
ദില്ലി: ഇന്ത്യയിലെ മുൻനിര ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ സാംസങ് പുതിയ ഗാലക്‌സി എഫ്70 സീരീസിലെ ആദ്യ സ്‌മാർട്ട്ഫോണായ ഗാലക്‌സി എഫ്70ഇ 5ജി ഔദ്യോഗികമായി അവതരിപ്പിച്ചു. ജെൻസി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ഈ സ്‌മാർട്ട്ഫോൺ മികച്ച ക്യാമറ അനുഭവം, അൾട്രാ-സ്‍മൂത്ത് ഡിസ്പ്ലേ, പ്രീമിയം ലെതർ ഫിനിഷ് തുടങ്ങിയവ വാഗ്‍ദാനം ചെയ്യുന്നതായി കമ്പനി പറയുന്നു.
സാംസങ് ഗാലക്‌സി എഫ്70ഇ 5ജി-യിൽ 50-മെഗാപിക്‌സൽ ഹൈ-റെസല്യൂഷൻ പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. f/1.8 അപ്പർച്ചറോടുകൂടിയ ഈ ക്യാമറ, ഡേപ്‍ത് സെൻസറിന്‍റെ സഹായത്തോടെ മനോഹരമായ ബോക്കേ എഫക്ടോടെയുള്ള ഷാർപ്പായിട്ടുള്ള പോർട്രെയ്റ്റുകൾ പകർത്താൻ സഹായിക്കുന്നതായാണ് സാംസങ്ങിന്‍റെ അവകാശവാദം. നൈറ്റ് മോഡ് സവിശേഷത കുറഞ്ഞ വെളിച്ചത്തിലും തെളിഞ്ഞതും വിശദവുമായ ചിത്രങ്ങൾ ലഭ്യമാക്കുന്നു. 8എംപിയുടേതാണ് ഫ്രണ്ട് ക്യാമറ. 6.7 ഇഞ്ച് വലുപ്പമുള്ള എച്ച്‌ഡി+ ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള ഗാലക്‌സി എഫ്70ഇ 5ജി, വീഡിയോകൾ കാണുന്നതിനും ഗെയിമിംഗിനും സോഷ്യൽ മീഡിയ ഉപയോഗത്തിനും അത്യുത്തമമായ അനുഭവം നൽകും രീതിയിലാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ഹൈ ബ്രൈറ്റ്‌നസ് മോഡ് (HBM) പുറത്തുള്ള വെളിച്ചത്തിലും വ്യക്തമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്നു.
പ്രീമിയം ലെതർ പാറ്റേൺ ഫിനിഷില്‍ 8.2 എംഎം മാത്രം കട്ടിയുള്ള സ്ലിം ഡിസൈനിലാണ് ഗാലക്‌സി എഫ്70ഇ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐപി54 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് ദൈനംദിന ഉപയോഗത്തിന് കൂടുതൽ സുരക്ഷ നൽകുന്നു. ലൈംലൈറ്റ് ഗ്രീൻ, സ്‍പോട്ട് ലൈറ്റ് ബ്ലു എന്നീ നിറങ്ങളിലാണ് ഈ സ്‍മാർട്ട് ഫോൺ ലഭ്യമാകുന്നത്. 6000 എംഎഎച്ച് ശേഷിയുള്ള വൻ ബാറ്ററി, രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുന്ന ഉപയോഗം ഉറപ്പാക്കുന്നു. 25 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ സ്‍മാർട്ട് ഫോണിനുണ്ട്. മീഡിയടെക്ക് ഡൈമൻസിറ്റി 6300 പ്രോസസർ ഉപയോഗിച്ചിരിക്കുന്ന ഗാലക്‌സി എഫ്70ഇ 5ജി, മികച്ച പ്രകടനവും മൾട്ടിടാസ്‌കിംഗും നൽകുന്നു.
വൺ യുഐ 8-ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും സുരക്ഷാ അപ്‌ഡേറ്റും ലഭിക്കും. സാംസങ് നോക്സ് വൌൾട്ട് സുരക്ഷാ സംവിധാനം EAL5+ സർട്ടിഫിക്കേഷനോടെയാണ് എത്തുന്നത്. ഗാലക്‌സി എഫ്70ഇ 5ജി ഫെബ്രുവരി 17 മുതൽ സാംസങ് ഡോട്ട് കോം, ഫ്ലിപ്‍കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. 4 ജിബി+128 ജിബി വേരിയന്‍റിന് 12,499 രൂപ മുതൽ വില ആരംഭിക്കുന്നു. 6 ജിബി+128 ജിബി വേരിയന്‍റിന് 13,999 രൂപയാണ് വില. പരിമിതമായ കാലയളവിലേക്ക് ഉപഭോക്താക്കൾക്ക് 500 രൂപയുടെ പ്രത്യേക ലോഞ്ച് ഓഫറും ലഭിക്കും.