ഇന്ത്യയുടെ ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് സൂര്യകുമാർ എന്നത് കേവലം ഒരു വര്‍ഷത്തെ മോശം പ്രകടനം കൊണ്ട് മായ്‌ച്ചുകളയാൻ കഴിയുന്നതല്ല

നമുക്കുമൊരു എബി ഡീവില്ലിയേഴ്‌സ് ഉണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. മൈതാനങ്ങളും എതിരാളികളും ലോകോത്തര ബൗളര്‍മാരുമെല്ലാം സൂര്യകുമാര്‍ യാദവിന് സമമായിരുന്ന കാലം. ഒരു ഗം ഓക്കെ ചവച്ച് വളരെ കൂളായി ക്രീസിലേത്തി ഗ്യാലറികളിലേക്ക് നിരന്തരം പന്തുകള്‍ കോരിയിട്ടിരുന്ന സൂര്യ. ഒരു വര്‍ഷം, ഒരൊറ്റ വര്‍ഷം, എബിഡിയുമായുള്ള താര്യതമ്യങ്ങളില്‍ നിന്ന് സൂര്യ അപ്രത്യക്ഷമായിരിക്കുന്നു, ഇന്ന് അയാള്‍ ഒരു ശരാശരി ബാറ്ററാണ്. കരിയര്‍ തുലാസില്‍ നില്‍ക്കെ ന്യൂസിലൻഡ് പരമ്പരയും ട്വന്റി 20 ലോകകപ്പും സൂര്യക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ്.

ട്വന്റി 20യില്‍ ഒരു അര്‍ദ്ധ സെഞ്ചുറിപോലുമില്ലാതെയാണ് ഇന്ത്യൻ നായകൻ 2025 അവസാനിപ്പിച്ചത്, അതും 21 മത്സരങ്ങളില്‍ നിന്ന്. ഒരു കളിയില്‍ പരാജയപ്പെടുന്ന താരങ്ങള്‍ക്ക് പോലും പുറത്തിരിക്കേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലുള്ളത്. മൂന്ന് ഫോര്‍മാറ്റുകളിലും ബാധകമായ ഒന്നാണിത്. നിരവധി ഉദാഹരണങ്ങളും മുന്നിലുണ്ട്. പക്ഷേ, നായകനെന്ന തലക്കെട്ടാണ് സൂര്യയെ രക്ഷിച്ചതെന്ന് പറയേണ്ടി വരും, അല്ലെങ്കില്‍ ട്വന്റി 20 ടീമില്‍ വലം കയ്യൻ ബാറ്റര്‍ക്ക് ഇടമില്ലാതെ പോകുമായിരുന്നവെന്നതില്‍ സംശയങ്ങളോ തര്‍ക്കങ്ങളോ ആവശ്യമില്ല.

2025ല്‍ 19 ഇന്നിങ്സുകളിലായി സൂര്യ സ്കോര്‍ ചെയ്തത് കേവലം 218 റണ്‍സാണ്, ശരാശരി 13 മാത്രം. സ്ട്രൈക്ക് റേറ്റിലുണ്ടായ ഇടിവാണ് ഏറ്റവും ആശങ്ക നല്‍കുന്ന കാര്യങ്ങളിലൊന്ന്. പോയ വര്‍ഷത്തെ സൂര്യയുടെ പ്രഹരശേഷി 123 മാത്രമാണ്. ഫുള്‍ ലെങ്ത് പന്തുകളില്‍ പോലും പുറത്താകുന്നത് പലകുറി കണ്ടു. ഫോര്‍മാറ്റില്‍ ആദ്യമായി സ്ട്രൈക്ക് റേറ്റ് 150ന് താഴെ പോയ വര്‍ഷം കൂടിയായി 2025നെ സൂര്യക്ക് അടയാളപ്പെടുത്താം. ഫോം വീണ്ടെടുക്കാനായി ആഭ്യന്തര ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കാര്യമായ ചലനങ്ങലുണ്ടായിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനും ഹിമാചാല്‍ പ്രദേശിനുമെതിരായ സ്കോറുകള്‍ പതിനഞ്ചും ഇരുപത്തിനാലുമായിരുന്നു.

പക്ഷേ, ഐപിഎല്ലില്‍ നേര്‍വിപരീതമായിരുന്നു കാര്യങ്ങള്‍. നായകന്റെ വേഷമണിയാതെ സൂര്യ മുംബൈ ഇന്ത്യൻസിനായി ക്രീസിലെത്തിയപ്പോള്‍ 16 ഇന്നിങ്സുകളില്‍ നിന്ന് 717 റണ്‍സ് സ്കോര്‍ ചെയ്തു. അഞ്ച് അര്‍ദ്ധ സെഞ്ചുറികളുള്‍പ്പെടെ ബാറ്റ് ചെയ്തത് 167 സ്ട്രൈക്ക് റേറ്റില്‍. ഒരു മത്സരത്തില്‍പ്പോലും സൂര്യ രണ്ടക്കം കടക്കാതെ ഇരുന്നില്ല, ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം ഫോമില്‍ ദീര്‍ഘകാലം തുടരുമ്പോഴാണ് ഈ പ്രകടനമുണ്ടായതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഒരുപക്ഷേ, ക്യാപ്റ്റൻസി സമ്മര്‍ദമായിരിക്കാം സൂര്യയെ ദുര്‍ബലപ്പെടുത്തുന്നത്.

ബാറ്റുകൊണ്ട് തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ നിരന്തരം പുലര്‍ത്തുന്ന താരമാണ് സൂര്യ. അവസാനം നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ മൂന്ന് കളിയില്‍ നിന്ന് താരം സ്കോര്‍ ചെയ്തത് 22 റണ്‍സ് മാത്രമാണ്. ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് ശേഷം ഫോമിനേക്കുറിച്ചുള്ള ചോദ്യങ്ങളോട് സൂര്യ പ്രതികരിച്ചതും ആത്മവിശ്വാസത്തോടെയായിരുന്നു. ന്യൂസിലൻഡ് പരമ്പര മുന്നിലുണ്ട് ഫോം വീണ്ടെടുക്കാൻ എന്നായിരുന്നു മറുപടി. ആ ന്യൂസിലൻഡ് പരമ്പരയ്ക്ക് തുടക്കമാകുകയാണ്.

ക്ലിയര്‍ ഇന്റന്റ് എന്ന തലക്കെട്ടോടെ പരിശീലന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സൂര്യ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് കളത്തില്‍ ആവര്‍ത്തിക്കാൻ ഇന്ത്യൻ നായകന് കഴിയുമോയെന്നതാണ് ആശങ്ക. ബാറ്റിങ്ങിലെ മികവ് നായകനെന്ന നിലയില്‍ സംഭവിച്ചിട്ടില്ല. സൂര്യയുടെ കീഴില്‍ ട്വന്റി 20യില്‍ സര്‍വാധിപത്യം പുലര്‍ത്തുകയാണ് ഇന്ത്യ. ലോകകപ്പിലെ ഹോട്ട് ഫേവറൈറ്റ്സും ഇന്ത്യ തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷേ, 35-ാം വയസില്‍ 100-ാം അന്താരാഷ്ട്ര ട്വന്റി 20ക്ക് തയാറെടുക്കുന്ന സൂര്യക്ക് വരുന്ന രണ്ട് മാസങ്ങള്‍ നിര്‍ണായകമാണ്.

ഇന്ത്യയുടെ ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് സൂര്യയെന്നത് ഒരു വര്‍ഷത്തെ മോശം പ്രകടനം കൊണ്ട് മായ്‌ച്ചുകളയാൻ കഴിയുന്നതല്ല. പക്ഷേ, അങ്ങനെയൊരു കരിയര്‍ ഒന്നുമല്ലാതെ അവസാനിക്കുക എന്നത് ദുഖകരമാണെന്ന് പറയേണ്ടി വരും. രോഹിത് ശര്‍മയ്ക്കോ വിരാട് കോഹ്‌ലിക്കോ രവീന്ദ്ര ജഡേജയ്ക്കൊ തങ്ങളുടെ ലെഗസി തെളിയിക്കാൻ കിരീടങ്ങളുടെ അലങ്കാരം അനിവാര്യമായിരുന്നില്ല. മൂന്ന് ഫോര്‍മാറ്റുകളിലും അവര്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ മാത്രം മതിയാകും അതിന്.

ഒരു ഫോര്‍മാറ്റില്‍ മാത്രം തുടരുന്ന സൂര്യക്ക് നായകനായി ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തുക എന്നത് തന്നെയായിരിക്കും കരിയറിനെ ഡിഫൈൻ ചെയ്യുന്ന നിമിഷം. കാരണം, ഇനിയൊരു അവസരം സൂര്യയെ തേടിയെത്താനുള്ള സാധ്യത വിരളമാണ്. ന്യൂസിലൻഡിനെതിരെ ഫോം വീണ്ടെടുത്തേ മതിയാകു ഇന്ത്യൻ നായകന്.