ടീം സെലക്ഷന്‍ മുതല്‍ ടോസ് വരെ എല്ലാം പിഴച്ചു, ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നിലെ 8 കാരണങ്ങള്‍

Published : Feb 23, 2026, 09:09 AM ISTUpdated : Feb 23, 2026, 09:12 AM IST

ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പർ-8 പോരാട്ടത്തിൽ ടോസ് മുതല്‍ ടീം സെലക്ഷന്‍ മുതല്‍ വരെ തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ഇന്ത്യ വന്‍ തോല്‍വിയാണ് ദക്ഷിണാഫ്രിക്കക്കെതിരെ വഴങ്ങിയത്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

PREV
19
എന്തുകൊണ്ട് തോറ്റു

ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് വൻ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ അഞ്ച് പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

29
ടോസ് നഷ്ടം, ചേസിംഗ്

ലോകകപ്പിലെ ഗ്രപ്പ് മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചത് ആദ്യം ബാറ്റ് ചെയ്തപ്പോഴായിരുന്നു. ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ചേസ് ചെയ്യേണ്ടിവന്നിട്ടില്ല. അമേരിക്കക്കെതിരെ 29 റണ്‍സിനും നമീബിയക്കെതിരെ 93 റണ്‍സിനും പാകിസ്ഥാനെതിരെ 61 റണ്‍സിനും നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സിനുമായിരുന്നു ഇന്ത്യ ജയിച്ചത്. എന്നാല്‍ അഹമ്മദാബാദില്‍ നിര്‍ണായക ടോസ് നഷ്ടമാകുകയും ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ ഉയര്‍ത്തുകയും ചെയ്തതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.

39
മികച്ച തുടക്കത്തിന് ശേഷം നഷ്ടമായ ആധിപത്യം

ടോസ് നഷ്ടമായെങ്കിലും മത്സരത്തിന്‍റെ തുടക്കത്തിൽ ഇന്ത്യ ആധിപത്യം നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ സ്കോർ 20ലെത്തിയപ്പോഴേക്കും ഫോമിലുള്ള ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും റിയാന്‍ റിക്കിള്‍ട്ടന്‍റെയും അടക്കം 3 നിർണായക വിക്കറ്റുകൾ വീഴ്ത്തി ആധിപത്യം സ്ഥാപിച്ചെങ്കിലും ഈ മുന്‍തൂക്കം തുടരാന്‍ ഇന്ത്യയ്ക്കായില്ല. ഡേവിഡ് മില്ലറുടെയും ഡെവാൾഡ് ബ്രെവിസിന്‍റെയും തകർപ്പൻ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 പന്തില്‍ 97 റണ്‍സടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

49
സ്പിൻ നിരയുടെ പരാജയം

മധ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കുന്നതിൽ ഇന്ത്യൻ സ്പിന്നർമാർ പരാജയപ്പെട്ടു. വരുൺ ചക്രവർത്തി ധാരാളം റൺസ് വിട്ടുകൊടുത്തപ്പോൾ, വാഷിംഗ്ടൺ സുന്ദറിന് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനായില്ല. തന്‍റെ അവസാന ഓവറിലാണ് വരുണ്‍ ചക്രവര്‍ത്തി ഡേവിഡ് മില്ലറെ വീഴ്ത്തിയത്. സുന്ദറും വരുണും ചേര്‍ന്നെറിഞ്ഞ ആറോവറില്‍ ദക്ഷിണാഫ്രിക്ക നേടിയത് 64 റണ്‍സായിരുന്നു. വീണത് ഒരേയൊരു വിക്കറ്റും. അഹമ്മദാബാദിലെ പിച്ചില്‍ ശരിയായ ലെങ്ത് കണ്ടെത്താന്‍ ഇന്ത്യൻ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞില്ല.

59
ടീം സെലക്ഷന്‍ അമ്പേ പാളി

വൈസ് ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലെടുത്ത തീരുമാനം അമ്പേ പാളി. ദക്ഷിണാഫ്രിക്കയുടെ ഇടം കൈയൻ ബാറ്റര്‍മാരായ ക്വിന്‍റണ്‍ ഡി കോക്ക്, റിയാന്‍ റിക്കിള്‍ടണ്‍, ഡേവിഡ് മില്ലര്‍ എന്നിവരെ നിയന്ത്രിക്കാനാണ് ഓഫ് സ്പിന്നറായ വാഷിംഗ്ടൺ സുന്ദറെ ടീമിലെടുത്തത്. എന്നാല്‍ സുന്ദര്‍ വരുന്നതിന് മുമ്പ് തന്നെ ഡി കോക്കും റിക്കിള്‍ടണും മടങ്ങിയതിനാല്‍ സുന്ദറിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. സുന്ദര്‍ പന്തെറിയാന്‍ എത്തുമ്പോഴേക്കും മില്ലര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും മറുവശത്ത് വലം കൈയനായ ഡെവാള്‍ഡ് ബ്രെവിസ് തകര്‍ത്തടിച്ചിരുന്നതിനാല്‍ രണ്ടോവര്‍ മാത്രാണ് സുന്ദര്‍ പന്തെറിഞ്ഞത്. 17 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നുമെടുക്കാന്‍ സുന്ദറിനായില്ല. ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ഇറങ്ങിയെങ്കിലും 11 പന്തില്‍ 11 റണ്‍സ് മാത്രമാണ് നേടാനായത്.

69
അഭിഷേകിന് വെച്ച കെണിയില്‍ വീണ കിഷന്‍

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഈ ലോകകപ്പില്‍ അമേരിക്കക്ക് എതിരെയൊഴികെ ഇന്ത്യ കളിച്ച മത്സരങ്ങളിലെല്ലാം ഇഷാൻ കിഷൻ നല്‍കുന്ന മിന്നുന്ന തുടക്കങ്ങളാണ് പവര്‍ പ്ലേയില്‍ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ അഭിഷേകിനെ വീഴ്ത്താനായി പവര്‍ പ്ലേയില്‍ പന്തെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ കെണിയില്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വീണതോടെ ഇന്ത്യയുടെ പ്രതീക്ഷ തെറ്റി. അഭിഷേക് ഒറു സിക്സും രണ്ട് ഫോറും അടിച്ച് നന്നായി തുടങ്ങിയെങ്കിലും വലിയ സ്കോര്‍ നേടാനായില്ല. ആക്രമണോത്സുകത ഇല്ലാത്തതിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ട തിലക് വർമ്മ തുടക്കത്തിലെ വമ്പനടിക്ക് ശ്രമിച്ച് വീണതോടെ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായി.

79
കൂട്ടുകെട്ടുകളുടെ അഭാവം

ബാറ്റിംഗിൽ മികച്ച ഒരു കൂട്ടുകെട്ട് പോലും പടുത്തുയർത്താൻ ഇന്ത്യയ്ക്കായില്ല. സ്ഥിരതയോടെ കളിക്കുന്നതിന് പകരം അനാവശ്യമായി ആക്രമിച്ചു കളിക്കാൻ ശ്രമിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്. വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യൻ ഇന്നിംഗ്സ് തകരുകയായിരുന്നു. ഈ തോൽവിയോടെ സെമി ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ അടുത്ത മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.

89
തുടരുന്ന വിശ്വാസം

തുടര്‍ പരാജയങ്ങളില്‍ വലയുമ്പോഴും അഭിഷേക് ശര്‍മയിലും തിലക് വര്‍മയിലും തുടരുന്ന അമിതമായ വിശ്വാസം ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാന്‍ കിഷന് ഒരു മോശം ദിവസമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ കിഷന്‍ ആദ്യ ഓവറില്‍ മടങ്ങിയതോടെ തിലക് വര്‍മയുടെ ഇന്‍റന്‍റ് കൂടുതല്‍ പരീക്ഷിക്കപ്പെട്ടു. ഒടുവില്‍ ഇന്‍റന്‍റ് തെളിയിക്കാനായി രണ്ടാം പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച് തിലക് മടങ്ങി. പലപപ്പോഴും ഏഴാമനും എട്ടാമനുമായി ഫിനിഷ് ചെയ്യാനിറങ്ങുന്ന റിങ്കു സിംഗിന് ഈ ലോകകപ്പില്‍ ആകെ കളിച്ചത് 29 പന്തുകളാണ്. അമേരിക്കക്കെതിരെ 14 പന്തില്‍ 6, നമീബിയക്കെതിരെ ആറ് പന്തില്‍ 1, പാകിസ്ഥാനെതിരെ 4 പന്തില്‍ 11, നെതര്‍ലന്‍ഡ്സിനെതിരെ 3 പന്തില്‍ 6 ദക്ഷിണാഫ്രിക്കക്കെതികെ 2 പന്തില്‍ 0 എന്നിങ്ങനെയാണ് റിങ്കുവിന്‍റെ പ്രകടനം. നേടിയത് 24 റണ്‍സും. എന്നിട്ടും ഇടം കൈയന്‍മാരുടെ ആധിപത്യമുള്ള ടീമില്‍ റിങ്കുവിന് പകരം വലംകൈയനായ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ഇതുവരെ ടീം മാനേജ്മെന്‍റ് തയാറായാട്ടില്ല.

99
മഞ്ഞ് ചതിച്ചു

രാത്രി രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് കനത്ത മഞ്ഞുവീഴ്ച വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും ഇന്നലെ ഇന്ത്യയുടെ ബാറ്റിംഗ് സമയത്ത് മഞ്ഞു വീഴ്ചയില്ലാതിരുന്നത് ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. പേസര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും സ്ലോ ബോളുകള്‍ എറിഞ്ഞും ഫലപ്രദമായി എറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരും ഇന്ത്യയുടെ മുന്നേറ്റം ദുഷ്കരമാക്കി

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories