
പുതിയ തലമുറയിലെ ഫോൾഡബിൾ സ്‍മാർട്ട്ഫോണുമായി ഷവോമി. ജർമനിയിൽ നടക്കുന്ന ഐഎഫ്എ 2026 പ്രദർശനത്തിലാണ് കമ്പനി പുതിയ ഫോൾഡബിൾ ഫോണായ ഷവോമി 18 ഫോൾഡ് ആദ്യമായി പ്രദർശിപ്പിച്ചത്. കമ്പനിയുടെ അടുത്ത തലമുറ ആഭ്യന്തര ചിപ്പ് ഉപയോഗിക്കുന്ന ആദ്യ സ്‍മാർട്ട്ഫോണായിരിക്കും ഇതെന്ന് ഷവോമി വ്യക്തമാക്കി. ഈ മാസം തന്നെ ഫോൺ വിപണിയിലെത്തും. സെപ്റ്റംബർ 7ന് ചൈനയിൽ ഷവോമി 18 ഫോൾഡ് അവതരിപ്പിക്കും. ഇതോടൊപ്പം ഷവോമി പാഡ് 9 പ്രോ മാക്സും അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഐഎഫ്എ വേദിയിൽ ചുവപ്പ് നിറത്തിലുള്ള ഷവോമി 18 ഫോൾഡാണ് കമ്പനി പ്രദർശിപ്പിച്ചത്. എക്സ്റിങ് ഒ3 ചിപ്പ് ഉപയോഗിക്കുന്ന ആദ്യ ഷവോമി സ്മാർട്ട്ഫോണായിരിക്കും ഇത്. പിന്നിൽ ട്രിപ്പിൾ ക്യാമറ സംവിധാനവും ഫോണിലുണ്ട്. ഫോണിന്റെ മറ്റ് സാങ്കേതിക സവിശേഷതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പിന്നീട് പുറത്തുവിടുമെന്നാണ് സൂചന. പുതിയ ആഭ്യന്തര ചിപ്പിലൂടെ പ്രകടനക്ഷമതയിലും കൃത്രിമബുദ്ധി അധിഷ്ഠിത പ്രവർത്തനങ്ങളിലും കൂടുതൽ മുന്നേറ്റമാണ് ഷവോമി ലക്ഷ്യമിടുന്നത്.
ഐഎഫ്എ 2026ൽ 3,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദർശനമേഖലയിലാണ് ഷവോമി 380ലേറെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചത്. ‘എഐ ടുമോറോ’, ‘എഐ ടുഡേ’, ‘ഹ്യൂമൻ × കാർ × ഹോം’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ബുദ്ധിപരമായ ഗതാഗത സംവിധാനങ്ങളും ഷവോമി വിഷൻ ഗ്രാൻ ടൂറിസ്മോ ഇലക്ട്രിക് ഹൈപ്പർകാർ ആശയവുമാണ് എഐ ടുമോറോ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങൾ. എഐ ടുഡേ വിഭാഗത്തിൽ ഷവോമി എസ്‌യു7 മാക്സ്, സ്മാർട്ട് ഹോം സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അവതരിപ്പിച്ചത്. വ്യക്തിഗത ഉപകരണങ്ങൾ, കാറുകൾ, സ്മാർട്ട് ഹോം ഉൽപ്പന്നങ്ങൾ എന്നിവയെ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്ന സംവിധാനങ്ങളാണ് കമ്പനി ഇവിടെ പരിചയപ്പെടുത്തിയത്.
പാചകം, ഭക്ഷ്യസംഭരണം, വീടിന്റെ ശുചീകരണം, വായു നിയന്ത്രണം, വിനോദം, സുരക്ഷ, വ്യക്തിഗത ഉപകരണങ്ങൾ, സ്മാർട്ട് ഗതാഗതം തുടങ്ങിയ മേഖലകളിലെ ഉൽപ്പന്നങ്ങളും ഷവോമി പ്രദർശിപ്പിച്ചു. മിജിയ സ്മാർട്ട് ഹോം സംവിധാനത്തിനും ഐഎഫ്എയിൽ കമ്പനി പ്രത്യേക പ്രാധാന്യം നൽകി. യൂറോപ്പിലുടനീളം മിജിയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം വലിയ തോതിൽ വികസിപ്പിക്കുമെന്ന് ഷവോമി അറിയിച്ചു.
ഷവോമിയുടെ മനുഷ്യസമാന റോബോട്ടായ സൈബർവണ്ണും ഐഎഫ്എ പ്രദർശനത്തിലെ പ്രധാന ആകർഷണമായി. മിമോ-വി2.5-പ്രോ, ഷവോമി മിലോകോ, ഷവോമി മിക്ലോ എന്നിവ ഉൾപ്പെടെയുള്ള പുതിയ കൃത്രിമബുദ്ധി സാങ്കേതികവിദ്യകളും കമ്പനി അവതരിപ്പിച്ചു. ഹൈപ്പർഒഎസ് പ്ലാറ്റ്‌ഫോമിനൊപ്പം കൃത്രിമബുദ്ധി, ഓപ്പറേറ്റിങ് സംവിധാനങ്ങൾ, ചിപ്പ് നിർമാണം, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളും ഷവോമി വിശദീകരിച്ചു.
ഷവോമിയുടെ വാഹന വിഭാഗത്തിലും പുതിയ പ്രഖ്യാപനങ്ങളുണ്ടായി. വിഷൻ ഗ്രാൻ ടൂറിസ്മോ ആശയവാഹനത്തിനൊപ്പം പുതിയ തലമുറയിലെ എസ്‌യു7, എസ്‌യു7 അൾട്രാ വാഹനങ്ങളും പ്രദർശിപ്പിച്ചു.
2024 മാർച്ചിൽ വാഹന വിതരണം ആരംഭിച്ചതിന് ശേഷം ചൈനയിൽ 700,000ലേറെ വാഹനങ്ങൾ വിതരണം ചെയ്തതായി ഷവോമി അവകാശപ്പെട്ടു. 2027ൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ വിപണികളിലേക്ക് ഷവോമി ഓട്ടോ എത്തിക്കാനും കമ്പനി പദ്ധതിയിടുന്നു. 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ആഗോള ഗവേഷണ-വികസന മേഖലയിലെ നിക്ഷേപം 24 ബില്യൺ യൂറോ കവിയുമെന്നാണ് ഷവോമിയുടെ പ്രതീക്ഷ. കൃത്രിമബുദ്ധി, ഓപ്പറേറ്റിങ് സംവിധാനങ്ങൾ, ചിപ്പുകൾ, സ്മാർട്ട് വാഹനങ്ങൾ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാന നിക്ഷേപം.