
അടുത്തിടെ പുറത്തിറങ്ങിയ ഏതെങ്കിലും ഐഫോൺ നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഒരു കോൾ ചെയ്യുമ്പോഴോ ഒരു ആപ്പ് ഉപയോഗിക്കുമ്പോഴോ സ്‌ക്രീനിന്‍റെ മുകളിലുള്ള ഡൈനാമിക് ഐലൻഡിന് സമീപം പച്ചയോ ഓറഞ്ചോ ഡോട്ടുകൾ മിന്നുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ ലൈറ്റ് എന്തുകൊണ്ടാണ് ദൃശ്യമാകുന്നതെന്ന് പല പുതിയ ഉപയോക്താക്കളും ആശയക്കുഴപ്പത്തിലായിരിക്കും. ഐഫോണിലെ ഈ ഡോട്ടുകൾ ഒരു തകരാറാണോ എന്നു പോലും പലരും ചിന്തിച്ചേക്കാം. നിങ്ങൾ ഒരു ഐഫോൺ ഉപയോക്താവാണെങ്കിൽ ഈ ഡോട്ടുകൾ ദൃശ്യമാകാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ഇതാ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ.
നിങ്ങളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടിയുള്ള ഐഫോണിലെ ഒരു പ്രത്യേക ഫീച്ചറാണ് ഡോട്ട് ലൈറ്റുകൾ. നിങ്ങളുടെ ഐഫോണിന്‍റെ ക്യാമറ ഉപയോഗിക്കുമ്പോഴെല്ലാം, അത് വീഡിയോ കോളായാലും ക്യാമറ ആപ്പായാലും ക്യാമറ ആക്‌സസ് ചെയ്യുന്ന മറ്റേതെങ്കിലും ആപ്പായാലും പച്ച ഡോട്ട് പ്രകാശിക്കുന്നു. ഓറഞ്ച് ഡോട്ട് നിങ്ങളുടെ മൈക്രോഫോൺ ആക്‌ടീവാണെന്നും ഒരു ആപ്പ് നിങ്ങളുടെ ശബ്‌ദം റെക്കോർഡ് ചെയ്യുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. ഒരു ആപ്പ് രഹസ്യമായി ക്യാമറയിലേക്കോ മൈക്രോഫോണിലേക്കോ ആക്‌സസ് ചെയ്യുന്നുണ്ടോ എന്ന് ഉപയോക്താക്കൾക്ക് വേഗത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ഡോട്ടുകൾ നൽകിരിക്കുന്നത്. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള മാൽവെയറോ സംശയാസ്‌പദമായ ആപ്പുകളോ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു.
നിങ്ങൾ ക്യാമറയോ മൈക്കോ ഉപയോഗിക്കുന്നില്ലെങ്കിലും പച്ചയോ ഓറഞ്ചോ നിറത്തിലുള്ള ഒരു ഡോട്ട് കാണുന്നുണ്ടെങ്കിൽ, കൺട്രോൾ സെന്‍റർ തുറക്കുക. ഏതൊക്കെ ആപ്പുകളാണ് ഈ സവിശേഷതകൾ ആക്‌സസ് ചെയ്യുന്നതെന്ന് ഇത് വ്യക്തമായി കാണിക്കും. ഒരു ആപ്പിനെക്കുറിച്ച് സംശയാസ്‌പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ അത് അടയ്ക്കുക അല്ലെങ്കിൽ അനുമതികൾ ഓഫാക്കുക.
നിങ്ങളുടെ ഐഫോണിലെ ഈ പച്ച, ഓറഞ്ച് ഡോട്ട് ലൈറ്റുകൾ ഓഫ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കില്ല. ഈ ചെറിയ ഡോട്ടുകൾ നിങ്ങളുടെ സ്വകാര്യതയെ ശക്തിപ്പെടുത്തുകയും അനാവശ്യ പ്രവർത്തനങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഐഫോണിലെ കറുത്ത പശ്ചാത്തലം ഈ സൂചകങ്ങളെ കൂടുതൽ ദൃശ്യമാക്കുകയും ശ്രദ്ധിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. ഐഒഎസ് 14-ൽ ആപ്പിൾ ആദ്യമായി ഈ അലേർട്ടുകൾ അവതരിപ്പിച്ചു. എന്നാൽ ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റ് അവയെ ഡൈനാമിക് ഐലൻഡിലേക്ക് മാറ്റി. ഇത് കൂടുതൽ വൃത്തിയുള്ള രൂപം നൽകുന്നു.