
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി അവരുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് നിര ഫോണുകളായ ഷവോമി 17 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. ഷവോമി 17 അള്‍ട്ര, ഷവോമി 17 എന്നീ ഫോണ്‍ മോഡലുകളാണ് ഈ നിരയിലുള്ളത്. ജര്‍മ്മന്‍ ലെന്‍സ് നിര്‍മ്മാതാക്കളായ ലെയിക്കയുമായി സഹകരിച്ചാണ് ഇരു ഫോണുകളുടെയും ക്യാമറ ഷവോമി വികസിപ്പിച്ചിരിക്കുന്നത്. 200എംപി ടെലിഫോട്ടോ സഹിതമുള്ള പ്രീമിയം ക്യാമറ സവിശേഷതകള്‍, വലിയ ബാറ്ററി, ശക്തമായ പ്രോസസര്‍ എന്നിവ ഈ ഫോണുകളുടെ പ്രത്യേകതയാണ്. ഷവോമി ഇന്ത്യയില്‍ നാളിതുവരെ പുറത്തിറക്കിയ ഏറ്റവും വില കൂടിയ സ്‌മാര്‍ട്ട്‌ഫോണാണ് ഷവോമി 17 അള്‍ട്ര.
പുതിയ സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഷവോമി 17 പ്രവർത്തിക്കുന്നത്. 3എൻഎം ആർക്കിടെക്‌ചറിൽ നിർമ്മിച്ച ഈ പ്രോസസർ മികച്ച പ്രകടനവും എനർജി എഫിഷൻസിയും നൽകുമെന്ന് കമ്പനി പറയുന്നു. ഫോണിൽ പരമാവധി 16 ജിബി റാമും, 512 ജിബി യുഎഫ്‌എസ് 4.1 സ്റ്റോറേജും ലഭ്യമാണ്. കൂടാതെ ഉയർന്ന പ്രവർത്തനക്ഷമത നിലനിർത്താൻ 3ഡി ഐസ്‍ലൂപ്പ് കൂളിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസ്പ്ലേയുടെ കാര്യത്തിൽ, ഷവോമി 17-ൽ 6.3 ഇഞ്ച് ക്രിസ്റ്റല്‍റെസ് ഒഎൽഇഡി സ്‌ക്രീൻ നൽകിയിട്ടുണ്ട്. 2656×1220 റെസല്യൂഷനുള്ള ഈ പാനലിൽ 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് ലഭ്യമാണ്. 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് നൽകുന്ന ഈ സ്‌ക്രീൻ എച്ച്‌ഡിആര്‍10+യും ഡോൾബി വിഷൻ പിന്തുണയും ഉൾക്കൊള്ളുന്നു.
പ്രീമിയം ക്യാമറ സംവിധാനമാണ് ഷവോമി 17 ഫോണിന്‍റെ പ്രധാന ഹൈലൈറ്റ്. ലെയിക്കയുടെ സഹകരണത്തോടെ വികസിപ്പിച്ച ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഷവോമി 17-ൽ നൽകിയിരിക്കുന്നത്. 50-മെഗാപിക്‌സൽ പ്രധാന ക്യാമറയ്ക്കൊപ്പം 50-മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറയും 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത് 50-മെഗാപിക്‌സൽ ഓട്ടോഫോകസ് സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഈ ക്യാമറകൾ 8കെ വീഡിയോ റെക്കോർഡിംഗിന് പിന്തുണയും നൽകുന്നു.
ബാറ്ററിയായി 6,330 എംഎഎച്ച് ശേഷിയുള്ള യൂണിറ്റാണ് നൽകിയിരിക്കുന്നത്. 100 വാട്‌സ് വയർഡ് ഹൈപ്പർചാർജും 50 വാട്‌സ് വയർലെസ് ചാർജിംഗും ഈ ഫോണിൽ പിന്തുണയ്ക്കുന്നു. ഫോണിന് ഐപി68 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കണക്ടിവിറ്റിയിൽ വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, എന്‍എഫ്‌സി എന്നിവയും യുഎസ്‍ബി ടൈപ്പ് സി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡോൾബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും നാല് മൈക്രോഫോൺ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും എഐ അടിസ്ഥാനമാക്കിയ ഫേസ് അൺലോക്കും ലഭ്യമാണ്.
ഷവോമി 17-ന്‍റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 89,999 രൂപ ആണ് വില. 12 ജിബി + 512 ജിബി മോഡലിന് 99,999 രൂപയാകും. ബ്ലാക്ക്, ഐസ് ബ്ലു, വെഞ്ച്വർ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ആമസോൺ, ഷവോമി ഇന്ത്യ വെബ്സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മാർച്ച് 18 മുതൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും. ആദ്യകാല ഓഫറുകളുടെ ഭാഗമായി ചില ഉപഭോക്താക്കൾക്ക് അധിക സ്റ്റോറേജ് പതിപ്പ് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതോടൊപ്പം വിവിധ സബ്‍സ്ക്രിപ്ഷൻ സേവനങ്ങളുടെയും ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സിംഗിള്‍ സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ വരുന്ന ഷവോമി 17 അള്‍ട്രയ്‌ക്ക് 1,39,999 രൂപയാണ് വില. 16 ജിബി റാമും 512 ജിബി ബിള്‍ട്ട്-ഇന്‍ സ്റ്റോറേജുമാണ് ഷവോമി 17 അള്‍ട്രയുടെ പ്രത്യേകത. ഹൈപ്പര്‍ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി 17 അള്‍ട്രയില്‍ 6.9-ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, 3,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3എന്‍എം ഒക്‌ടാ കോര്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ്, 50എംപി പ്രധാന സെന്‍സര്‍, 200എംപി ടെലിഫോട്ടോ സെന്‍സര്‍, 120എക്‌സ് വരെ ഡിജിറ്റല്‍ സൂം, 50എംപി അള്‍ട്രാ-വൈഡ് ക്യാമറ, 50എംപി സെല്‍ഫി ക്യാമറ എന്നിവ ഷവോമി 17 അള്‍ട്രയുടെ സവിശേഷതകളാണ്. 90വാട്‌സ് വയേര്‍ഡ്, 50വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 6,000 എംഎഎച്ച് ബാറ്ററി ഷവോമി 17 അള്‍ട്രയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഷവോമി 17 അള്‍ട്രയ്‌ക്കൊപ്പം 19,999 രൂപ വിലയുള്ള ഷവോമി ഫോട്ടോഗ്രാഫി കിറ്റ് സൗജന്യമായി ലഭിക്കും.