
ബെയ്‌ജിങ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി അവരുടെ ഏറ്റവും പുതിയ ഷവോമി 15 അള്‍ട്ര ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 27ന് പുറത്തിറക്കും. ചൈനയിലാണ് ആദ്യം ഫോണിന്‍റെ ലോഞ്ച് നടക്കുക. ഇതിന് മുന്നോടിയായി ഷവോമി 15 അള്‍ട്രയുടെ ഡിസൈന്‍ ചൈനയില്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ഷവോമി 15 അള്‍ട്ര സ്മാര്‍ട്ട്ഫോണിനൊപ്പം കമ്പനിയുടെ എസ്‌യു7 അള്‍ട്ര ഇലക്ട്രിക് കാറും അന്നേദിനം ചൈനയില്‍ പുറത്തിറക്കും.
ഷവോമി 15 അള്‍ട്ര ഫെബ്രുവരി 27ന് ചൈനീസ് പ്രാദേശിക സമയം രാത്രി ഏഴ് മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 4.30) കമ്പനി ഔദ്യോഗികമായി പുറത്തിറക്കും. ഇതിനൊപ്പം ഷവോമിയുടെ എസ്‌യു7 അള്‍ട്ര ഇവി, റെഡ്‌മിബുക്ക് 16 പ്രോ 2025, ഷവോമി ബഡ്‌സ് 5 പ്രോ ഇയര്‍ബഡ്‌സ് എന്നിവയും സമാന പരിപാടിയില്‍ ഷവോമി അവതരിപ്പിക്കും. ഷവോമി അവരുടെ ചൈനീസ് വെബ്‌സൈറ്റിലൂടെയും വൈബോ അക്കൗണ്ടിലൂടെയും ഷവോമി 15 അള്‍ട്രയുടെ ഡിസൈന്‍ പുറത്തുവിട്ടു എന്നാണ് ഗാഡ്‌ജറ്റ് 360യുടെ റിപ്പോര്‍ട്ട്. എംഐ മാളിലൂടെ ഷവോമി 15 അള്‍ട്രയുടെ പ്രീ-ഓര്‍ഡര്‍ ചൈനയില്‍ ഷവോമി സ്വീകരിച്ചുതുടങ്ങി. ഡുവല്‍-ടോണ്‍ ഫിനിഷിലാണ് ഫോണ്‍ എത്തുന്നത് എന്നാണ് റെന്‍ഡറുകള്‍ നല്‍കുന്ന സൂചന. ഷവോമിയുടെ മുന്‍ അൾട്രാ സീരീസ് ഫ്ലാഗ്ഷിപ്പുകളുടെ ക്യാമറ മൊഡ്യൂളുകളോട് സാമ്യമുള്ള വൃത്താകൃതിയിലുള്ള പിൻ ക്യാമറ യൂണിറ്റും റെന്‍ഡറുകളില്‍ വ്യക്തം. മൂന്ന് സെന്‍സറുകളും ഒരു എല്‍ഇഡി ഫ്ലാഷ് സ്ട്രിപ്പുമാണ് റീയര്‍ ക്യാമറ പാനലില്‍ ദൃശ്യം.
ഷവോമി 14 അള്‍ട്രയുടെ പിന്‍ഗാമിയായ ഷവോമി 15 അള്‍ട്ര മാര്‍ച്ച് 2ന് ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും.
ആന്‍ഡ്രോയ്‌ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ 16 ജിബി റാം, ഒക്റ്റാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസര്‍, 50 എംപി സോണി എല്‍വൈറ്റി-900 പ്രൈമറി സെന്‍സര്‍ (1 ഇഞ്ച്), 50 എംപി സാംസങ് ജെന്‍5 അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, 50 എംപി സോണി ഐഎംഎക്സ്858 3എക്സ് ടെലിഫോട്ടോ സെന്‍സര്‍, 4.3എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 200 മെഗാപിക്സല്‍ എച്ച്പി9 പെരിസ്കോപ്പ് ലെന്‍സ്, സുരക്ഷയ്ക്ക് ഐപി68 + ഐപി 69 റേറ്റിംഗ്, 6000 എംഎഎച്ച് ബാറ്ററി, 90 വാട്സ് വയേര്‍ഡ് ചാര്‍ജര്‍, 6.73-അഞ്ച് 2കെ എല്‍ടിപിഒ ഓലെഡ് ഡിസ്പ്ലെ എന്നിവ ഷവോമി 15 അള്‍ട്ര ഫ്ലാഗ്ഷിപ്പ് ഫോണിന്‍റെ സവിശേഷതകളായി പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read more: ചിപ്പ് മുതല്‍ ക്യാമറ വരെ കിടിലം; 60000 രൂപയിൽ താഴെ വിലയുള്ള ആറ് മുൻനിര സ്മാർട്ട്‌ഫോണുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം