പിന്നില്‍ 5 ക്യാമറകള്‍: ഷവോമിയുടെ പുതിയ ഫോണ്‍ നവംബര്‍ 5ന്

By Web TeamFirst Published Nov 1, 2019, 4:33 PM IST
Highlights

അഞ്ച് ക്യാമറകള്‍ പിന്നിലുള്ള ഈ ഫോണിന്‍റെ പ്രധാനക്യാമറ 108 എംപിയാണ്. ഇതിന് പിന്നാലെ എത്തുന്നത് 5 എംപി 5xസൂം ക്യാമറയാണ്. 12എംപി പോട്രിയേറ്റ് ക്യാമറയാണ് പിന്നീട് വരുന്നത്. 

ദില്ലി: ഷവോമിയുടെ എംഐ നോട്ട് 10 എത്തുന്നത് പിന്നില്‍ 5 ക്യാമറയുമായി. സമീപ ഭാവിയില്‍ ഷവോമി പുറത്തിറക്കുന്ന ഫോണിന്‍റെ മറ്റ് വിശേഷങ്ങള്‍ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും ഈ ഫോണിന്‍റെ ക്യാമറയുടെ വിശേഷങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ലഭ്യമാണ്. 

അഞ്ച് ക്യാമറകള്‍ പിന്നിലുള്ള ഈ ഫോണിന്‍റെ പ്രധാനക്യാമറ 108 എംപിയാണ്. ഇതിന് പിന്നാലെ എത്തുന്നത് 5 എംപി 5xസൂം ക്യാമറയാണ്. 12എംപി പോട്രിയേറ്റ് ക്യാമറയാണ് പിന്നീട് വരുന്നത്. ഈ മൂന്ന് ക്യാമറകളും ഒരേ പാറ്റേണില്‍ ഫോണിന്‍റെ പിന്‍ഭാഗത്ത് മുകളില്‍ ഇടത് വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നും മാറി 20 എംപി അള്‍ട്രാവൈഡ് ക്യാമറയാണ് അടുത്തത്. അതിന് താഴെയായി മാക്രോ ഷോട്ടുകള്‍ക്കായി 2 എംപി ചെറിയ ക്യാമറ നല്‍കിയിരിക്കുന്നു.

നവംബര്‍ 5ന് ചൈനയില്‍ ആയിരിക്കും എംഐ നോട്ട് 10-ന്‍റെ ആഗോള ലോഞ്ചിംഗ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 32 എംപിയായിരിക്കും ഫോണിന്‍റെ സെല്‍ഫി ക്യാമറ. 5,260 എംഎഎച്ച് ആയിരിക്കും ഫോണിന്‍റെ ബാറ്ററി ശേഷി. ഒപ്പം 30 W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉണ്ടായിരിക്കും.

ആഗോളതലത്തില്‍ എന്നാല്‍ ഈ ഫോണ്‍ എത്തുമ്പോള്‍ ഷവോമി റീബ്രാന്‍റ് ചെയ്യും എന്ന് സൂചനയുണ്ട്. എംഐ സിസി2 പ്രോ എന്നായിരിക്കും ഇതിന്‍റെ ചൈനയ്ക്ക് പുറത്തുള്ള പേര്. 6.47 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഫോണിന് ഉണ്ടായിരിക്കുക എന്നാണ് സൂചന. 2.2 ജിഹാ ഹെര്‍ട്സ് സ്നാപ്ഡ്രാഗണ്‍ 730 ജി ആയിരിക്കും ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ് സെറ്റ്. ഇതിന്‍റെ വില സംബന്ധിച്ച് ഇപ്പോള്‍ സൂചനകള്‍ ഇല്ലെങ്കിലും 25,000 ത്തോട്ട് 40,000 വരെ വില ഇതിന് പ്രതീക്ഷിക്കാം എന്നാണ് സൂചന. ഇന്ത്യയിലെ ഇതിന്‍റെ പുറത്തിറങ്ങല്‍ സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ല.

click me!