വർഷാരംഭത്തില്‍ ചാകര പോലെ സ്‍മാർട്ട്ഫോൺ ലോഞ്ചുകള്‍; അതിനൊരു കാരണമുണ്ട്!

Published : Mar 03, 2026, 01:30 PM IST
Galaxy-S26-Series

Synopsis

ഓരോ പുതുവർഷത്തിലും ജനുവരി മുതൽ മാർച്ച് വരെ സ്മാർട്ട്ഫോൺ ലോഞ്ചുകൾ വർധിക്കുന്നത് എന്തുകൊണ്ടെന്ന് ലേഖനം വിശദീകരിക്കുന്നു. ഉപഭോക്തൃ പ്രവണതകൾ, സാമ്പത്തിക സാഹചര്യങ്ങൾ, ബ്രാൻഡുകളുടെ ആസൂത്രിതമായ വിപണന തന്ത്രങ്ങൾ എന്നിവ ഈ വില്‍പന തന്ത്രത്തിന് കാരണമാണ്. 

ഓരോ പുതുവർഷത്തിലും സ്‍മാർട്ട്‌ഫോൺ വിപണി ആവേശഭരിതമായി മാറുന്നതായി കാണാം. പുതിയൊരു വർഷം പിറന്നാൽ ആദ്യ മാസങ്ങളിൽ സ്‍മാർട്ട്ഫോൺ ലോഞ്ചുകളുടെ പെരുമഴ ആയിരിക്കും നടക്കുക. ജനുവരി മുതൽ മാർച്ച് വരെ അൺബോക്സിംഗ് വീഡിയോകളും ക്യാമറ താരതമ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നത് പതിവാണ്. ഈ വർഷവും അതേ പ്രവണത തുടരുന്നു. ഫെബ്രുവരി അവസാനം നടന്ന ഗാലക്‌സി അൺപാക്ക്ഡ് പരിപാടിയിൽ സാംസങ് ഗാലക്‌സി എസ്26 അൾട്ര, ഗാലക്‌സി എസ്26, S26+ മോഡലുകൾ അവതരിപ്പിച്ചു. മാർച്ച് മാസത്തോടെ വിപണിയിൽ ലഭ്യതയും ആരംഭിച്ചു. 

അതേസമയം ഷവോമി 17, ഷവോമി 17 അൾട്ര മോഡലുകൾ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിളാവട്ടേ ഐഫോണ്‍ 17ഇ പുറത്തിറക്കി. ഇന്ത്യയിൽ വിവോ വി70, വി70 എലൈറ്റ് മോഡലുകൾ പുറത്തിറക്കി. സീസുമായി സഹകരിച്ച ക്യാമറ സംവിധാനവും ദീർഘകാല ബാറ്ററി ശേഷിയും ഈ സ്‍മാർട്ട്ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ ആയിരുന്നു. ഗെയിമിംഗ് പ്രേമികൾക്കായി പെർഫോമൻസിനെ മുൻനിർത്തി ഐക്യു 15ആർ എത്തി.

സ്മാർട്ട്ഫോണ്‍ ലോഞ്ചുകള്‍ക്കുള്ള സമയം തെരഞ്ഞെടുക്കുന്നതിന്‍റെ തന്ത്രം 

മിഡ്-റേഞ്ച് വിഭാഗത്തിനും പുതുവർഷങ്ങളിലെ ആദ്യ പാദം പ്രത്യേക പ്രസക്തിയുള്ളതാണ്. പരീക്ഷാ കാലയളവിനോടനുബന്ധിച്ചുള്ള വാങ്ങലുകളും കോളേജ് അഡ്‍മിഷനുകളും പുതിയ സാമ്പത്തിക വർഷത്തിലെ ശമ്പള പരിഷ്‌കരണങ്ങളും ഈ കാലയളവിൽ നടക്കുന്നത് സ്‍മാർട്ട്ഫോണുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നു. പുതുവർഷ ബോണസുകളും ഉത്സവങ്ങളെ തുടർന്നുള്ള ചെലവിടൽ മനോഭാവവും ഉപഭോക്താക്കൾക്ക് പുതിയ ഡിവൈസുകൾ വാങ്ങാൻ പ്രേരണയാകുന്നു. ഈ ലോഞ്ച് സമയക്രമം യാദൃശ്ചികമല്ല എന്നാണ് മൊബൈല്‍ വിപണി വിദഗ്ധർ പറയുന്നത്. ഉപഭോക്തൃ പ്രവണതയും ഉൽപ്പന്ന ജീവിതചക്രവും കൃത്യമായി പഠിച്ചാണ് ബ്രാൻഡുകൾ ലോഞ്ച് തീരുമാനങ്ങൾ എടുക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച വാർഷിക റിലീസ് ചക്രങ്ങൾ ഉപഭോക്താക്കളിൽ പ്രതീക്ഷയും ആവേശവും സൃഷ്‍ടിക്കുന്നു. ഓരോ ലോഞ്ചും ഒരു സാധാരണ വിൽപ്പനയായി മാറാതെ വാർഷിക ആഘോഷമായി മാറുന്നു.

സാംസങ് ഈ വർഷം 72 മണിക്കൂർ ‘എൻഗേജ്മെന്റ് സൈക്കിൾ’ എന്ന ആശയം അവതരിപ്പിച്ചു. ആദ്യ 24 മണിക്കൂറിൽ ടെക് റിവ്യൂവേഴ്സ് ഫോണിനെ പരിശോധിച്ചു. അടുത്ത ഘട്ടത്തിൽ ലൈഫ്‌സ്റ്റൈൽ ഇൻഫ്ലുവൻസർമാർ ക്യാമറയും എഐ സവിശേഷതകളും അവതരിപ്പിച്ചു. അവസാനഘട്ടത്തിൽ ഗെയിമിംഗ് ടൂർണമെന്റുകൾ സംഘടിപ്പിച്ച് പെർഫോമൻസ് പരീക്ഷണം നടത്തി. ഡിജിറ്റൽ പ്രചാരണത്തോടൊപ്പം ഔട്ട്‌ഡോർ പരസ്യങ്ങളും ചേർത്ത് ഹൈബ്രിഡ് മാർക്കറ്റിംഗ് മാതൃക സ്വീകരിച്ചു.

ആഗോളതലത്തിലും ഈ ലോഞ്ച് സമയക്രമം നിർണായകമാണ്. ആപ്പിൾ സാധാരണയായി സെപ്റ്റംബർ മാസത്തിലാണ് പുതിയ ഐഫോൺ അവതരിപ്പിക്കുന്നത്. അവധിക്കാല വിൽപ്പന ലക്ഷ്യമിട്ടുള്ള ഈ നീക്കം വാർഷിക വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നു. കൗണ്ടർപോയിന്‍റ് റിസർച്ച് റിപ്പോർട്ടുകൾ പ്രകാരം 2025ൽ ആഗോള സ്‍മാർട്ട്‌ഫോൺ കയറ്റുമതി ഏകദേശം രണ്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ ചിപ്പ് ക്ഷാമവും ഘടകച്ചെലവുകളുടെ വർധനയും 2026ൽ വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ പരസ്യച്ചെലവിന്‍റെ വലിയൊരു വിഹിതം ഡിജിറ്റലിലേക്ക് ഒഴുകുന്നു. മൊബൈൽ പ്ലാറ്റ്‌ഫോമുകൾക്ക് തന്നെ ഡിജിറ്റൽ പരസ്യ ചെലവിന്‍റെ ഭൂരിഭാഗവും ലഭിക്കുന്നു. അതിനാൽ സ്‍മാർട്ട്‌ഫോൺ ലോഞ്ചുകൾ ഇനി സാധാരണ ഹാർഡ്‌വെയർ പ്രഖ്യാപനങ്ങൾ മാത്രമല്ല പരമാവധി ശ്രദ്ധയും വിപണി വിഹിതവും നേടാനുള്ള നൂതന പരസ്യ തന്ത്രങ്ങളായിരിക്കും എന്നും വിശകലന വിദഗ്ധർ പറയുന്നു.

എന്തായാലും ജനുവരി മുതൽ മാർച്ച് വരെയുള്ള ലോഞ്ചുകളുടെ തിരക്ക് യാദൃശ്ചികമല്ല. ഉപഭോക്തൃ മനോഭാവം, മീഡിയ സാമ്പത്തികശാസ്ത്രം, ബ്രാൻഡ് പ്രതീക്ഷ എന്നിവ തമ്മിലുള്ള കൃത്യമായ ഏകോപനത്തിന്‍റെ ഫലമാണ് അത്.

PREV
Read more Articles on
click me!

Recommended Stories

ഏറ്റവും കുറഞ്ഞ വിലയുള്ള ഐഫോൺ 17ഇ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചു; എ19 ചിപ്പ്, 48എംപി ഫ്യൂഷൻ ക്യാമറ, മാഗ്സേഫ് ചാർജിംഗ്
ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ആരും പ്രതീക്ഷിക്കാത്ത വിലക്കുറവ്