
ബെയ്‌ജിങ്: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി പാഡ് 7എസ് പ്രോ (Xiaomi Pad 7S Pro) ഈ ആഴ്ച പുറത്തിറങ്ങും. ലോഞ്ചിന് മുന്നോടിയായി കമ്പനി ഷവോമി പാഡ് 7എസ് പ്രോയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി. ഷവോമിയുടെ സ്വന്തം XRING O1 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. അമേരിക്കൻ കമ്പനികളായ ക്വാൽകോം, മീഡിയടെക് എന്നിവയുടെ ചിപ്‌സെറ്റുകളുമായി ഇത് മത്സരിക്കുന്നു.
ജൂൺ 18ന് പ്രാദേശിക സമയം രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന്) ചൈനയിൽ നടക്കുന്ന കമ്പനിയുടെ അടുത്ത ലൈവ് ഇവന്റിൽ ഷവോമി പാഡ് 7എസ് പ്രോ ലോഞ്ച് ചെയ്യുമെന്ന് ഷവോമി ചൈന പ്രസിഡന്‍റ് ലു വെയ്ബിംഗ് വെയ്ബോയിൽ പോസ്റ്റ് ചെയ്തു. റെഡ്മി കെ 80 അൾട്രാ, റെഡ്മി കെ പാഡ് എന്നിവയുൾപ്പെടെ വരാനിരിക്കുന്ന മറ്റ് ഉപകരണങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങളും കമ്പനി ഈ പരിപാടിയിൽ വെളിപ്പെടുത്തുമെന്ന് പോസ്റ്റ് സ്ഥിരീകരിക്കുന്നു.
120 വാട്സ് ശേഷിയില്‍ ചാർജ് ചെയ്യാൻ കഴിയുന്ന 12,160 എംഎഎച്ച് ബാറ്ററിയാണ് ഷവോമി പാഡ് 7എസ് പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി വെളിപ്പെടുത്തി. ഈ ടാബ്‌ലെറ്റിനെ ഷവോമിയുടെ സ്മാർട്ട് പെൻ സ്റ്റൈലസും പിന്തുണയ്ക്കും. 12.5 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഇതിനുണ്ടാകും. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഹൈപ്പർഒഎസ് 2.0 യൂസർ ഇന്‍റർഫേസിൽ ഇത് പ്രവർത്തിക്കും.
ഷവോമി 15എസ് പ്രോയ്ക്കും ഷവോമി പാഡ് 7 അൾട്രയ്ക്കും കരുത്ത് പകരുന്ന കമ്പനിയുടെ XRING O1 ചിപ്പ് ഈ ടാബ്‌ലെറ്റിൽ ഉണ്ടായിരിക്കും. ക്വാൽകോമിൽ നിന്നുള്ള മുൻനിര സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്പുമായി ഈ ചിപ്പിന്‍റെ പ്രകടനം തുല്യമാണ് എന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടാബ്‌ലെറ്റിന് വെറും 5.8mm കട്ടി മാത്രമേ ഉണ്ടാകൂ എന്ന് കമ്പനി അറിയിച്ചു. ടാബ്‌ലെറ്റിന് 10,610 എംഎഎച്ച് ബാറ്ററിയും 120 വാട്സ് ഫാസ്റ്റ് ചാർജിംഗും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിസി-ലെവൽ സോഫ്റ്റ്‌വെയറും പിസി-ലെവൽ ഫ്ലോട്ടിംഗ് കീബോർഡും ഉണ്ട്. ഇതിനൊരു കമ്പ്യൂട്ടറിന്‍റേതിന് തുല്യമായ ശക്തവും കാര്യക്ഷമവുമായ അനുഭവം നൽകാൻ കഴിയുമെന്ന് ഷവോമി പറയുന്നു. ടാബ്‌ലെറ്റിന്‍റെ കറുപ്പ്, വെള്ളി നിറങ്ങളും, അനുയോജ്യമായ കീബോർഡും, സ്റ്റൈലസും ടീസറിൽ കാണിച്ചിട്ടുണ്ട്.
അതേസമയം, ഈ ടാബിന്‍റെ വില സംബന്ധിച്ച കമ്പനി വിവരങ്ങൾ നൽകിയിട്ടില്ല. ഷവോമി പാഡ് 7എസ് പ്രോയുടെ കൂടുതൽ സവിശേഷതകൾ കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ ബുധനാഴ്ച നടക്കുന്ന ലോഞ്ച് ഇവന്‍റിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. ഏഴ് ഡിവൈസുകളുടെ വിശദാംശങ്ങളും കമ്പനി ചടങ്ങിൽ വെളിപ്പെടുത്തിയേക്കാം.