
കൊറിയൻ ടെക് ഭീമനായ സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്ഫോൺ നിര വിപുലീകരിച്ച് പുതിയൊരു ഫാൻ എഡിഷൻ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി എസ്26 എഫ്ഇ എന്ന പേരിലുള്ള ഈ സ്‍മാർട്ട്ഫോൺ സെപ്റ്റംബർ അവസാനം അല്ലെങ്കിൽ ഒക്ടോബർ ആദ്യവാരത്തിൽ വിപണിയിൽ എത്തുമെന്ന് ടെക് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അടുത്തിടെ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്ഫോമിൽ ഈ ഡിവൈസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് ടെക് ലോകത്ത് ഇതുസംബന്ധിച്ച പ്രതീക്ഷകൾ ഉയർന്നിരിക്കുന്നത്.
ടെക് ടിപ്സ്റ്റർ അഭിഷേക് യാദവ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം, SM-S741U മോഡൽ നമ്പറോടെയാണ് ഫോണിനെ ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയത്. 10-കോർ എക്‌സിനോസ് 2500 പ്രോസസറിലാണ് ഈ ഡിവൈസ് പ്രവർത്തിക്കാൻ സാധ്യത എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ആൻഡ്രോയ്‌ഡ് 17 അടിസ്ഥാനമാക്കിയുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും 8 ജിബി റാം സൗകര്യവും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സിംഗിൾ കോർ ടെസ്റ്റിൽ 2,426 പോയിന്‍റും മൾട്ടി കോർ ടെസ്റ്റിൽ 8,004 പോയിന്‍റും നേടി, പ്രകടനത്തിൽ ഗണ്യമായ മെച്ചം കാണിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഡിസ്പ്ലേ കാര്യത്തിൽ, 6.73 ഇഞ്ച് അമോലെഡ് സ്ക്രീനും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നു. ഫോട്ടോഗ്രഫി മേഖലയിൽ, 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും മറ്റൊരു 50എംപി ലെൻസും 8എംപി സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ലഭ്യമാകുക. 8കെ വീഡിയോ റെക്കോർഡിംഗിനും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സാങ്കേതികവിദ്യയും ലഭിക്കാൻ ഇടയുണ്ട്. മുൻവശത്ത് 16എംപി പഞ്ച്-ഹോൾ ക്യാമറ സെൽഫികൾക്കും വീഡിയോ കോൾസിനുമായി ഉണ്ടായിരിക്കും.
ബാറ്ററി വിഭാഗത്തിൽ, 5,100 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 55 വാട്‌സ് ഫാസ്റ്റ് ചാർജിംഗും നൽകാനാണ് സാധ്യത. കൂടാതെ, ഐപി69 റേറ്റിംഗ് ലഭിക്കുന്നതോടെ വെള്ളവും പൊടിയും പ്രതിരോധിക്കാൻ കഴിയും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഫോണിൽ ഉൾപ്പെടും. ഇതിനുമുമ്പ് പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എസ്25 എഫ്ഇ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എസ്26 എഫ്ഇ കൂടുതൽ ശക്തമായ പ്രകടനവും മെച്ചപ്പെട്ട ക്യാമറ സംവിധാനവും നൽകും എന്നാണ് റിപ്പോർട്ടുകൾ. സ്‍മാർട്ട്ഫോൺ വിപണിയിൽ ശക്തമായ മത്സരത്തിനിടയിൽ സാംസങ് ഈ മോഡൽ വഴി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിടുന്നു.