SAvIND : അജിന്‍ക്യ രഹാനെയോ, അയ്യരോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍

First Published Dec 25, 2021, 4:55 PM IST

ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ പ്രധാന തലവേദന മധ്യനിരയാണ്. മോശം ഫോമിലാണെങ്കിലും അജിന്‍ക്യ രഹാനെയെ (Ajinkya Rahane) പരിചയസമ്പത്തിന്റെ പുറത്ത് കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) അവസരം നല്‍കണമെന്നാണ് മറ്റൊരു വാദം. എന്തായാലും അഞ്ച് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുക. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ സാധ്യതാ ഇലവന്‍ എങ്ങനെയെന്ന് നോക്കാം..

മായങ്ക് അഗര്‍വാള്‍

ന്യുസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായ മായങ്ക് അഗര്‍വാളായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ മായങ്കിനെ പരിഗണിക്കും. ശുഭ്മാന്‍ ഗില്‍ ടീമിലില്ലാത്തതും താരത്തിന് ഗുണം ചെയ്യും. 

കെ എല്‍ രാഹുല്‍

വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ സഹഓപ്പണറാവും. പരിക്കിനെ തുടര്‍ന്ന് താരത്തിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. രോഹിത് പരിക്കേറ്റ് പുറത്തായപ്പോഴാണ് രാഹുല്‍ വൈസ് ക്യാപ്റ്റനാകുന്നത്.

ചേതേശ്വര്‍ പൂജാര

മികച്ച ഫോമിലല്ലെങ്കില്‍ കൂടി പൂജാരയ്ക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടില്ലെങ്കിലും ന്യൂബോള്‍ ആക്രമണത്തിന്റെ മുനയൊടിക്കാന്‍ പൂജായ്ക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്‌മെന്റ്. 

വിരാട് കോലി

നായകന്‍ വിരാട് കോലിയെ പതിവു നാലാം നമ്പറില്‍ നിന്ന് മാറ്റാനാകില്ല. കോലിയും മികച്ച ഫോമിലൊന്നുമല്ല. 2019 ഡിസംബറിലാണ് കോലി അവസാനമായി അന്താരാഷ്ട്ര സെഞ്ചുറി നേടുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നായകസ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് താരം ഫോമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

അജിന്‍ക്യ രഹാനെ

മുന്‍ വൈസ് ക്യാപ്റ്റനായ രഹാനെയ്ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. പരിചയസമ്പത്തിന്റെ പുറത്താണിത്. മാത്രമല്ല, താരത്തിന് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മികച്ച റെക്കോര്‍ഡുമുണ്ട്. ഇതോടെ ശ്രേയസ് അയ്യര്‍ പുറത്തിരിക്കും. 

റിഷഭ് പന്ത്

വൃദ്ധിമാന്‍ സാഹ ടീമിനൊപ്പമുണ്ടെങ്കിലും റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്നു താരം. ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ സാഹയായിരുന്നു വിക്കറ്റിന് പിന്നില്‍.

ആര്‍ അശ്വിന്‍

ടീമിലെ ഏക സ്പിന്നര്‍ അശ്വിനായിരിക്കും. സാധാരണ വിദേശ പിച്ചുകളില്‍ രവീന്ദ്ര ജഡേജയാണ് കളിക്കാറുള്ളത്. എന്നാല്‍ ജഡേജക്ക് പരിക്കേറ്റതിനാല്‍ അശ്വിന് അവസരം തെളിയും. മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്ന അശ്വിനെ തഴയാനാവില്ല.

മുഹമ്മദ് ഷമി

ഇന്ത്യയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഷമി. ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികയ്ക്കാം. 

ഇശാന്ത് ശര്‍മ

ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ പിച്ചുകളാണ് ഇശാന്തിന്റേയും പ്രതീക്ഷ. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ കളിച്ചെങ്കിലും തിളങ്ങാനായില്ല. പിന്നാലെ രണ്ടാം ടെസ്റ്റില്‍ പുറത്തായി.

മുഹമ്മദ് സിറാജ്

അടുത്തകാലത്ത് ഏറെ പുരോഗതി കൈവരിച്ച താരമാണ് മുഹമ്മദ് സിറാജ്. ടെസ്റ്റില്‍ ഇന്ത്യയുടെ പ്രധാനതാരമായി സിറാജ് മാറി. ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ കളിച്ച സിറാജ് മുന്‍നിര താരങ്ങളെ മടക്കിയിരുന്നു.

ജസ്പ്രിത് ബുമ്ര

വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ വജ്രായുധമാണ് ബുമ്ര. 22 വിദേശ ടെസ്റ്റുകളില്‍ 97 വിക്കറ്റുകളാണ് ബുമ്ര നേടിയത്. ഇനി മൂന്നു പേരെ കൂടി പുറത്താക്കാനായാല്‍ അദ്ദേഹത്തിനു വിദേശ മണ്ണില്‍ വിക്കറ്റുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് താരം ഇന്ത്യയില്‍ കളിച്ചത്.

click me!