
പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുമായി എത്തുകയാണ് ഷവോമി. ഷവോമി 18 ഫോൾഡിന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടക്കും. ബെർലിനിൽ നടന്ന ഐഎഫ്എ 2026 വേദിയിലാണ് ഷവോമി പുതിയ ഫോൾഡബിൾ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരുന്നത്. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായി പ്രതീക്ഷിക്കപ്പെടുന്ന ഐഫോൺ അൾട്രയുടെ അവതരണത്തിന് രണ്ട് ദിവസം മുൻപാണ് ഷവോമി 18 ഫോൾഡ് ചൈനയിൽ അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പാസ്പോർട്ടിന്റെ വലുപ്പത്തിന് സമാനമായ രൂപകൽപ്പനയുമായാണ് ഷവോമി 18 ഫോൾഡ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന ചിത്രങ്ങൾ പരിശോധിക്കുമ്പോൾ വരാനിരിക്കുന്ന ആപ്പിൾ ഫോൾഡബിൾ ഫോണുമായി ചില സാമ്യങ്ങളും കാണാം.
ഷവോമി 18 ഫോൾഡിന്റെ വിലയും പ്രധാന സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ ചോർന്നിട്ടുണ്ട്. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന ടിപ്സ്റ്ററാണ് ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിൽ വിവരങ്ങൾ പങ്കുവച്ചത്. ഷവോമി 18 ഫോൾഡിന് 10,000 ചൈനീസ് യുവാനിൽ കൂടുതലായിരിക്കും വിലയെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 1,40,677 രൂപയ്ക്ക് തുല്യമാണ്. മുൻ മോഡലായ മിക്സ് ഫോൾഡ് 4ന്റെ വില 8,999 ചൈനീസ് യുവാൻ അഥവാ ഏകദേശം 1,26,599 രൂപയായിരുന്നു. ചുവപ്പ് നിറത്തിലുള്ള പ്രത്യേക പതിപ്പും ഫോണിന് ലഭിച്ചേക്കുമെന്നാണ് സൂചന. ഐഎഫ്എ 2026ൽ ചുവപ്പ് നിറത്തിലുള്ള മോഡൽ ഷവോമി പ്രദർശിപ്പിച്ചിരുന്നു.
വലുപ്പത്തിൽ വലിയ ഫോൾഡബിൾ ഫോണുകളും ചെറുതും ഒതുക്കമുള്ള ഫോൾഡബിൾ മോഡലുകളും വിപണിയിലുണ്ട്. എന്നാൽ ഇവ രണ്ടിനുമിടയിലുള്ള രൂപകൽപ്പനയാണ് ഷവോമി 18 ഫോൾഡിൽ കമ്പനി പരീക്ഷിക്കുന്നതെന്നാണ് സൂചന. 5.38 ഇഞ്ച് കവർ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോൺ നിവർത്തിയാൽ ഇത് 7.58 ഇഞ്ച് വലുപ്പമുള്ള വലിയ ഇൻറർ ഡിസ്പ്ലേയായി മാറും. മടക്കിയ നിലയിൽ ഏകദേശം ഒരു പാസ്പോർട്ടിന്റെ വലുപ്പമായിരിക്കും ഫോണിന് എന്നാണ് ഷവോമിയുടെ അവകാശവാദം. ഒറ്റക്കൈയിൽ ഉപയോഗിക്കാനും കൊണ്ടുനടക്കാനും ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുറത്തുവന്ന ടീസർ ദൃശ്യങ്ങളിൽ ആഴത്തിലുള്ള ചുവപ്പ് നിറത്തിലുള്ള ഷവോമി 18 ഫോൾഡിനെയാണ് കാണാൻ കഴിയുന്നത്. പിൻഭാഗത്ത് തിരശ്ചീനമായി ക്രമീകരിച്ച ക്യാമറ ഐലൻഡും നൽകിയിട്ടുണ്ട്. മൂന്ന് ക്യാമറകളും ഒരു എൽഇഡി ഫ്ലാഷുമാണ് ക്യാമറ മൊഡ്യൂളിലുള്ളത്. ക്യാമറ സംവിധാനത്തിനായി ലൈക്കയുമായി ഷവോമി സഹകരിച്ചതായും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഫോൾഡബിൾ ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ക്യാമറയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോണിന്റെ സ്ഥിരത വർധിപ്പിക്കുന്നതിനായി പുതിയ ‘ഡ്രാഗൺ ബോൺ’ ഹിഞ്ചാണ് ഷവോമി ഉപയോഗിച്ചിരിക്കുന്നത്. ഹിഞ്ചിന്റെ കരുത്തും ദീർഘകാല ഉപയോഗക്ഷമതയും ഉറപ്പാക്കാൻ സിമുലേഷൻ അടിസ്ഥാനമാക്കിയുള്ള പരിശോധനാ സംവിധാനവും കമ്പനി ഉപയോഗിച്ചതായി അറിയിച്ചു.
ഷവോമിയുടെ പുതിയ എക്സ്റിങ് ഒ3 ഫ്ലാഗ്ഷിപ്പ് പ്രോസസറായിരിക്കും ഫോണിന് കരുത്തേകുക. മുൻ മിക്സ് ഫോൾഡ് മോഡലുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ മോഡലിൽ സ്വന്തം ചിപ്പ് ഉപയോഗിക്കാനുള്ള തീരുമാനമാണ് ഷവോമി സ്വീകരിച്ചിരിക്കുന്നത്. എൽപിഡിഡിആർ6 റാം ഉപയോഗിക്കുന്ന ആദ്യകാല സ്‍മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഷവോമി 18 ഫോൾഡെന്നും സൂചനയുണ്ട്. മെച്ചപ്പെട്ട പ്രകടനവും മൾട്ടിടാസ്‍കിംങ്ങും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാൽഡ് പാണ്ടയുടെ റിപ്പോർട്ട് അനുസരിച്ച് 6000 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക. 67 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ലഭിച്ചേക്കും. എന്നാൽ ബാറ്ററി ശേഷിയും ചാർജിങ് സവിശേഷതകളും ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചോർന്ന വിവരങ്ങൾ ശരിയാണെങ്കിൽ സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് ശ്രേണിയെക്കാൾ വലിയ ബാറ്ററിയുമായിരിക്കും ഷവോമി 18 ഫോൾഡിന്റേത്. 200 മെഗാപിക്സൽ പ്രധാന ക്യാമറയും വശത്ത് ഫിംഗർപ്രിന്‍റ് സെൻസറും ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ന് നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ഔദ്യോഗികമായി ഫോൺ അവതരിപ്പിക്കുന്നത്. ഷവോമി എൻ70 പ്രോ, എൻ70 മാക്സ്, എൻ90 മാക്സ്, ഷവോമി പാഡ് 9 പ്രോ മാക്സ് എന്നിവയ്ക്കൊപ്പമായിരിക്കും പുതിയ ഫോൾഡബിൾ ഫോണിന്റെയും അരങ്ങേറ്റം. വരാനിരിക്കുന്ന ഷവോമി പാഡ് 9 പ്രോ മാക്സിലും കമ്പനിയുടെ എക്സ്റിങ് ഒ3 പ്രോസസർ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.