6000 കാട്ടുപന്നികളെ കൊന്നുതള്ളി കാകഡു ദേശീയ ഉദ്യാനം; മൂന്ന് വര്‍ഷത്തിന് ശേഷം ഏരിയല്‍ ഷൂട്ടിങ്ങ് പുനരാരംഭിച്ചു

First Published Jul 26, 2022, 10:56 AM IST

വംശവര്‍ദ്ധനവിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ കാകഡു ദേശീയ ഉദ്യാനത്തില്‍ 6000 കാട്ടുപന്നികളെ കൊന്നു തള്ളി. 2019 ലെ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പാർക്ക് റേഞ്ചർമാർക്ക് ഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യമായിട്ടാണ് ദേശീയോദ്യാനത്തില്‍ ഏരിയല്‍ ഷൂട്ടിങ്ങ് ഓപ്പറേഷന്‍ പുനരാരംഭിച്ചത്. കാട്ടുപന്നികളും മറ്റ് നാല്‍ക്കാലികളും തണ്ണീര്‍ത്തടങ്ങള്‍ക്ക് കാര്യമായ നാശമുണ്ടാക്കുന്നതായി കാകഡു ദേശീയോദ്യാനത്തിന്‍റെ മാനേജര്‍ ഷോണ്‍ ബാര്‍ക്ലേ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി പാർക്കിലെ ഏറ്റവും ഫലപ്രദമായ കാട്ടുമൃഗ നിയന്ത്രണ രീതിയായ ഹെലികോപ്റ്ററിൽ നിന്ന് മൃഗങ്ങളെ വെടിവയ്ക്കുന്ന രീതി ഉപയോഗിച്ചിട്ടില്ല. കാട്ടുമൃഗ നിയന്ത്രണ പ്രവർത്തനത്തിനിടെ 2019 ല്‍ ഹെലികോപ്റ്റർ അപകടത്തെ തുടര്‍ന്ന് പാർക്കിന്റെ മാനേജ്മെന്‍റ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള കാട്ടുമൃഗ നിയന്ത്രണം ഒഴിവാക്കുകയായിരുന്നു. 

സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള വേട്ട ഒഴിവാക്കിയത്. പുതിയ പ്രോട്ടോക്കോളുകള്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വീണ്ടും വെടിവെയ്പ്പ് പുനരാരംഭിച്ചതെന്ന് മാനേജര്‍ ഷോണ്‍ ബാര്‍ക്ലേ പറഞ്ഞു. "അവർ തണ്ണീർത്തടങ്ങൾ, മറ്റ് പ്രദേശങ്ങള്‍ എന്നിവയ്ക്ക് വലിയ തോതില്‍ നാശമുണ്ടാക്കുന്നു. ജപ്പാന്‍ ജ്വരം പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം തുടര്‍ന്നു. 

അടുത്തിടെ വടക്കൻ പ്രദേശത്തെ കാട്ടുപന്നികളിൽ ജപ്പാന്‍ ജ്വരത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. "മാത്രമല്ല, പന്നികളിലും കുളമ്പ് രോഗം വ്യാപകമാണ്. അതിനാൽ ഓസ്‌ട്രേലിയയിൽ ഏതെങ്കിലും രോഗം പൊട്ടിപ്പുറപ്പെട്ടാൽ അത് കാട്ടുമൃഗങ്ങളുടെ എണ്ണത്തില്‍ ഭീമമായ കുറവുണ്ടാക്കുന്നു." 2018 ല്‍ പാര്‍ക്കില്‍ 12,000 ത്തിലധികം കാട്ടുപന്നികളുണ്ടെന്ന് പരിസ്ഥിതി വകുപ്പ് കണക്കെടുപ്പ് നടത്തിയിരുന്നു. 

ഇതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള വേട്ട ആരംഭിച്ചത്. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരത്തിലൊരു നശീകരണമില്ലാത്തത് ഇവയുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കിയിരിക്കും. കാട്ടുപന്നികളുടെയും എരുമകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതോടെ തണ്ണീര്‍ത്തടങ്ങളുടെ നാശം ആരംഭിച്ചെന്നും ബാർക്ലേ ചൂണ്ടിക്കാട്ടുന്നു. "പൊതുജനങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും വർദ്ധിച്ച ഇടപെടലുകള്‍ മൂലം ചില ഒറ്റപ്പെട്ട സൈറ്റുകള്‍ അടച്ചുപൂട്ടേണ്ടിവന്നു. 

സുരക്ഷാ കാരണങ്ങളാലും ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക നാശനഷ്ടങ്ങളാലും ഇവയുടെ സംഖ്യ കുറയ്ക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നു.” അദ്ദേഹം പറഞ്ഞു. കാകഡുവിലെ മൃഗസംഖ്യയുടെ കൃത്യമായ എണ്ണത്തിനായി സർവേകൾ നടക്കുന്നുണ്ട്. ഈ കണക്കുകള്‍ ലഭിച്ച് കഴിഞ്ഞാല്‍ അത് ഞങ്ങള്‍ വിശകലനം ചെയ്യും. സംഖ്യകൾ നിയന്ത്രിക്കാവുന്ന തലത്തിലേക്ക് കുറയ്ക്കുന്നതിനുള്ള ഒരു പദ്ധതി കൊണ്ടുവരാൻ പ്രദേശത്തിന്‍റെ പരമ്പരാഗത ഉടമകളുമായി ആലോചിക്കുമെന്നും ബാർക്ലേ പറഞ്ഞു. 

ചാൾസ് സ്റ്റർട്ട് യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണത്തിൽ കാട്ടുപോത്ത്, കുതിരകൾ, എരുമകൾ, കാട്ടുപന്നികള്‍ എന്നിവ വടക്കൻ ഓസ്‌ട്രേലിയയിലെ പ്രകൃതിദത്ത ജല ശ്രോതസുകള്‍ക്ക് കാര്യമായ കേടുപാടുകൾ വരുത്തിയതായി കണ്ടെത്തിയിരുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയില്‍ വന്യമൃഗങ്ങള്‍ക്ക് നേരെ നേരത്തെയും ഇതുപോലുള്ള വെടുവയ്പ്പ് പരിപാടികള്‍ ഓസ്ട്രേലിയ നടപ്പാക്കിയിരുന്നു. 
 

click me!