ടി20 റാങ്കിംഗിലും സഞ്ജുവിനെ ബഹുദൂരം പിന്നിലാക്കി ഇഷാന്‍ കിഷന്‍, റെക്കോര്‍ഡ് കുതിപ്പ്, ലോകകപ്പിന് മുമ്പ് ബുമ്രക്കും തിരിച്ചടി

Published : Feb 04, 2026, 04:06 PM IST

ന്യൂസിലൻഡിനെതിരായ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ വെടിക്കെട്ട് താരം ഇഷാൻ കിഷൻ. സൂര്യകുമാർ യാദവ് റാങ്ക് മെച്ചപ്പെടുത്തിയപ്പോൾ, അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി.

PREV
110
ലോകകപ്പിന് മുമ്പുള്ള അവസാന റാങ്കിംഗ്

ഐസിസി ടി20 റാങ്കിങ്ങിൽ വൻ കുതിച്ചുചാട്ടവുമായി ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ കിഷന്‍റെ കുതിപ്പിന് കാരണമായത്. ടി20 ലോകകപ്പിനു മുമ്പുള്ള അവസാന റാങ്കിംഗാണിത്. ബാറ്റിംഗ് റാങ്കിങ്ങിലെ ആദ്യ 10 സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളുണ്ട്.

210
റെക്കോര്‍ഡ് കുതിപ്പുമായി കിഷന്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിൽ കാര്യവട്ടത്ത് നടന്ന അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 32 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 32-ാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരെ നാലു കളികളില്‍ 53.75 ശരാശരിയിലും 231.18 സ്ട്രൈക്ക് റേറ്റിലും 215 റണ്‍സടിച്ച പ്രകടനമാണ് ടി20 ബാറ്റിംഗ് റാങ്കിംഗില്‍ കിഷന്‍റെ കുതിപ്പിന് കാരണമായത്.

310
നിലമെച്ചപ്പെടുത്തി സൂര്യയും

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 80.67 ശരാശരിയിലും 196.75 സ്ട്രൈക്ക് റേറ്റിലും 242 റണ്‍സെടുത്ത് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം ഉയര്‍ന്ന് ആറാം സ്ഥാനത്തെത്തി.

410
അഭിഷേകിന് പോയന്‍റ് നഷ്ടം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ അഞ്ച് മത്സരങ്ങളില്‍ 182 റണ്‍സെടുത്ത് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ തൊട്ടു മുന്‍ റാങ്കിംഗില്‍ 929 റേറ്റിംഗ് പോയന്‍റുണ്ടായിരുന്ന അഭിഷേകിന് പുതിയ റാങ്കിംഗില്‍ 917 റേറ്റിംഗ് പോയന്‍റായി കുറഞ്ഞു.

510
തിലകിന് സ്ഥാന നഷ്ടം

മൂന്നാം റാങ്കിലുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മക്ക് പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ പരമ്പര പൂര്‍ണമായും നഷ്ടമായത് റാങ്കിംഗിലും പ്രതിഫലിച്ചു. ഒരു സ്ഥാനം താഴേക്കിറങ്ങിയ തിലക് നാലാം സ്ഥാനത്തായപ്പോള്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ തിലകിന്‍റെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

610
മുന്നേറി പാക് താരങ്ങളും

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയത് പാകിസ്ഥാൻ താരങ്ങൾക്ക് റാങ്കിങ്ങിൽ വലിയ നേട്ടമായി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ താരം സിക്കന്ദർ റാസയെ മറികടന്ന് പാകിസ്ഥാന്‍റെ സയ്യിം അയൂബ് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ബൗളിംഗ് റാങ്കിംഗില്‍ പാകിസ്ഥാന്‍റെ അബ്രാർ അഹമ്മദ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

710
കുതിച്ച് ഗ്രീനും

ബാറ്റിംഗ് റാങ്കിംഗില്‍ ഇഷാന്‍ കിഷന് പുറമെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തോടെ ഗ്രീന്‍ 16 സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

810
ബൗളിംഗില്‍ വരുണ്‍ തന്നെ ചക്രവര്‍ത്തി

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിച്ച ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ 10ല്‍ മറ്റ് ഇന്ത്യൻ ബൗളര്‍മാരാരുമില്ല. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഏഴ് സ്ഥാനം ഉയര്‍ന്ന പാകിസ്ഥാന്‍റെ മുഹമ്മദ് നവാസ് ഏഴാം സ്ഥാനത്തെത്തി.

910
ബുമ്രക്ക് തിരിച്ചടി, അര്‍ഷ്ദീപിനും കുല്‍ദീപിനും നേട്ടം

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ അര്‍ഷ്ദീപ് സിംഗ് രണ്ട് സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ 3 സ്ഥാനം ഉയര്‍ന്ന് പതിനേഴാം സ്ഥാനത്തും കുല്‍ദീപ് രണ്ട് സ്ഥാനം ഉയര്‍ന്ന് 24-ാം സ്ഥാനത്തും എത്തി. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ നിരാശപ്പെടുത്തിയ ജസ്പ്രീത് ബുമ്ര രണ്ട് സ്ഥാനം താഴേക്കിറങ്ങി പതിനഞ്ചാം സ്ഥാനത്തായി.

1010
റാങ്കിംഗിലും തിരിച്ചടി നേരിട്ട് സഞ്ജുവും ഗില്ലും

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ നിന്ന് 46 റണ്‍സ് മാത്രം നേടിയ മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിലും കനത്ത തിരിച്ചടി നേരിട്ടു. ബാറ്റിംഗ് റാങ്കിംഗില്‍ അഞ്ച് സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു ഹാര്‍ദ്ദിക് പാണ്ഡ്യക്കും പിന്നില്‍ 56-ാം സ്ഥാനത്താണ്. ടി20 ടീമില്‍ നിന്ന് പുറത്തായ ശുഭ്മാന്‍ ഗില്‍ 9 സ്ഥാനം താഴേക്കിറങ്ങി 43-ാം സ്ഥാനത്തേക്ക് വീണു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories