ഷവോമി 18 പ്രോ വരുന്നു; ഈ ഫീച്ചറുകൾ നിങ്ങളെ ഞെട്ടിക്കുമോ?

Published : Oct 12, 2026, 05:04 PM IST
Xiaomi 18 Pro

Synopsis

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറുമായി ഷവോമി 18 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇരട്ട സ്ക്രീൻ, 200 മെഗാപിക്സൽ ലൈക്ക ക്യാമറ, 7000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളോടെയാണ് ഫോൺ എത്തുന്നത്. പുതിയ മോഡലിന്റെ വില ഒരു ലക്ഷം രൂപ കടന്നേക്കുമെന്നാണ് സൂചന.

പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഷവോമി 18 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഷവോമി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026ന്റെ ഭാഗമായി നടന്ന സ്നാപ്ഡ്രാഗൺ ദിന പരിപാടിയിലാണ് ഷവോമി ഇന്ത്യയുടെ പ്രൊഡക്ട് മാർക്കറ്റിങ് അസോസിയേറ്റ് ഡയറക്ടർ ഗൗതം ബത്ര ഇക്കാര്യം അറിയിച്ചത്. വരും മാസങ്ങളിൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രഖ്യാപനം. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറുമായി എത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളുടെ നിരയിൽ ഷവോമി 18 പ്രോയുമുണ്ടാകും. ഐക്യൂ 16, മോട്ടറോള സിഗ്നേച്ചർ 27 എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

മുൻവശത്ത് 6.4 ഇഞ്ച് ഡിസ്പ്ലേ, പിന്നിലും സ്ക്രീൻ

താരതമ്യേന ഒതുക്കമുള്ള രൂപകൽപ്പനയാണ് ഷവോമി 18 പ്രോയുടെ പ്രധാന പ്രത്യേകത. മുൻവശത്ത് 6.4 ഇഞ്ച് ഫ്ലാറ്റ് 1.5കെ എൽടിപിഒ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും പരമാവധി 4,000 നിറ്റ്സ് ബ്രൈറ്റ്നസും ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. പിൻവശത്ത് ക്യാമറ മൊഡ്യൂളിന് സമീപമായി 2.7 ഇഞ്ച് സെക്കൻഡറി എൽടിപിഒ അമോലെഡ് ഡിസ്പ്ലേയുമുണ്ട്. ഇതിലും 120 ഹെർട്സ് റിഫ്രഷ് റേറ്റും 4,000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നസുമുണ്ട്. നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും വിഡ്ജറ്റുകൾ ഉപയോഗിക്കാനും പിൻക്യാമറ ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള സെൽഫികൾ എടുക്കാനും ഈ സ്ക്രീൻ സഹായിക്കും. പുതിയ സൂപ്പർ പിക്സൽ ഡിസ്പ്ലേ 2.0 സാങ്കേതികവിദ്യയും ഫോണിലുണ്ട്. പ്രത്യേക ഹാർഡ്‌വെയർ സംവിധാനത്തിലൂടെ സ്ക്രീനിന്റെ കാഴ്ചക്കോൺ നിയന്ത്രിച്ച് സമീപത്തുള്ളവർക്ക് ഡിസ്പ്ലേയിലെ വിവരങ്ങൾ കാണുന്നത് പരിമിതപ്പെടുത്താൻ ഈ സംവിധാനം സഹായിക്കും.

സ്നാപ്ഡ്രാഗൺ പ്രോസസർ, 16 ജിബി വരെ റാം

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച ചിപ്‌സെറ്റിലെ ഒറിയോൺ സിപിയു കോറുകൾക്ക് 5.01 ഗിഗാഹെർട്സ് വരെ വേഗമുണ്ടെന്നാണ് റിപ്പോർട്ട്. 12 ജിബി, 16 ജിബി റാം ഓപ്ഷനുകളും 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വകഭേദങ്ങളും പ്രതീക്ഷിക്കാം. ഗെയിമിങ്ങിനിടെയും ഒരേസമയം നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുമ്പോഴും ചൂട് നിയന്ത്രിക്കാൻ പുതുക്കിയ റിങ് ആകൃതിയിലുള്ള കൂൾ പമ്പ് സംവിധാനവും നൽകിയിട്ടുണ്ട്.

ലൈക്ക ക്യാമറയിൽ രണ്ട് 200 മെഗാപിക്സൽ സെൻസറുകൾ

ലൈക്കയുമായി സഹകരിച്ചാണ് ക്യാമറ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ ലൈറ്റ് ഫ്യൂഷൻ 960 പ്രധാന ക്യാമറയാണ് ഫോണിലുള്ളത്. 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതോടൊപ്പമുണ്ട്. 3.2 മടങ്ങ് ഒപ്റ്റിക്കൽ സൂമും 12 സെന്റിമീറ്റർ അകലെയുള്ള വസ്തുക്കളുടെ മാക്രോ ചിത്രങ്ങൾ പകർത്താനുള്ള ശേഷിയും ടെലിഫോട്ടോ ക്യാമറയ്ക്കുണ്ട്. വിശാലമായ ദൃശ്യങ്ങൾ പകർത്താൻ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ മുൻക്യാമറയും ലഭിക്കും.

7,000 എംഎഎച്ച് ബാറ്ററി, അതിവേഗ ചാർജിങ്

7,000 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഷവോമി 18 പ്രോയിൽ പ്രതീക്ഷിക്കുന്നത്. 100 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കും. വൈഫൈ 7, അൾട്രാ വൈഡ്ബാൻഡ്, യുഎസ്ബി 3.2 ജെൻ 1 പോർട്ട്, ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ, ഐപി68 പൊടിയും വെള്ളവും പ്രതിരോധിക്കുന്ന സംവിധാനം, പ്രത്യേക എഐ ബട്ടൺ എന്നിവയും ഫോണിലുണ്ടാകും. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 4ലാണ് ഫോൺ പ്രവർത്തിക്കുക.

വില ഒരു ലക്ഷം രൂപ കടക്കുമോ?

ഷവോമി 18 പ്രോയുടെ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച് തീയതിയും വിലയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻതലമുറയായ ഷവോമി 17 ഇന്ത്യയിൽ 89,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്. ഘടകങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ പുതിയ മോഡലിന്റെ വില ഒരു ലക്ഷം രൂപ കടന്നേക്കുമെന്നാണ് പ്രതീക്ഷ. ഐക്യൂ 16, മോട്ടറോള സിഗ്നേച്ചർ 27 തുടങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകളുമായിരിക്കും വിപണിയിൽ ഷവോമി 18 പ്രോയുടെ പ്രധാന മത്സരം. ഔദ്യോഗിക വിലയും ലോഞ്ച് വിവരങ്ങളും പുറത്തുവരുന്നതോടെ മാത്രമേ ഫോണിന്റെ വിപണിയിലെ സ്ഥാനം വ്യക്തമാകൂ.

PREV
Read more Articles on
click me!

Recommended Stories

ലാപ്ടോപ്പുകൾ വാങ്ങാൻ ആളില്ല, ആഗോള പിസി വിപണിയിൽ വൻ തകർച്ച
വില കൂട്ടിയത് തിരിച്ചടിയായോ? ഐഫോൺ 18 പ്രോ ഉൽപ്പാദനം 20 ശതമാനം വരെ വെട്ടിക്കുറച്ച് ആപ്പിൾ