
സോള്‍: ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്‍റെ ആദ്യ ട്രൈഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സാംസങ് ഗാലക്‌സി ട്രൈഫോള്‍ഡ് (Samsung Galaxy TriFold) എന്നാണ് ഈ നവീന ഹാന്‍ഡ്‌സെറ്റിന്‍റെ പേര്. സാംസങ് ഈ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യാ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍ (APEC) ഉച്ചകോടിയില്‍ അവതരിപ്പിച്ചു എന്നാണ് 9to5Google-ന്‍റെ റിപ്പോര്‍ട്ട്. 2025-ല്‍ തന്നെ സാംസങിന്‍റെ ഗാലക്‌സി ട്രൈഫോള്‍ഡ് പുറത്തിറങ്ങുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുറത്തുവന്നിരിക്കുന്ന ഡിസൈന്‍ വിവരങ്ങള്‍ സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണ കൊറിയയിലെ അപെക് ഉച്ചകോടിയില്‍ സാംസങ് ഗാലക്‌സി ട്രൈഫോള്‍ഡിന്‍റെ രണ്ട് യൂണിറ്റുകള്‍ സാംസങ് പ്രദര്‍ശിപ്പിച്ചതായി 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇതിലൊന്ന് പൂര്‍ണമായും തുറന്നിരിക്കുന്ന രൂപത്തിലും മറ്റൊന്ന് അടച്ചിരിക്കുന്ന രൂപത്തിലുമാണുള്ളത്. മൂന്ന് പാലനുകളും രണ്ട് മടക്കുകളുമുള്ള ഫോള്‍ഡബിള്‍ ഡിസ്‌പ്ലെ ഫോണിന്‍റെതായി പുറത്തുവന്ന ചിത്രത്തില്‍ കാണാം. പൂര്‍ണമായും തുറന്നിരിക്കുന്ന ഘട്ടത്തില്‍ ഒരു ടാബ്‌ലറ്റിന്‍റെ രൂപവും അടയ്‌ക്കുമ്പോള്‍ ഒരു സാധാരണ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വലിപ്പവുമാണ് ഇതിന്‍റെ സ്‌ക്രീനിനുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് ബ്രാന്‍ഡായ വാവെയ് പുറത്തിറക്കിയ ട്രൈഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണായ വാവെയ് മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റില്‍ നിന്ന് വ്യത്യസ്‌തമായ ഡിസൈനാണ് സാംസങിന്‍റെ ട്രിപ്പിള്‍ ഫോള്‍ഡബിളിന് കാണുന്നത്. സാംസങിന്‍റെ ട്രൈഫോള്‍ഡ് ഫോണ്‍ മോഡൽ ഇരുവശങ്ങളിൽ നിന്നും ഉള്ളിലേക്ക് മടക്കുന്ന രീതിയിലാണുള്ളത്.
ലോകത്തെ ആദ്യ ട്രൈഫോള്‍ഡ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണാണ് വാവെയ് 2024 സെപ്റ്റംബര്‍ 9-ന് അവതരിപ്പിച്ച മേറ്റ് എക്‌സ്‌ടി അള്‍ട്ടിമേറ്റ് (Huawei Mate XT Ultimate). മൂന്ന് സ്ക്രീനുകളുള്ള ഈ ഫോണ്‍ മടക്കിക്കഴിഞ്ഞാലും രണ്ട് ഫോള്‍ഡുള്ള സാംസങ് ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6-ന്‍റെ ഏതാണ്ട് അതേ കട്ടിയേ വരുന്നുള്ളൂ. ചൈനയില്‍ 9,999 യുവാനിലാണ് (2,35,109.78 ഇന്ത്യന്‍ രൂപ) വാവെയ് മേറ്റ് എക്‌സ്‌ടിയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. 50 എംപി പ്രധാന ക്യാമറ, 12 എംപി ആള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5.5x ഒപ്റ്റിക്കല്‍ സൂമോടെ 12 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെല്‍ഫി ക്യാമറ എന്നിവ മേറ്റ് എക്‌സ്‌ടിയിലുണ്ടായിരുന്നു. 5600 എംഎഎച്ചിന്‍റെ സിലികോണ്‍ കാര്‍ബണ്‍ ബാറ്ററി 66 വാട്ട്‌സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും ഫോണിനുണ്ടായിരുന്നു. സാംസങിന്‍റെ ട്രൈഫോള്‍ഡിന് എത്ര രൂപയാകും എന്ന് വ്യക്തമല്ല.