'ഞാന്‍ രാജ, അവന്‍ സൂര്യ' ; ടീം വിജയിക്കുമ്പോഴും എയറിലായി രാഹുലും ബുമ്രയും! ഭൂമിയിലും വായുവിലുമായി ഹിറ്റ്‌മാന്‍

First Published Sep 26, 2022, 12:16 PM IST

ടീം തെരെഞ്ഞെടുപ്പിലും അതിന് പിന്നാലെയുണ്ടായ പരാജയങ്ങളിലും അസ്വസ്ഥരായ ആരാധകര്‍ ഇന്നലത്തെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തോടെ വീണ്ടും ആഘോഷങ്ങള്‍ തുടങ്ങി. എന്നാല്‍, അപ്പോഴും ടീം ഇന്ത്യയിലെ ചിലരൊക്കെ എയറില്‍ തന്നെ. അതില്‍ പ്രധാനി, ടീം ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ കെ എല്‍ രാഹുലും ബൗളിങ്ങിന്‍റെ കുന്തമുനയായ ബുമ്രയും തന്നെ. സ്വാഭാവികമായും ഋഷഭ് പന്തുമുണ്ട് കൂട്ടത്തില്‍. ഓസ്ട്രേലിയക്കെതിരെ ടീം വിജയിച്ചതിനാല്‍ എയറിലാകുന്നതില്‍ നിന്ന് അല്പം ആശ്വാസമുണ്ടെന്നത് മാത്രമാണ് മിച്ചം. കളി ജയിച്ചപ്പോള്‍ ക്യാപ്റ്റന്‍റെ മികവെന്ന് പറഞ്ഞ് പതിവ് പോലെ ഹിറ്റ്മാന്‍ രംഗത്തുണ്ട്. അപ്പോഴും 'നാന്‍ രാജ, ഇത് സൂര്യ' കോംപോയും ഹിറ്റായി. 
 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി കാമറൂണ്‍ ഗ്രീനിന്‍റെ മിന്നും തുടക്കം ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ റണ്‍സ് നേടിക്കൊടുക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യ ഓവറുകളില്‍ റണ്‍സെടുക്കാന്‍ ഓസീസ് പാട് പെട്ടു. ഒടുവില്‍ ടിം ഡേവിഡും ഡാനിയേല്‍ സാംസും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മനിച്ചു. 

മികച്ച എക്കണോമി നിലനിര്‍ത്തി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഴിഞ്ഞ കളിയെല്ലാം മറന്ന് അക്സര്‍ ജഡേജയ്ക്ക് പകരം ഇന്ത്യന്‍ ടീമിലെത്തിയ താരമെന്നായി ആരാധകര്‍. 

ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി. പ്രത്യേകിച്ചും കെ എല്‍ രാഹുല്‍ . രാഹുല്‍ ഐപിഎല്ലില്‍ പുലിയാണെങ്കില്‍ അന്താരാഷ്ട്രാ മത്സരങ്ങളില്‍ കടലാസ് പുലിയാണെന്ന് ഇതോടെ ആരാധകര്‍ വിധിയെഴുതി. 

വിജയത്തിനായി ദാഹിച്ച് നടക്കുന്ന കിംഗായിരുന്നു അവസാന ഓവറുകളില്‍ കളത്തിലുണ്ടായിരുന്നത്. 20 ഓവറില്‍ പത്ത് റണായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. സാംസ് എറിഞ്ഞ ആദ്യ സ്ലോ പന്തിനെ വിരാട് കോലി തൂക്കിയെടുത്ത് പുറത്തിട്ടു. 

ഇതോടെ ആരാധകര്‍ ആവേശത്തിന്‍റെ കൊടുമുടി കയറി. അടുത്ത പന്തില്‍ വിജയമാഘോഷിക്കാനായി അവര്‍ ഒരുങ്ങിനിന്നു. എന്നാല്‍, രണ്ടാം പന്തിനെ എക്ട്രാ കവറിലേക്ക് വീശിയ കോലിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. അവിടെ ഫിഞ്ച് ഇന്ത്യയുടെ വിജയം വീണ്ടും വൈകിപ്പിച്ചു. 

കോലി പുറത്തേക്ക്. അവസാന ഓവറിലെ കോലിയുടെ വീഴ്ച ആരാധകരില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതും വിജയം ആഘോഷിക്കാനായി ഒരുങ്ങിനില്‍ക്കുമ്പോള്‍ കിംഗിന്‍റെ വിക്കറ്റ് തന്നെ പോവുക..,. അപ്രതീക്ഷിതവും അസംഭവ്യവുമായ ആ കാഴ്ച ചിലരില്‍ പരാജയത്തെ കുറിച്ചുള്ള മിന്നലാട്ടങ്ങളുയര്‍ത്തി. 

നാല് പന്തില്‍ അഞ്ച് റണ്‍സെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചതേയുള്ളൂ. തുടര്‍ന്ന് കളത്തിലിറങ്ങിയ ഡികെയ്ക്ക് വേണ്ടി ഗ്രൗണ്ട് അലറി വിളിച്ചു. ഡികെയും കളത്തിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും കുറച്ച് നേരെ കളി വിശകലനം ചെയ്തു. കഴിഞ്ഞ തവണ രണ്ട് പന്തില്‍ പത്ത് റണ്‍സെടുത്ത് കളി വിജയിപ്പിച്ച ഡികെയില്‍ ആരാധകര്‍ തങ്ങളുടെ ഭാരം നീക്കിവച്ചു. 

നിരാശയായിരുന്നു ഫലം. സാംസ് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിനെ ലോങ്ങ് ഓഫിലേക്ക് പായിച്ച് ഇരുവരും ഒരു റണ്‍ ഓടിയെടുത്തു. ബാറ്റിങ്ങ് പോസിഷനില്‍ വീണ്ടും ഹാര്‍ദിക്. സിക്സ് വിളികളില്‍ ഗ്യാലറി പ്രകമ്പനം കൊണ്ടു. 

എന്നാല്‍, അസ്വസ്ഥരായ ആരാധകരുടെ നെഞ്ചില്‍ കനല് കോരിയിട്ട് സാംസിന്‍റെ പന്ത് ഹാര്‍ദിക് പാണ്ഡ്യയേ പറ്റിച്ച് ഓഫ് സൈഡിന് അരികിലൂടെ കടന്ന് പോയി. നിരാശയുടെ നിശ്വാസങ്ങള്‍ ഗ്യാലറിയില്‍ ചങ്കിടിപ്പ് കൂട്ടി. 

രണ്ട് പന്ത് മൂന്ന് റണ്‍. ടീം എത്ര വലുതായാലും കളിക്കളത്തില്‍ ഏത് രാജാവായാലും ആരാധകര്‍ അസ്വസ്ഥരാകും. കളിക്കളത്തിലെ ചങ്കിടിപ്പാണ് ചിങ്കിടിപ്പ്. എന്നാല്‍, ഗ്യാലറിയിലെ ആരവങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയെ തരിമ്പും അസ്വസ്ഥനാക്കിയില്ല. 

അയാള്‍, തന്‍റെ സമയത്തിനായി കാത്തിരുന്നു. സാംസ് അസാന ഓവറിലെ അഞ്ചാം പന്തുമായി പറന്നെത്തി. തൊട്ട് മുമ്പത്തെ പന്തിന്‍റെ തുടര്‍ച്ചയായിരുന്നെങ്കിലും ഇത് വൈഡ് ബോളായിരുന്നു. എന്നാല്‍ ആദ്യത്തെ പന്ത് കൈവിട്ട പാണ്ഡ്യ രണ്ടാം പന്തിന് ഒരു അവസരം നല്‍കാന്‍ തയ്യാറല്ലായിരുന്നു. 

അയാള്‍ പന്തിനെ തേര്‍ഡ് മാനിലേക്ക് പായിച്ചു. രണ്ട് ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ പന്ത് അതിര്‍ത്തിയിലേക്ക്. ഇന്ത്യയ്ക്ക് വിജയം. അതുവരെ അശാന്തരായ ആരാധകര്‍ ആഘോഷത്തിമിര്‍പ്പിലേക്ക്... 

കളി കഴിഞ്ഞതോടെ കിംഗിന് പുതിയ പേര് വീണു. ചേയ്സിംഗ് കിംഗ്. കളി ഇന്ത്യ ജയിച്ചു. സീരീസും സ്വന്തമാക്കി. എന്നാല്‍, ഓപ്പണര്‍ കെ എല്‍ രാഹുലും ബോളിങ്ങിന്‍റെ ഇന്ത്യന്‍ കുന്തമുനയെന്ന് അറിയപ്പെടുന്ന ബൂം ബൂം ബുമ്രയും എയറിലായി. 

പതിവ് പോലെ കളി തുടങ്ങി നാല് ബോളില്‍ നിന്ന് ഒരു റണ്ണുമായി രാഹുല്‍, ക്യാപ്റ്റനോട് പറഞ്ഞത് ' ഞാന്‍ പോണേണ്, ഇങ്ങള് പതിവ് പോലെ കളി ജയിപ്പിച്ചോളീ'ന്നാന്ന് ട്രോളന്മാര്‍. ബുമ്രയേയും വിട്ടില്ല. ഓസീസ് ടീമില്‍ ടോപ്പ് സ്കോററായ ടിം ഡേവിഡുമായിട്ടായിരുന്നു ബുമ്രയെ താരതമ്യം ചെയ്തത്. 

27 പന്തില്‍ നിന്ന് 54 റണ്ണായിരുന്നു ടിം ഡേവിഡ് അടിച്ചെടുത്തത്. ബുമ്രയാകട്ടെ 24 പന്തില്‍ 50 റണ്‍സ് വിട്ടുകൊടുക്കുകയായിരുന്നു. ഇതിനിടെ ഓസീസ് ഓപ്പണര്‍ കാമറോണ്‍ ഗ്രിന്നിനെയും പുകഴ്ത്തി ട്രോളിറങ്ങി. ഓസ്ട്രേലിയയ്ക്ക് 58 റണ്‍സ് അതില്‍ 50 ഉം അടിച്ചെടുത്തത് ഗ്രിന്ന് ഒറ്റയ്ക്ക്.  

വിജയത്തിന് അഞ്ച് റണ്‍ മുമ്പ് പവലിയനിലേക്ക് കയറിയ കോലി, രോഹിത്തിന് സമീപത്തായി ഇരിക്കുമ്പോഴായിരുന്നു ഹാര്‍ദീക് പാണ്ഡ്യ വിജയ റണ്‍ നേടുന്നത്. ഇതോടെ സന്തേഷത്തോടെ എഴുന്നേറ്റ കോലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ആലിംഗനം ചെയ്ത് പുറത്ത് തട്ടി.

തിരിച്ച് കോലിയെ രോഹിതും ആലിംഗനം ചെയ്തു. ഈ ഒരു കാഴ്ചയാണ് ഞങ്ങള്‍ക്കും വേണ്ടെതെന്നായി ട്രോളന്മാര്‍. ഇതിനിടെ 21 പന്തില്‍ 52 റണ്ണെടുത്ത കാമറോണ്‍ ഗ്രിന്നിനെ അടുത്ത ഐപിഎല്ലിലേക്ക് റാഞ്ചാന്‍ ഇപ്പോഴെ ടീമുകള്‍ ഒരുങ്ങിയെന്ന മുന്നറിയിപ്പും ട്രോളന്മാര്‍ നല്‍കി. 

സൂര്യ കുമാര്‍ യാദവിനെ ചെറുതല്ലാത്ത അഭിനന്ദന പ്രവാഹമെത്തി. 'ഞാന്‍ രാജ, അവന്‍ സൂര്യ' എന്ന പോക്കിരിരാജയിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗാണ് അതില്‍ പ്രധാനം. ഇരുവരുടെയും ഇന്നിംഗ്സ് ആണ് ഇന്നലെ ഇന്ത്യയെ വിജയ വഴിയിലെത്തിച്ചത്. 

ഓപ്പണറായ കെ എല്‍ രാഹുല്‍ ഒരു റണ്ണുമായി കൂടാരം കയറിയപ്പോള്‍ 14 പന്തില്‍ ഒരു സിക്സും രണ്ട് ഫോറുമായി 17 റണ്ണായിരുന്നു ഹിറ്റ്മാനായ ക്യാപ്റ്റന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ വിരാട് കോലിയും സൂര്യകുമാര്‍ യാദവും നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് വിജയം നേടി തന്നത്. 

36 പന്തില്‍ നിന്ന് 69 റണ്‍സാണ് സൂര്യ കുമാര്‍ യാദവിന്‍റെ നേട്ടം. ഇതിനിടെ അഞ്ച് ഫോറും അഞ്ച് സിക്സും സൂര്യകുമാര്‍ പറത്തി. സൂര്യകുമാറിന് മികച്ച പിന്തുണയാണ് കോലി നല്‍കിയത്. സൂര്യ കുമാര്‍ യാദവ് കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യ 3.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സായിരുന്നു എടുത്തിരുന്നത്.

സൂര്യ കുമാര്‍ യാദവ് ഔട്ടായി പുറത്ത് പോകുമ്പോള്‍ ഇന്ത്യ 13.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 134 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഓസീസ് കളിക്കാരെ തല്ലി പറത്തി അവശനായ സൂര്യ കുമാര്‍ യാദവും ട്രോളുകളില്‍ നിറഞ്ഞു. 

ഇതിനിടെ അടുത്തകാലത്തായി 19 -ാം ഓവറില്‍ ഇടറി വീഴുന്ന ഭുവിക്കെതിരെയും ട്രോളന്മാരെത്തി. ഇത്തവണ 19 -ാം ഓവറിലെ റണ്‍സ് വഴങ്ങി എന്ന ചീത്ത പേര് മാറ്റിയെന്നും ഭുവി മാറ്റിയെന്നും അത് 18 -ാം ഓവറില്‍ തന്നെ കൊടുത്ത് കാര്യങ്ങള്‍ സെറ്റില്‍ ചെയ്തുവെന്നുമാണ് ട്രോളന്മാര്‍ പറയുന്നത്. 

അവസാന ഓവറുകളിലെ ടെന്‍ഷന്‍ ട്രോളുകളുമായി ചിലരെത്തി. കളിയൊന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ എന്ന് ചാഞ്ചാടി നില്‍ക്കുമ്പോള്‍ മനസമാധാനം എങ്ങനെയുണ്ടാകുമെന്നാണ് ട്രോളന്മാരുടെ ചോദ്യം. 

കാര്യം ക്യാപറ്റന്‍ കളി മറന്നെങ്കിലും ഹിറ്റ്മാന്‍ ഇന്നും ഹിറ്റ്മാന്‍ തന്നാടായെന്നാണ് ആരാധക പക്ഷം. ഹിറ്റ് മാന്‍ എതിരാളികള്‍ക്ക് നേരെ നേടിയ വിജയങ്ങളുടെ കണക്കുകളുമായി ചില ട്രോളുകളെത്തി. 

ടീം ആടിയുലയില്ലെന്നും ടീമിനൊരു കപ്പിത്താനുണ്ടെന്നും ട്രോളന്മാര്‍ വീണ്ടും ഉറപ്പിച്ചു. അതോടൊപ്പം ആദ്യ കളി ജയിച്ചത് കൊണ്ടെന്നും ഇന്ത്യയെ അങ്ങ് തോപ്പിച്ച് സീരീസ് സ്വന്തമാക്കാമെന്ന വിചാരം ആര്‍ക്കും വേണ്ടെന്നും ഇത് ഇന്ത്യയാണെന്നും ട്രോളന്മാര്‍ ഓര്‍മ്മപ്പെടുത്തുന്നു. 

click me!