
വർഷങ്ങളായി ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വിപണിയിൽ നിന്നും വിട്ടുനിന്ന ആപ്പിൾ ഒടുവിൽ സ്വന്തം മടക്കാവുന്ന ഐഫോണുമായി എത്തുന്നതായി റിപ്പോർട്ട്. ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഐഫോൺ സെപ്റ്റംബർ 9ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതേ ചടങ്ങിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയും കമ്പനി അവതരിപ്പിക്കും. ആപ്പിളിന്‍റെ ഐഫോൺ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നായി ഇത് മാറിയേക്കും. എന്നാൽ ഫോൾഡബിൾ ഐഫോൺ വിപണിയിലെത്തുന്ന തീയതിയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഐഫോൺ 18 പ്രോ സീരീസിനൊപ്പം വിൽപ്പന ആരംഭിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുമ്പോൾ നിർമാണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കാരണം വിൽപ്പന ഒക്ടോബറിലേക്ക് നീളാനും സാധ്യതയുണ്ട്. ഫോണിന്റെ ഔദ്യോഗിക പേരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘ഐഫോൺ അൾട്രാ’ എന്ന പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിലവിലുള്ള ഐഫോണിന്റെ വലുപ്പം കൂട്ടുന്ന രീതിയിൽ അല്ല ആപ്പിൾ ഫോൾഡബിൾ ഫോൺ രൂപകൽപ്പന ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെറിയ ടാബ്ലെറ്റിന് സമാനമായി ഉപയോഗിക്കാവുന്ന ഉപകരണമായിരിക്കും ഇതെന്നാണ് സൂചന. പുസ്തകം തുറക്കുന്നതുപോലെ മടക്കിവയ്ക്കാവുന്ന രൂപകൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. മടക്കിയിരിക്കുമ്പോൾ ഏകദേശം 5.5 ഇഞ്ച് ഡിസ്പ്ലേയും പൂർണമായി തുറക്കുമ്പോൾ 7.8 ഇഞ്ച് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയും ലഭിച്ചേക്കും. 4:3 അനുപാതത്തിലുള്ള ആന്തരിക സ്ക്രീൻ പല എതിരാളി ഫോൾഡബിൾ ഫോണുകളിലേതിനേക്കാളും വീതിയുള്ളതായിരിക്കും. വ്യത്യസ്ത സ്ക്രീൻ വലുപ്പങ്ങളും ഓറിയന്റേഷനുകളും കൈകാര്യം ചെയ്യുന്നതിനായി ഐ.ഒ.എസ് 27ൽ ആപ്പിൾ പ്രത്യേക മാറ്റങ്ങൾ വരുത്തിയേക്കും.
ഫോൺ പൂർണമായി തുറക്കുമ്പോൾ ഏകദേശം 4.5 മില്ലിമീറ്റർ മാത്രമായിരിക്കും കനമെന്നും ചില ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ഭാരം നിയന്ത്രിച്ചുകൊണ്ട് കരുത്ത് ഉറപ്പാക്കുന്നതിനായി ടൈറ്റാനിയവും അലുമിനിയവും ചേർന്ന ഫ്രെയിം ഉപയോഗിച്ചേക്കും.
ഫോൾഡബിൾ ഫോണുകളിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ സ്ക്രീനിലെ മടക്കപ്പാട് കുറയ്ക്കുന്നതിലും ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ. അൾട്രാ-തിൻ ഗ്ലാസും പ്രത്യേകമായി വികസിപ്പിച്ച ഡിസ്പ്ലേ സംവിധാനവും ഉപയോഗിച്ച് മടക്കരേഖ ശ്രദ്ധയിൽപ്പെടാത്ത തരത്തിൽ രൂപകൽപ്പന ചെയ്യാനാണ് ശ്രമം. ദൃഢത വർധിപ്പിക്കുന്നതിനും സ്ക്രീൻ മടക്കുന്ന രീതി നിയന്ത്രിക്കുന്നതിനുമായി ലിക്വിഡ് മെറ്റൽ ഹിഞ്ചും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഐഫോൺ 18 പ്രോ മോഡലുകളിലെ പൂർണ ക്യാമറ സംവിധാനത്തിന് പകരം രണ്ട് 48 മെഗാപിക്സൽ പിൻ ക്യാമറകളായിരിക്കും ഫോൾഡബിളിൽ ലഭിക്കുകയെന്നാണ് റിപ്പോർട്ട്. പ്രധാന ക്യാമറയ്ക്കൊപ്പം അൾട്രാ വൈഡ് ക്യാമറയാകും ഉണ്ടാകുക. സ്ഥലപരിമിതി കാരണം ടെലിഫോട്ടോ ക്യാമറ ഒഴിവാക്കിയേക്കും. ഫേസ് ഐഡിയിലും മാറ്റമുണ്ടാകാം. ട്രൂഡെപ്ത് സംവിധാനത്തിന് ആവശ്യമായ ഹാർഡ്‌വെയർ ഫോണിനുള്ളിൽ കൂടുതൽ സ്ഥലം ആവശ്യപ്പെടുന്നതിനാൽ അത് ഒഴിവാക്കി പവർ ബട്ടണിൽ സംയോജിപ്പിച്ച ടച്ച് ഐഡി നൽകാൻ ആപ്പിൾ ആലോചിക്കുന്നതായാണ് സൂചന. രണ്ട് ഡിസ്പ്ലേകൾക്കും പ്രത്യേക ഫ്രണ്ട് ക്യാമറകൾ നൽകാനും സാധ്യതയുണ്ട്. ആന്തരിക സ്ക്രീനിനായി ഡിസ്പ്ലേയ്ക്ക് അടിയിലുള്ള ക്യാമറയും പരിഗണിക്കുന്നതായി ചില റിപ്പോർട്ടുകളുണ്ട്.
പെർഫോമൻസിന്‍റെ കാര്യത്തിൽ ഫോൾഡബിൾ ഐഫോൺ പിന്നിലാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ടി.എസ്.എം.സി.യുടെ 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന എ20 ചിപ്പ് ഫോണിന് കരുത്തേകുമെന്നാണ് റിപ്പോർട്ടുകൾ. 12 ജിബി റാമും ലഭിച്ചേക്കും. മടക്കാനുള്ള സംവിധാനത്തിന്റെ ഇരുവശത്തുമായി ബാറ്ററി സെല്ലുകൾ ഉൾപ്പെടുന്ന ഡ്യുവൽ ബാറ്ററി സംവിധാനവും പ്രതീക്ഷിക്കുന്നുണ്ട്. കണക്റ്റിവിറ്റിക്കായി ആപ്പിളിന്റെ പുതിയ സി2 മോഡം ഉപയോഗിച്ചേക്കും. ഇ-സിം മാത്രമുള്ള ഡിസൈൻ തുടരാനും സാധ്യതയുണ്ട്.
ഫോണിന്റെ വിലയായിരിക്കും ഏറ്റവും വലിയ തിരിച്ചടി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ ഫോൾഡിന്റെ വില 2,000 ഡോളറിന് മുകളിലായിരിക്കും. അങ്ങനെയെങ്കിൽ ആപ്പിളിന്റെ സാധാരണ ഐഫോൺ മോഡലുകളേക്കാൾ ഏറെ വിലയേറിയ ഫോണായി ഇത് മാറും. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഐഫോണായും ഇത് മാറാൻ സാധ്യതയുണ്ട്. ഉയർന്ന വില കാരണം ആദ്യ ഫോൾഡബിൾ ഐഫോൺ ഒരു പരിമിത വിപണിയുള്ള പ്രീമിയം ഉൽപ്പന്നമായി മാറാനും സാധ്യതയുണ്ട്.
എന്നാൽ ടാബ്ലെറ്റിന് സമാനമായ വലിയ സ്ക്രീൻ, വളരെ നേർത്ത ബോഡി, ശ്രദ്ധയിൽപ്പെടാത്ത മടക്കപ്പാട് എന്നിവ ഒരുമിച്ച് നൽകാൻ ആപ്പിളിന് കഴിഞ്ഞാൽ, വർഷങ്ങളായി കാത്തിരിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനിക്ക് സാധിച്ചേക്കും. സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിൾ ഇവന്റോടെ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോർട്ടുകളിൽ എത്രത്തോളം യാഥാർഥ്യമുണ്ടെന്ന് വ്യക്തമാകും.