
ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20 മത്സരത്തില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു സാംസണ് ടീം ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റേന്തുക എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. സൂര്യ തന്നെയായിരിക്കും നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുക. ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ബാറ്റേന്തുക എന്നാണ് വിലയിരുത്തലുകള്‍. വെടിക്കെട്ട് ഫിനിഷറുടെ റോളില്‍ റിങ്കു സിംഗിനെയും പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഇലവനില്‍ ഉറപ്പിക്കാം. ബൗളിംഗില്‍ അര്‍ഷ്‌ദീപ് സിംഗ്- ജസ്‌പ്രീത് ബുമ്ര പേസ് സഖ്യത്തിന്‍റെ പ്രകടനം ടീം ഇന്ത്യക്ക് നിര്‍ണായകമാകും. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നീ സ്‌പിന്‍ ഓപ്ഷനുകളും സ്‌ക്വാഡില്‍ ടീം ഇന്ത്യക്കുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ശേഷമാണ് സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിനെതിരെ ടി20 പോരില്‍ ഇറങ്ങാനിരിക്കുന്നത്. ജാര്‍ഖണ്ഡിനെതിരെ 95 പന്തില്‍ 101 റണ്‍സായിരുന്നു സഞ്ജുവിന്‍റെ നേട്ടം. 2025 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു സഞ്ജുവിന്‍റെ അവസാന രാജ്യാന്തര ടി20 മത്സരം. അന്നും സഞ്ജു സാംസണ്‍ ഓപ്പണറായിരുന്നു. 22 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 37 റണ്‍സായിരുന്നു സഞ്ജുവിന്‍റെ നേട്ടം. മത്സരത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിനായിരുന്നു. 168 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സഞ്ജുവിന്‍റെ അവസാന മത്സരങ്ങളിലെ കണക്കുകള്‍ അതുകൊണ്ടുതന്നെ ആരാധകരെ അധികം നിരാശരാക്കുന്നില്ല.
രാജ്യാന്തര ട്വന്‍റി 20യില്‍ ടീം ഇന്ത്യക്കായി സഞ്ജു സാംസണ്‍ ഇതുവരെ 52 മത്സരങ്ങളാണ് കളിച്ചത്. ഇതിലെ 44 ഇന്നിംഗ്‌സുകളില്‍ നേട്ടം 25 ശരാശരിയില്‍ 1032 റണ്‍സാണ് സഞ്ജു സാംസണിന്‍റെ നേട്ടം. സഞ്‍ജു സാംസണിന്‍റെ പ്രഹരശേഷി തന്നെയാണ് ഏറ്റവും ശ്രദ്ധേയം. ടി20 ഇന്‍റര്‍നാഷണില്‍ സഞ്ജുവിന് 148 ആണ് സ്‌ട്രൈക്ക് റേറ്റ്. ലോങ് ഇന്നിംഗ്‌സുകള്‍ കളിക്കുന്നില്ല എന്ന് പലരും പറയുമ്പോഴും മൂന്ന് വീതം സെഞ്ചുറികളും അര്‍ധസെഞ്ചുറികളും സഞ്ജുവിന്‍റെ പേരിനൊപ്പം കാണാം. സെഞ്ചുറി വേട്ടയില്‍ സഞ്ജുവിനെ വെല്ലാന്‍ എത്ര താരങ്ങളുണ്ട് എന്ന ചോദ്യം വളരെ ശ്രദ്ധേയം. 111 റണ്‍സാണ് സഞ്ജുവിന്‍റെ ഉയര്‍ന്ന ടി20 ഇന്‍റര്‍നാഷണല്‍ സ്കോര്‍. ആറ് തവണ ഡക്കായി എന്നതാണ് സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിന് ഒരു അപവാദം. 82 ഫോറും 58 സിക്‌സറുകളും നേടിയ കണക്ക് ബുക്കിലുണ്ട് സഞ്ജുവിന്‍റെ പ്രഹരശേഷി എന്നത് മറ്റൊരു വസ്‌തുത. ക്രീസില്‍ കാലുറപ്പിച്ചാല്‍, ബൗളര്‍മാരെ കൂസലില്ലാത്ത ആക്രമിക്കുന്നതില്‍ സഞ്ജുവിനോളം അപകടകാരിയായ ബാറ്റര്‍മാര്‍ അധികമില്ല എന്നതും യാഥാര്‍ഥ്യം.
രാജ്യാന്തര കരിയറിന്‍റെ തുടക്കം മുതല്‍ വിവിധ ബാറ്റിംഗ് പൊസിഷനുകളിലാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. ഐപിഎല്ലില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുമ്പോഴും രാജ്യാന്തര ടി20കളില്‍ അങ്ങനെയായിരുന്നില്ല സഞ്ജുവിന്‍റെ കാര്യം. ടോപ് ഓര്‍ഡറില്‍ വിവിധ സ്ഥാനങ്ങളില്‍ ബാറ്റേന്തേണ്ടിവന്നിട്ടുള്ള സഞ്ജുവിനെ ഏറെക്കാലം ടീം ഇന്ത്യ മധ്യനിരയില്‍ പരീക്ഷിച്ചിരുന്നു. ഫിനിഷറുടെ റോളിലേക്ക് സാഹസിക പരീക്ഷണവും സെലക്‌ടര്‍മാരും ടീം മാനേജ്‌മെന്‍റും സഞ്ജുവിനെ വച്ച് നടത്തി. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയും ചെയ്‌തു. സഞ്ജുവിന് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനാവുന്നില്ല എന്ന ചീത്തപ്പേര് മാത്രമാണ് ടീം മാനേജ്‌മെന്‍റിന്‍റെ ഈ സാഹസിക ശ്രമം സമ്മാനിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ കളികളില്‍ തിളങ്ങിയാല്‍ സ്വാഭാവികമായും സഞ്ജുവിന് അഞ്ച് മത്സരത്തിലും ഓപ്പണറുടെ വേഷം അണിയാം. പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് എന്നുള്ളതുകൊണ്ടുതന്നെ സഞ്ജുവിന്‍റെ ബാറ്റിലേക്ക് കൂടുതലായി ഉറ്റുനോക്കുന്നുണ്ട് ആരാധകര്‍. ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഫോം ഉറപ്പിക്കാന്‍ സഞ്ജുവിന് കിട്ടുന്ന സുവര്‍ണാവസരം കൂടിയാണ് ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പര.
സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്ററുടെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ നമുക്ക് കാണാനാവുക ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലാണ്. ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് ക്ലബിന് അരികില്‍ നില്‍ക്കുകയാണ് സഞ്ജു ഇപ്പോള്‍. 176 ഐപിഎല്‍ മത്സരങ്ങളില്‍ 4704 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികള്‍ ഐപിഎല്ലില്‍ സഞ്ജു സാംസണിനുണ്ട്. 119 റണ്‍സാണ് ഉയര്‍ന്ന ഐപിഎല്‍ സ്കോര്‍. ഐപിഎല്ലില്‍ 26 ഫിഫ്റ്റകളും തികച്ച ബാറ്ററാണ് സഞ്ജു സാംസണ്‍. 219 സിക്‌സറുകള്‍ എന്ന കണക്കുകള്‍ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ മലയാളിക്കരുത്തിന് തെളിവ്. ഐപിഎല്ലില്‍ 379 ഫോറുകളും സഞ്ജു പേരിലാക്കി. 30 ബാറ്റിംഗ് ശരാശരിയിലും 140നടുത്ത് സ്‌ട്രൈക്ക് റേറ്റുമുണ്ടായിട്ടുമാണ് സഞ്ജു സാംസണ് ടീം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാതിരുന്നത് എന്നതും വസ്‌തുതയാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ സഞ്ജു സാംസണ്‍ വരും ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!