
സാംസങ് അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കാനിരിക്കുന്ന ഗാലക്സി എസ്26 സീരിസില്‍ കൂടുതല്‍ കരുത്തേറിയ ബാറ്ററി ഉള്‍പ്പെടുത്തുമെന്ന് സൂചന. ബാറ്ററി ചാര്‍ജിംഗ് വേഗതയിലും മാറ്റമുണ്ടായേക്കും. സാംസങ് ഗാലക്സി എസ്26 പ്രോ, ഗാലക്സി എസ്26 എഡ്‌ജ്, ഗാലക്സി എസ്26 അള്‍ട്ര എന്നീ മൂന്ന് സ്‌മാര്‍ട്ട്‌ഫോണുകളാണ് ഈ ലൈനപ്പില്‍ പ്രതീക്ഷിക്കുന്നത് എന്നാണ് 9to5Google റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മൂന്ന് ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ക്കും മുന്‍ഗാമികളില്‍ നിന്ന് ബാറ്ററി അപ്‌ഗ്രേഡ് ലഭിക്കുമെന്നാണ് സൂചന. അള്‍ട്രാ വേരിയന്‍റിന് ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറും ലഭിച്ചേക്കും.
സാംസങ് ഗാലക്സി എസ്26 പ്രോ പഴയ ബേസ് മോഡലിന്‍റെ (ഗാലക്സി എസ്25) പുതിയ രൂപമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എസ്26 പ്രോയില്‍ 4,300 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ലഭിച്ചേക്കും. 4000 എംഎഎച്ച് ബാറ്ററിയായിരുന്നു ഗാലക്സി എസ്25ലുണ്ടായിരുന്നത്. അതേസമയം, ഗാലക്സി എസ്26 എഡ്‌ജില്‍ 300 എംഎഎച്ച് വര്‍ധിച്ച് 4,200 എംഎഎച്ച് കരുത്തിലുള്ള ബാറ്ററി ഉള്‍പ്പെടുത്തിയേക്കും. ഫ്ലാഗ്‌ഷിപ്പ് പ്രീമിയം എസ്26 അള്‍ട്രയുടെ ബാറ്ററി ശേഷി 500 എംഎഎച്ച് ഉയര്‍ന്ന് 5,500 എംഎഎച്ചിലെത്തും എന്നും പറയപ്പെടുന്നു. മറ്റൊരു വലിയ അപ്ഗ്രേഡ് കൂടി എസ്26 അള്‍ട്രയില്‍ വരുമെന്ന് പറയപ്പെടുന്നു. 65 വാട്സിന്‍റെ വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് വരുമെന്ന വിവരമാണിത്. ഇക്കാര്യം സത്യമെങ്കില്‍, ചരിത്രത്തില്‍ ആദ്യമായി സാംസങിന്‍റെ ഫ്ലാഗ്‌ഷിപ്പ് ലൈനപ്പില്‍ 65 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ലഭിക്കും. 45W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗാണ് നിലവിലെ എസ്25 അള്‍ട്ര മോഡലില്‍ ലഭ്യമായിട്ടുള്ളത്.
ഗാലക്സി എസ്26 ശ്രേണി ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറങ്ങുന്നതോടെ സാംസങ് പ്ലസ് മോഡല്‍ പൂര്‍ണമായും അവസാനിപ്പിച്ചേക്കും. അള്‍ട്രാ-തിന്‍ മോഡലായ എഡ്‌ജാവും പ്ലസിന് പകരം ഭാവി എസ് സീരീസ് ലൈനപ്പുകളില്‍ ഇടംപിടിക്കുക. സാംസങ് എസ്26 അള്‍ട്ര വരിക കൂടുതല്‍ സൂമിംഗ് ശേഷിയുള്ള ക്യാമറയോടെയായിരിക്കും എന്ന സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്. 200 എംപി പ്രധാന റിയര്‍ ക്യാമറയ്‌ക്കൊപ്പം, കൂടുതല്‍ സൂമിംഗ് ശേഷിയുള്ള പുതിയ 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സും എസ്26 അള്‍ട്രയില്‍ ഇടംപിടിച്ചേക്കും എന്നാണ് സൂചന. 2026 ജനുവരിയിലാണ് ഗാലക്സി എസ്26 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാന്‍ സാധ്യത.