ഐഫോണ്‍ 17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക മുന്‍ഗാമിയായ ഐഫോണ്‍ 16ഇയില്‍ നിന്ന് വന്‍ അപ്‌ഗ്രേഡുകളുമായി. ഡൈനമിക് ഐലന്‍ഡ്, എ19 ബയോണിക് ചിപ്, 25 വാട്‌സ് വരെ വേഗതയുള്ള മാഗ്‌സേഫ് ചാര്‍ജിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമുള്ള ഐഫോണ്‍ 17ഇ ഫെബ്രുവരി 19ന് അവതരിപ്പിക്കുമെന്ന് പുതിയ ലീക്കുകള്‍. കൂടുതല്‍ മെച്ചപ്പെട്ട എ19 ചിപ്പ്, ഡൈനമിക് ഐലന്‍ഡ്, മാഗ്‌സേഫ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവ സഹിതമാണ് ഐഫോണ്‍ 17ഇ വിപണിയിലെത്തുക എന്ന് ആപ്പിള്‍ ട്രാക്ക് എക്‌സില്‍ കുറിച്ചു. ഐഫോണ്‍ 17ഇ സ്മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച് ഫെബ്രുവരി 19നായിരിക്കുമെന്ന് ടിപ്‌സ്റ്റര്‍ അഭിഷേക് യാദവും അവകാശപ്പെട്ടു. പ്രീമിയം സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉള്ളതുപോലെയൊരു പ്രത്യേക ലോഞ്ച് ഇവന്‍റ് ഐഫോണ്‍ 17ഇയ്‌ക്ക് ആപ്പിള്‍ സംഘടിപ്പിക്കാനുള്ള സാധ്യത വിരളമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

പുറത്തുവന്നിരിക്കുന്ന ലീക്കുകള്‍ പ്രകാരം, ഐഫോണ്‍ 17ഇ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക മുന്‍ഗാമിയായ ഐഫോണ്‍ 16ഇയില്‍ നിന്ന് വന്‍ അപ്‌ഗ്രേഡുകളുമായാണ്. ഡൈനമിക് ഐലന്‍ഡ്, എ19 ബയോണിക് ചിപ്, 25 വാട്‌സ് വരെ വേഗതയുള്ള മാഗ്‌സേഫ് ചാര്‍ജിംഗ്, സി1എക്‌സ് മോഡം (രണ്ടാം തലമുറ), എന്‍1 വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ചിപ് എന്നിവ ഐഫോണ്‍ 17ഇ മൊബൈല്‍ ഫോണില്‍ അപ്‌ഗ്രേഡുകളായുണ്ടാകും. ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ് 60 ഹെര്‍ട്‌സ് തന്നെയായി തുടരും എന്നതാണ് ഈ വലിയ അപ്‌ഗ്രേഡുകളിലും ഐഫോണ്‍ 17ഇ വാങ്ങാനിരിക്കുന്നവരെ കാത്തിരിക്കുന്ന ഒരു നിരാശ വാര്‍ത്ത.

ഐഫോണ്‍ 17ഇയില്‍ ഇരട്ട റിയര്‍ ക്യാമറ ഉള്‍പ്പെടുത്തുമോ?

ഐഫോണ്‍ 17ഇ പുറത്തിറങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഫോണില്‍ ഇരട്ട റിയര്‍ ക്യാമറയുണ്ടാകുമോ എന്നതാണ്. എന്നാല്‍ ഒരു സിംഗിള്‍ പിന്‍ ക്യാമറ മാത്രമായിരിക്കും ഐഫോണ്‍ 17ഇയില്‍ ഉള്‍പ്പെടുത്തുക എന്ന് ടിപ്‌സ്റ്റര്‍ അഭിഷേക് യാദവ് പറയുന്നു. ഐഫോണ്‍ 17ഇ വാങ്ങാന്‍ കാത്തിരുന്നവരെ ഇക്കാര്യം നിരാശപ്പെടുത്തിയേക്കും.

ഐഫോണ്‍ എസ്ഇ സീരീസ് അവസാനിപ്പിച്ച്, അതിന് പകരമായി ആപ്പിള്‍ ഐഫോണ്‍ 'e' ശ്രേണി കഴിഞ്ഞ വര്‍ഷം ആദ്യമായി അവതരിപ്പിക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ 16ഇയാണ് ഈ നിരയിലെ ആദ്യ ഫോണ്‍. ഐഫോണ്‍ 16ഇയില്‍ 7.5 വാട്‌സ് വരെ മാത്രം വേഗമുള്ള Qi 1 ചാര്‍ജിംഗ് സംവിധാനമാണുണ്ടായിരുന്നത്. ഇതില്‍ നിന്ന് വമ്പന്‍ അപ്‌ഗ്രേഡാണ് ഐഫോണ്‍ 17ഇയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നത്. എ18 ചിപ്, 48 എംപി സിംഗിള്‍ റിയര്‍ ഫ്യൂഷന്‍ ക്യാമറ, 12എംപി സെല്‍ഫി ക്യാമറ എന്നിവയും ഐഫോണ്‍ 16ഇയുടെ പ്രധാന സവിശേഷതകളായിരുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്