ആപ്പിളിന്റെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഐഫോൺ 17ഇ (iPhone 17e) ഇന്ത്യയിൽ അവതരിപ്പിച്ചു. മാഗ്‌സേഫ് ചാർജിംഗ്, പുതിയ A19 ചിപ്പ്, 48MP ഫ്യൂഷൻ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 64,900 രൂപ പ്രാരംഭ വിലയുള്ള ഫോണിന്റെ അടിസ്ഥാന സ്റ്റോറേജ് 256GB ആണ്.

ദില്ലി: പ്രമുഖ അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിള്‍ ഇന്ത്യയിൽ അവരുടെ 'ബജറ്റ്-ഫ്രണ്ട്‍ലി' സ്മാർട്ട്ഫോണായ ഐഫോൺ 17ഇ (iPhone 17e) അവതരിപ്പിച്ചു. ഐഫോൺ 17 സീരീസിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള മോഡലായ ഐഫോണ്‍ 17ഇയില്‍ മാഗ്‍സേഫ് ചാർജിംഗ് പിന്തുണ, പുതിയ A19 ചിപ്പ്, 48MP ഫ്യൂഷൻ ക്യാമറ സംവിധാനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ 16ഇയുടെ ഡിസൈനില്‍ നിന്ന് മാറ്റമില്ലാത്തതും 60 ഹെർട്സ് ഡിസപ്ലെയ്ക്ക് അപ്ഗ്രേഡില്ലാത്തതുമാണ് ഐഫോണ്‍ 17ഇയുടെ പ്രധാന പോരായ്മകള്‍.

ഐഫോണ്‍ 17ഇയില്‍ എന്തൊക്കെ പുതുമകള്‍?

ആപ്പിള്‍ ബജറ്റ്-ഫ്രണ്ട്‍ലി എന്ന് പറയുമ്പോഴും ഇന്ത്യയിൽ ഐഫോൺ 17ഇയുടെ ആരംഭ വില 64,900 രൂപയാണ്. ഇത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മുന്‍ഗാമിയായ ഐഫോണ്‍ 16ഇയുടെ അടിസ്ഥാന വിലയേക്കാൾ 5,000 രൂപ കൂടുതലാണെങ്കിലും, ഐഫോണ്‍ 17ഇയില്‍ അടിസ്ഥാന സ്റ്റോറേജ് 128 ജിബിയിൽ നിന്ന് 256 ജിബി ആയി ആപ്പിള്‍ വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് നാല് മുതൽ ഐഫോൺ 17ഇയുടെ പ്രീ-ഓർഡർ ഇന്ത്യയില്‍ ആരംഭിക്കും. മാർച്ച് 11 മുതൽ ഐഫോണ്‍ 17ഇ സ്മാർട്ട്‍ഫോൺ വിപണിയിൽ ലഭ്യമാകും. കറുപ്പ്, വെളുപ്പ്, പുതുതായി അവതരിപ്പിച്ച സോഫ്റ്റ് പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ പുതിയ ഐഫോൺ 17ഇ വാങ്ങിക്കാം.

ഐഫോണ്‍ 16ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 17ഇയിലെ പ്രധാന അപ്ഗ്രേഡ് മാഗ്‍സേഫ് പിന്തുണയാണ്. Qi2 വയർലെസ് ചാർജിംഗ് വഴി പരമാവധി 15W വരെ വേഗത്തില്‍ ചാർജ് ചെയ്യാം. ഐഫോണ്‍ 16ഇയില്‍ ലഭ്യമായിരുന്ന 7.5W വയർലെസ് ചാർജിംഗിനെ അപേക്ഷിച്ച് ഇത് ഇരട്ടി വേഗതയാണ്. യുഎസ്‍ബി-സി പോർട്ട് വഴി 20W അല്ലെങ്കിൽ അതിൽ കൂടുതലുള്ള അഡാപ്റ്റർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ഐഫോണ്‍ 17ഇ ചാർജ് ചെയ്യാമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

ഐഫോൺ 17ഇയിൽ 3എൻഎം സാങ്കേതികതവിദ്യയില്‍ നിർമ്മിച്ച A19 ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 11-നുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ട സിപിയു കൂടുതൽ പെർഫോമൻസ് നൽകുമെന്ന് ആപ്പിൾ വ്യക്തമാക്കുന്നു. കൂടാതെ, ഐഫോണ്‍ 17ഇയിലെ പുതിയ C1X മോഡം മുൻ പതിപ്പിനെക്കാൾ വേഗതയേറിയതും കൂടുതൽ ഊർജ്ജക്ഷമത ഉള്ളതുമാണ്. ഐഫോണ്‍ 17ഇയുടെ വീഡിയോ പ്ലേബാക്കിൽ പരമാവധി 26 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐഫോണ്‍ 17ഇ ഡിസൈനില്‍ മാറ്റമില്ല, ക്യാമറ ഫീച്ചറുകള്‍ ഇവ

അതേസമയം ഐഫോണ്‍ 17ഇയുടെ ഡിസൈൻ മുന്‍ഗാമിയില്‍ നിന്ന് വലിയ മാറ്റങ്ങളില്ല. നിലവിലേതുപോലെ എയറോസ്പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിം ഐപി68 റേറ്റിംഗ് ജലവും വെള്ളവും പൊടിയും പ്രതിരോധിക്കും. ഐഫോണ്‍ 17ഇയിലെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‍സ്‍ഡിആർ ഒഎൽഇഡി ഡിസ്പ്ലേ പരമാവധി 1200 നിറ്റ്സ് എച്ച്ഡിആർ ബ്രൈറ്റ്‌നസ് ലഭ്യമാക്കും. സെറാമിക് ഷീൽഡ് 2.2 സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്ക്രീനിന്‍റെ റിഫ്രഷ് റേറ്റ് 60Hz തന്നെയാണ് എന്നതാണ് ഐഫോണ്‍ 17ഇയുടെ പ്രധാന ന്യൂനത. സിംഗിള്‍ റിയറെങ്കിലും ഐഫോണ്‍ 17ഇയിലെ 48-മെഗാപിക്സല്‍ ഫ്യൂഷൻ ക്യാമറ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും 2x ടെലിഫോട്ടോ സൗകര്യവും നൽകുന്നു. 4K ഡോൾബി വിഷൻ (60fps) വീഡിയോ റെക്കോർഡിംഗിനും ഐഫോൺ 17ഇയെ പിന്തുണയ്ക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming