സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ് പുതിയ ഹിഞ്ചുമായി എത്തിയേക്കും

Published : Jul 07, 2026, 11:52 AM IST
Samsung Galaxy S Fold 8

Synopsis

സാംസങിന്റെ അടുത്ത തലമുറ ഫോൾഡബിൾ ഫോണായ ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ്, സ്ക്രീനിലെ മടക്കുവര ഗണ്യമായി കുറയ്ക്കുന്ന പുതിയ ഹിഞ്ച് സംവിധാനത്തോടെ വരുമെന്ന് റിപ്പോർട്ട്. ഫോണിന്റെ പ്രതീക്ഷിക്കുന്ന വില വിവരങ്ങളും ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലെ അവതരണ സാധ്യതകളെക്കുറിച്ചുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

സാംസങിന്റെ അടുത്ത തലമുറ ഫോൾഡബിൾ സ്‍മാർട്ട്ഫോണായ ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ് ഈ മാസം അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പുതിയ വിവരങ്ങൾ പുറത്തുവന്നു. പുതിയ സീരീസിൽ ഫോൺ മടക്കുമ്പോൾ സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാണുന്ന മടക്കവര ഗണ്യമായി കുറയ്ക്കുന്ന പുതിയ ഹിഞ്ച് സംവിധാനം ഉൾപ്പെടുത്തുമെന്നാണ് പ്രമുഖ ടെക് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് അവകാശപ്പെടുന്നത്.

പുതിയ ഹിഞ്ച്, മെച്ചപ്പെട്ട ഡിസ്‌പ്ലേ

റിപ്പോർട്ട് പ്രകാരം, ഗാലക്‌സി ഇസഡ് ഫോൾഡ് 8, ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്ര മോഡലുകളിൽ നിലവിലെ ഗാലക്‌സി ഇസഡ് ഫോൾഡ് 7-ൽ നിന്ന് വ്യത്യസ്തമായ പുതിയ ഹിഞ്ച് സംവിധാനമാണ് സാംസങ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഫോൾഡബിൾ ഡിസ്‌പ്ലേയുടെ മധ്യഭാഗത്തെ മടക്കവര കൂടുതൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് സൂചന.

ഫോൺ തുറക്കുന്നതും മടക്കുന്നതുമായ പ്രവർത്തനവും കൂടുതൽ ഉറപ്പോടെയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പഴയ മോഡലുകളെപ്പോലെ വിവിധ കോണുകളിൽ ഫോൺ എളുപ്പത്തിൽ നിലനിർത്താൻ കഴിയില്ലെന്നും ടിപ്സ്റ്റർ വ്യക്തമാക്കുന്നു. എന്നാൽ ഡിസ്‌പ്ലേയിലെ മടക്കവരയുടെ കാര്യത്തിൽ ഓപ്പോ ഫൈൻഡ് എൻ6-നോട് സമാനമായ നിലവാരം കൈവരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

വില സംബന്ധിച്ച വിവരങ്ങളും പുറത്ത്

സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഗാലക്‌സി ഇസഡ് ഫോൾഡ് 8-ന്റെ 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,999 യൂറോ (ഏകദേശം 2.17 ലക്ഷം രൂപ) മുതൽ വില ആരംഭിച്ചേക്കും. 512 ജിബി, 1 ടെറാബൈറ്റ് സ്റ്റോറേജ് പതിപ്പുകൾക്ക് യഥാക്രമം 2,199 യൂറോ (ഏകദേശം 2.40 ലക്ഷം രൂപ), 2,599 യൂറോ (ഏകദേശം 2.83 ലക്ഷം രൂപ) വരെ വില പ്രതീക്ഷിക്കുന്നു. അതേസമയം ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്ര-യുടെ 256 ജിബി പതിപ്പിന് 2,199 യൂറോ (ഏകദേശം 2.40 ലക്ഷം രൂപ) മുതൽ വില ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 512 ജിബി, 1 ടെറാബൈറ്റ് പതിപ്പുകൾക്ക് യഥാക്രമം 2,399 യൂറോ (ഏകദേശം 2.60 ലക്ഷം രൂപ), 2,799 യൂറോ (ഏകദേശം 3 ലക്ഷം രൂപ) വരെ വിലയുണ്ടാകുമെന്നാണ് സൂചന.

ഗാലക്‌സി അൺപാക്ക്ഡ് വേദിയിൽ അവതരിപ്പിച്ചേക്കും

സാംസങിന്റെ വാർഷിക ഗാലക്‌സി അൺപാക്ക്ഡ് പരിപാടിയിൽ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 8, ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്ര എന്നിവയ്‌ക്കൊപ്പം ക്ലാംഷെൽ രൂപകൽപ്പനയിലുള്ള ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 8-ഉം അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാൽ ലോഞ്ച് തീയതി സംബന്ധിച്ച് സാംസങ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

വിവോയുടെ പുതിയ വൈ500 4ജി എത്തി
ക്യാമറയാണ് താരം: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്‍മാർട്ട് ഫോണുകൾ