ലോകകപ്പിൽ അവസരം കുറഞ്ഞപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ ആദ്യം വിശ്വസിച്ചിരുന്നില്ലെന്ന് സഞ്ജു സാംസൺ വെളിപ്പെടുത്തി. കടുത്ത മാനസിക തളർച്ചയിൽ നിന്ന് കരകയറി, വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക പ്രകടനം നടത്താൻ ഈ തിരിച്ചടി തന്നെ സഹായിച്ചുവെന്നും താരം പറഞ്ഞു.
തിരുവനന്തപുരം: 2026 ഐസിസി ടി20 ലോകകപ്പിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. അന്ന് താരത്തിന് ആശ്വാസം പകരാന്‍ രോഹിത് ശര്‍മയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഞ്ജു. അവസരം ലഭിക്കാതിരുന്നപ്പോള്‍, തനിക്ക് ടീമില്‍ ഇനിയും വലിയ പങ്കുവഹിക്കാനുണ്ടെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ ആദ്യം താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയശില്‍പ്പിയാകുന്നതിന് മുന്‍പുള്ള മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം കടുത്ത മാനസിക തളര്‍ച്ചയിലായിരുന്നു താനെന്നും, രോഹിത് ശര്‍മ ആത്മവിശ്വാസം നല്‍കിയത് ഉള്‍കൊള്ളാന്‍ ഗ്രഹിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍... ''സത്യം പറഞ്ഞാല്‍, അന്ന് ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം തന്റെ അനുഭവസമ്പത്തിന്റെ പുറത്തായിരിക്കാം അത് പറഞ്ഞത്, പക്ഷേ അന്ന് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്റെ മുഖഭാവത്തില്‍ തന്നെ അത് വ്യക്തമായിരുന്നു.'' സഞ്ജു വ്യക്തമാക്കി.
ലോകകപ്പ് ആരംഭിച്ചതോടെ ആ നിരാശയില്‍ നിന്ന് കരകയറാന്‍ തനിക്ക് നാലോ അഞ്ചോ ദിവസങ്ങള്‍ വേണ്ടിവന്നെന്നും, ആ തിരിച്ചടി തന്നെ സ്വയം പരിശോധന നടത്താന്‍ പ്രേരിപ്പിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്, തന്റെ ലക്ഷ്യമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് താന്‍ മാനസികമായി വീണ്ടും തയ്യാറെടുക്കുകയായിരുന്നു എന്ന് സഞ്ജു പറഞ്ഞു. ഈ പുതിയ കാഴ്ചപ്പാടാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിര്‍ണ്ണായകമായതെന്നും, കരിയറിലെ ഏറ്റവും മികച്ച ചില ദിവസങ്ങളിലൊന്നായിരുന്നു അതെന്നും താരം വിശേഷിപ്പിച്ചു.
പവര്‍പ്ലേയ്ക്ക് ശേഷം സാധാരണയായി ആക്രമിച്ചു കളിക്കുന്നതാണ് തന്റെ ശൈമിയെങ്കിലും, വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതുകൊണ്ട് ആ മത്സരത്തിലെ സാഹചര്യത്തിനനുസരിച്ചാണ് താന്‍ ബാറ്റ് ചെയ്തതെന്ന് സഞ്ജു വ്യക്തമാക്കി. മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമുള്ള തന്റെ വികാരാധീനമായ ആഘോഷം വ്യക്തിപരമായ നേട്ടത്തിനപ്പുറം ദൈവത്തോടുള്ള നന്ദി പ്രകടനമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
താന്‍ പോലും അദ്ഭുതപ്പെട്ടുപോയ ചില ഷോട്ടുകള്‍ ആ മത്സരത്തില്‍ തന്നില്‍ നിന്നുണ്ടായെന്നും, ടീമിനെ സഹായിക്കാന്‍ സാധിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും സഞ്ജു വ്യക്തമാക്കി. തന്റെ അവസാന ശ്വാസം വരെ ആ നിമിഷം ഓര്‍മ്മിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

