌സ് ചാർജിംഗിനെയാണ് പിന്തുണച്ചിരുന്നത്. അതിനാൽ ചാർജിംഗ് സമയത്തിൽ പുതിയ ഫോണിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ബ്ലൂടൂത്ത് 5.4ന് പകരം പുതിയ മോഡലിൽ ബ്ലൂടൂത്ത് 6 ഉൾപ്പെടുത്തിയേക്കും. ഡിവൈസിന്‍റെ ഭാരത്തിൽ ചെറിയ കുറവും ഉണ്ടാകും. 186 ഗ്രാം ഭാരമുള്ള നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ ഫോണിന് മൂന്ന് ഗ്രാം കുറവായിരിക്കും. വലിപ്പത്തിലും ചെറിയ മാറ്റമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 153.9 x 73 x 9 മില്ലീമീറ്റർ ആയിരിക്കും പുതിയ മോഡലിന്‍റെ അളവ്.
ഗൂഗിള്‍ പിക്സൽ 10എ ക്യാമറ
പ്രോസസറിന്‍റെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകില്ല. പിക്സൽ 10എയും പിക്സൽ 9എയും പോലെ ഗൂഗിൾ ടെൻസർ ജി4 ചിപ് ഉപയോഗിച്ചേക്കും. 8 ജിബി LPDDR5X റാം, 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്‌സ് 3.1 സ്റ്റോറേജ് എന്നീ ഓപ്ഷനുകളും തുടരുമെന്നാണ് റിപ്പോർട്ടുകൾ. 6.3 ഇഞ്ച് പിഓഎൽഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും പഴയ മോഡലിലേതുപോലെ തന്നെ ലഭിക്കും. ക്യാമറ സവിശേഷതകളിലും മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. 48-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 13 എംപി അൾട്രാവൈഡ് ലെൻസ്, 13 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെടും. ഫോണിൽ ആൻഡ്രോയ്‌ഡ് 16 പ്രവർത്തിക്കും. കൂടാതെ ഏഴ് വർഷം വരെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 18 മുതൽ പ്രീ-ഓർഡർ ആരംഭിക്കും. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:29ന് മുമ്പ് ഗൂഗിൾ സ്റ്റോറിൽ രജിസ്റ്റർ ചെയ്‌ത ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫർ ഇമെയിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.


