വിവോയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 500 ഉടൻ

Published : Aug 28, 2026, 01:33 PM IST
Vivo X500 Pro specifications

Synopsis

വിവോയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 500 ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. പരസ്യ ചിത്രീകരണത്തിനിടെ ഗായകൻ ജെയ് ചൗവിൻ്റെ കയ്യിൽ ഈ സീരീസിലെ പ്രോ മോഡൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഫോണിൻ്റെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി, 200MP ക്യാമറ, 90W ചാർജിങ് തുടങ്ങിയ സവിശേഷതകൾ ലേഖനത്തിൽ പ്രതിപാദിക്കുന്നു.

വിവോയുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസായ എക്സ് 500 ഉടൻ ചൈനയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോഞ്ചിന് മുന്നോടിയായി സീരീസിലെ പ്രോ മോഡലുകളിലൊന്ന് പരസ്യ ചിത്രീകരണത്തിനിടെ പ്രത്യക്ഷപ്പെട്ടതായാണ് പുതിയ റിപ്പോർട്ട്.

പരസ്യ ചിത്രീകരണത്തിനിടെ വിവോ ഫോൺ

തായ്‌വാനീസ് ഗായകനും നടനുമായ ജെയ് ചൗ മെൽബണിൽ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വിവോ എക്സ് 500 പ്രോ സീരീസിലെന്ന് കരുതപ്പെടുന്ന ഫോൺ കൈയിൽ കണ്ടത്. വെയ്‌ബോ ഉപയോക്താവായ വാങ് ടെങ്‌സിയാവോയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഫോൺ വിവോ എക്സ് 500 പ്രോ സീരീസിൽപ്പെട്ടതാണെന്ന് വിവോയും ജെയ് ചൗവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പുറത്തുവന്ന ചിത്രം വിവോയുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് നിരയിലേക്കാണ് സൂചന നൽകുന്നത്. ജെയ് ചൗ മുമ്പ് 2026ലെ ചൈനയിലെ കാർണിവൽ വേൾഡ് ടൂറിനിടെ വിവോ എക്സ് 300 അൾട്രയുടെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിച്ചിരുന്നു.

സെപ്റ്റംബറിൽ ചൈനയിലെത്തുമോ?

വിവോ ഇതുവരെ എക്സ് 500 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സെപ്റ്റംബറിൽ ചൈനയിൽ പുതിയ സീരീസ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിവോ എക്സ് 500, എക്സ് 500 പ്രോ, എക്സ് 500 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകളാണ് സീരീസിൽ പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ എക്സ് 500ഇ എന്ന നാലാമത്തെ മോഡലും വികസിപ്പിക്കുന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഈ നാല് ഫോണുകളും ഒരേസമയം അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

90 വാട്ട് ഫാസ്റ്റ് ചാർജിങ്

വിവോ എക്സ് 500 പ്രോ മാക്സ് ചൈനയുടെ 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വി2602ഡിഎ എന്ന മോഡൽ നമ്പറിലാണ് ഫോൺ ലിസ്റ്റ് ചെയ്തിരുന്നത്. ലിസ്റ്റിങ് പ്രകാരം 90 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 5ജി കണക്റ്റിവിറ്റിയും ഫോണിൽ ലഭിക്കും.

144 ഹെർട്സ് ഡിസ്പ്ലേ

എക്സ് 500 പ്രോ മാക്സിൽ 6.85 ഇഞ്ച് എൽഐപിഒ ഫ്ലാറ്റ് ഡിസ്പ്ലേ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. 2കെ റെസല്യൂഷനും 144 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേയുടെ പ്രധാന സവിശേഷതകളായേക്കും.

8,000 എംഎഎച്ച് ബാറ്ററി

8,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ നൽകുകയെന്നാണ് അഭ്യൂഹം. മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ ചിപ്സെറ്റായിരിക്കും എക്സ് 500 പ്രോ മാക്സിന് കരുത്തേകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

200 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ

ക്യാമറ വിഭാഗത്തിലും വൻ അപ്ഗ്രേഡാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സൽ സോണി എൽവൈടി-838 പ്രധാന ക്യാമറ, 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഫോണിൽ ലഭിച്ചേക്കും. അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും എക്സ് 500 പ്രോ മാക്സിൽ നൽകിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിവോ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ എക്സ് 500 സീരീസുമായി ബന്ധപ്പെട്ട ലോഞ്ച് തീയതിയും സവിശേഷതകളും അഭ്യൂഹങ്ങളായി മാത്രം കണക്കാക്കേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

10000mAh ബാറ്ററിയുമായി പോക്കോ എക്സ് 8 പവർ എത്തുന്നു?
ലാവ വിരാട് വി1 പ്രോ 5ജി: ബജറ്റിലെ പുതിയ 5ജി വിസ്‍മയം?