
ശനിയുടെ ദക്ഷിണ ധ്രുവത്തിന് ചുറ്റും ഭീമാകാരമായ 10 വശങ്ങളുള്ള മേഘരൂപം രൂപപ്പെട്ടതായി കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. ശനിയുടെ അന്തരീക്ഷത്തിൽ അടുത്തിടെ രൂപപ്പെട്ട ഈ വിചിത്ര ഘടനയെ ‘ഡെക്കഗൺ’ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ദശഭുജാകൃതിയിലുള്ള ഈ മേഘരൂപം ശനിയുടെ ഉത്തര ധ്രുവത്തിൽ പതിറ്റാണ്ടുകളായി കാണപ്പെടുന്ന കൂറ്റൻ ഷഡ്ഭുജ മേഘരൂപത്തേക്കാൾ വലുതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ശനിയുടെ ഉത്തര ധ്രുവത്തിലെ വിചിത്രമായ ഷഡ്ഭുജ മേഘരൂപം ആദ്യമായി കണ്ടെത്തിയത് 1988ലാണ്. 1980, 1981 വർഷങ്ങളിൽ നാസയുടെ വോയേജർ പേടകങ്ങൾ ശനിയെ സമീപിച്ച് പകർത്തിയ വിവരങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ശാസ്ത്രജ്ഞർ ഈ ഘടന കണ്ടെത്തിയത്. ഏകദേശം 20,000 മൈൽ അഥവാ 32,000 കിലോമീറ്റർ വീതിയുള്ളതാണ് ഈ ഷഡ്ഭുജം.
പുതുതായി കണ്ടെത്തിയ ഡെക്കഗണിന്റെ വീതി ഏകദേശം 104,250 മൈൽ അഥവാ 167,820 കിലോമീറ്ററാണ്. ഇതിന്റെ ഓരോ വശത്തിനും ഏകദേശം 10,425 മൈൽ അഥവാ 16,782 കിലോമീറ്റർ നീളമുണ്ട്. സ്പെയിനിലെ ബിൽബാവോയിലെ ബാസ്ക് കൺട്രി സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞൻ അഗസ്റ്റിൻ സാഞ്ചസ്-ലവേഗയുടെ നേതൃത്വത്തിലായിരുന്നു പഠനം. പഠനത്തിന്റെ വിശദാംശങ്ങൾ ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചു.
ശനിയുടെ അന്തരീക്ഷത്തിലെ ഈ അപൂർവ പ്രതിഭാസം കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ചുള്ള പൊതുവായ ധാരണ വികസിപ്പിക്കാൻ സഹായിക്കുമെന്ന് സാഞ്ചസ്-ലവേഗ പറഞ്ഞു. ഉത്തര ധ്രുവത്തിലെ ഷഡ്ഭുജം സമാനതകളില്ലാത്ത ഒറ്റപ്പെട്ട പ്രതിഭാസമാണെന്ന മുൻ ധാരണയും പുതിയ കണ്ടെത്തൽ മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി പകർത്തിയ ശനിയുടെ പുതിയ ചിത്രങ്ങളാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. ശനിയുടെ ഭ്രമണ അച്ചുതണ്ടിന്റെ ചെരിവ് കാരണം 2012 മുതൽ 2023 വരെ ഭൂമിയിൽ നിന്ന് ഗ്രഹത്തിന്റെ ദക്ഷിണാർധഗോളം വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല.
2023ൽ ഹബിൾ പകർത്തിയ ചിത്രങ്ങളിലാണ് ശാസ്ത്രജ്ഞർ ആദ്യമായി ഡെക്കഗൺ കണ്ടെത്തിയത്. ശനിയുടെ ഉത്തര ധ്രുവത്തിലെ ഷഡ്ഭുജം കണ്ടെത്തിയതിന് ശേഷം ദക്ഷിണ ധ്രുവത്തിലും സമാനമായ ബഹുഭുജാകൃതിയിലുള്ള ഘടനയുണ്ടോ എന്ന് പരിശോധിച്ചിരുന്നെങ്കിലും മുമ്പത്തെ ചിത്രങ്ങളിലൊന്നിലും ഇതിന്റെ സൂചന ലഭിച്ചിരുന്നില്ലെന്ന് സാഞ്ചസ്-ലവേഗ പറഞ്ഞു.
ഡെക്കഗൺ ശനിയെ ചുറ്റി വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്. ഏകദേശം 800 ദിവസം കൊണ്ടാണ് ഈ മേഘഘടന ശനിയെ ചുറ്റിയുള്ള ഒരു പൂർണ ഭ്രമണം പൂർത്തിയാക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഉത്തര ധ്രുവത്തിലെ ഷഡ്ഭുജം രൂപപ്പെടുന്നത് ശനിയുടെ അന്തരീക്ഷത്തിലെ കിഴക്കോട്ടുള്ള ശക്തമായ കാറ്റിന്റെ പ്രവാഹം മൂലമാണെന്നാണ് മുൻ പഠനങ്ങൾ സൂചിപ്പിച്ചിരുന്നത്. വളഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്ന ഈ കാറ്റിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ അതിനെ ഷഡ്ഭുജ രൂപത്തിലേക്ക് മാറ്റുന്നതായാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ആഴം കുറഞ്ഞ ജലത്തിലെ പ്രവാഹങ്ങളെ അനുകരിച്ചുള്ള കംപ്യൂട്ടർ പരീക്ഷണങ്ങളിലൂടെ ഡെക്കഗണിന്റെ രൂപീകരണവും ഗവേഷകർ പരിശോധിച്ചു. വളഞ്ഞ അന്തരീക്ഷ പ്രവാഹത്തിനുള്ളിൽ കുടുങ്ങിയ തരംഗം ക്രമേണ വളഞ്ഞുപുളഞ്ഞാണ് 10 വശങ്ങളുള്ള രൂപത്തിലേക്ക് മാറിയതെന്നാണ് പഠനത്തിലെ നിഗമനം. എന്നാൽ ഉത്തര ധ്രുവത്തിലെ ഷഡ്ഭുജത്തിൽ നിന്ന് വ്യത്യസ്തമായി ഡെക്കഗണിന്റെ വിവിധ ഭാഗങ്ങളിൽ പ്രകാശവും ഇരുണ്ട നിറവും മാറിമാറി കാണപ്പെടുന്നു. ഘടന ഇപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
അടുത്ത വർഷങ്ങളിൽ ഡെക്കഗൺ കൂടുതൽ അസ്ഥിരമായി തകർന്നുപോകുമോ, അതോ കൂടുതൽ സ്ഥിരതയുള്ള ഘടനയായി മാറുമോ എന്നതാണ് ഗവേഷകരുടെ പ്രധാന ചോദ്യങ്ങളിലൊന്ന്. 2032ൽ ശനിയുടെ ദക്ഷിണ അക്ഷാംശമായ ഏകദേശം 60 ഡിഗ്രിയിൽ സൗരവികിരണം പരമാവധി ഉയരുന്നതിനാൽ ഇതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമോയെന്നും ശാസ്ത്രജ്ഞർ പരിശോധിക്കും.
ഡെക്കഗണിലെ മേഘങ്ങൾ, മൂടൽമഞ്ഞ്, കാറ്റ്, താപനില എന്നിവയുടെ ത്രിമാന ഘടന കൂടുതൽ വിശദമായി മനസ്സിലാക്കാനും ഗവേഷകർ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ ഈ അപൂർവ അന്തരീക്ഷ പ്രതിഭാസം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് കൂടുതൽ കൃത്യമായ മാതൃകകൾ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.