സാംസങിന് പിന്നാലെ ഓപ്പോയും വണ്‍പ്ലസും ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ ഫോണുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. ഓപ്പോയുടെ ബജറ്റ് ഫോണുകളായ കെ, എ സീരീസുകള്‍ക്കും തെരഞ്ഞെടുത്ത വണ്‍പ്ലസ് മോഡലുകള്‍ക്കുമാണ് മാര്‍ച്ച് 16 മുതല്‍ വില കൂടുക.
തിരുവനന്തപുരം: സാംസങിന് പിന്നാലെ ഓപ്പോയും വണ്‍പ്ലസും അവരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കൂട്ടുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഓപ്പോയുടെയും വണ്‍പ്ലസിന്‍റെയും വിവിധ ഫോണ്‍ മോഡലുകളുടെ വില മാര്‍ച്ച് 16 മുതല്‍ കൂടുമെന്ന് കമ്പനി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഫോണുകളുടെ ചിപ്പുകളും മെമ്മറിയും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ക്ക് വില കൂടിയതാണ് ഹാന്‍ഡ്‌സെറ്റുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്നാണ് കമ്പനികളുടെ വാദം. ഓപ്പോയുടെ സഹോദര കമ്പനിയാണ് വണ്‍പ്ലസ്.
ഓപ്പോ, വണ്‍പ്ലസ് ഫോണുകളുടെ വില കൂടുന്നു
ഇന്ത്യ ഉള്‍പ്പടെയുള്ള എല്ലാ വിപണികളിലും ഓപ്പോ, വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് മാര്‍ച്ച് 16ന് പുതുക്കിയ വില പട്ടിക നിലവില്‍ വരും. മൊബൈല്‍ നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധനവും ലഭ്യതക്കുറവുമാണ് ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓപ്പോ കെ-സീരീസ്, എ സീരീസ് പോലുള്ള ബജറ്റ്-ഫ്രണ്ട്‌ലി നിരകളിലാണ് വില വര്‍ധനവ് ആദ്യം പ്രതിഫലിക്കുക. ഇതോടെ, ഓപ്പോ കെ14എക്‌സ്, കെ13 സീരീസ്, കെ12എക്‌സ്, എ6 സീരീസ്, എ5 സീരീസ് എന്നിവയുടെ വില കൂടും. ഓപ്പോയുടെ ഫ്ലാഗ്‌ഷിപ്പ് മോഡലുകളായ ഫൈന്‍ഡ് സീരീസ്, റെനോ സീരീസ്, ഓപ്പോ പാഡ് ലൈനപ്പ് എന്നിവയ്‌ക്ക് വില വര്‍ധനവുണ്ടാവില്ല. തെരഞ്ഞെടുക്കപ്പെട്ട വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വിലയും വര്‍ധിക്കും. വണ്‍പ്ലസ് 15, വണ്‍പ്ലസ് 15ആര്‍, വണ്‍പ്ലസ് നോര്‍ഡ് 5 സീരീസ് എന്നിവയ്‌ക്ക് വില കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
സ്‌മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിപ്പിച്ച് സാംസങും
അടുത്തിടെ, ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഇന്ത്യയില്‍ വിവിധ ഫോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഗാലക്‌സി എഫ്, ഗാലക്‌സി എം സീരീസുകളിലെ ഫോണുകളുടെ വിലയാണ് കൂട്ടിയത്. സാംസങിന്‍റെ ബഡ്‌ജറ്റ്, മിഡ്-റേഞ്ച് നിരയില്‍പ്പെടുന്ന ഗാലക്‌സി എം36, ഗാലക്‌സി എഫ്36, ഗാലക്‌സി എം17 5ജി ഉള്‍പ്പടെയുള്ള സ്‌മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ മാറ്റമുണ്ടായി. ഗാലക്‌സി എം36-ന്‍റെ 8 ജിബി + 128 ജിബി ബേസ് മോഡലിന് 500 രൂപയും, 8 ജിബി + 256 ജിബി മോഡലിന് 1,500 രൂപയുമാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാലക്‌സി എഫ്36 ഫോണിന്‍റെ 8 ജിബി + 128 ജിബി മോഡലിനും 500 രൂപയും 8 ജിബി + 256 ജിബി വേരിയന്‍റിന് 1,500 രൂപയും കമ്പനി കൂട്ടി. ഗാലക്‌സി എം17 5ജിയുടെ 6 ജിബി + 128 ജിബി വേരിയന്‍റിന് 500 രൂപയും 8 ജിബി + 128 ജിബി മോഡലിന് 1,000 രൂപയും സാംസങ് വര്‍ധിപ്പിച്ചു.
സാംസങിന്‍റെ ബജറ്റ് നിരയില്‍ വരുന്ന മറ്റ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വിലയിലും വര്‍ധനവുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗാലക്‌സി എഫ്17 5ജിക്ക് 1,000 രൂപയുടെയും ഗാലക്‌സി എ17 5ജി സ്റ്റോറേജ് വേരിയന്‍റ് അനുസരിച്ച് 3,000 രൂപ വരെയും വില കൂടി. ഗാലക്‌സി എ06 5ജി ഫോണിന്‍റെ വില 1,500 രൂപയും വര്‍ധിച്ചു.



