Ajaz Patel : പെര്‍ഫെക്‌ട് 10ന് പത്തരമാറ്റ് അഭിനന്ദനം; അജാസ് പട്ടേലിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം

First Published Dec 4, 2021, 3:02 PM IST

മുംബൈ: അവിശ്വസനീയം എന്ന വാക്കുകൊണ്ടല്ലാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സിലെ 10 വിക്കറ്റ് (10 Wickets in an Innings) നേട്ടത്തില്‍ ഒരു ബൗളറെ അഭിനന്ദിക്കാനാവില്ല. ഇന്ത്യക്കെതിരായ മുംബൈ ടെസ്റ്റില്‍ (India vs New Zealand 2nd Test) ആദ്യ ഇന്നിംഗ്‌സിലാണ് 10 വിക്കറ്റും കൊയ്‌ത് ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേല്‍ (Ajaz Patel) അതുല്യനേട്ടം കീശയിലാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാം താരമാണ് അജാസ്. ജിം ലേക്കറും (Jim Laker) അനില്‍ കുംബ്ലെയും (Anil Kumble) മാത്രമാണ് ടെസ്റ്റില്‍ മുമ്പ് ഈ സുവര്‍ണ നേട്ടത്തിലെത്തിയിട്ടുള്ളൂ. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 12 മെയ്‌ഡന്‍ ഓവറുകള്‍ അജാസ് എറിഞ്ഞു. 

ക്രിക്കറ്റില്‍ സ്വന്തമാക്കാന്‍ പ്രയാസമുള്ള ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഇന്നിംഗ്‌സിലെ 10 വിക്കറ്റ് എന്നാണ് അഭിനന്ദന ട്വീറ്റില്‍ ഇന്ത്യന്‍ മുന്‍താരം വീരേന്ദര്‍ സെവാഗ് കുറിച്ചത്. 

ചരിത്ര നേട്ടത്തില്‍ അജാസിനെ അഭിനന്ദിച്ച മറ്റൊരാള്‍ ഇന്ത്യന്‍ മുന്‍ പേസര്‍ മുനാഫ് പട്ടേലാണ്. വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അജാസിന്‍റെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്.

ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്കും അജാസിനെ അഭിനന്ദിച്ചു. ജന്‍മസ്ഥലമായ മുംബൈയിലാണ് അജാസ് ചരിത്രം കുറിച്ചത് എന്ന് ഡികെ ഓര്‍മ്മിപ്പിച്ചു. 

അജാസ് പട്ടേലിന്‍റെ 10 വിക്കറ്റിനെ അസാധാരണ നേട്ടം എന്ന് വിശേഷിപ്പിച്ചു ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. 

പെര്‍ഫെക്‌ട് 10 ക്ലബിലേക്ക് അജാസ് പട്ടേലിനെ സ്വാഗതം ചെയ്‌ത് മുന്‍ഗാമി അനില്‍ കുംബ്ലെയുടെ ട്വീറ്റുമുണ്ടായിരുന്നു. 

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും ട്വീറ്റുമായി രംഗത്തെത്തി. ഇതുവരെ കണ്ട ഏറ്റവും വിസ്‌മയകരമായ കാഴ്‌ച എന്നായിരുന്നു ഫിഞ്ചിന്‍റെ വാക്കുകള്‍. 

അജാസ് വീഴ്‌ത്തിയ 10 വിക്കറ്റുകളും ഇന്ത്യയുടേതാണെങ്കിലും ക്രിക്കറ്റിന്‍റെ മഹത്വം വെളിവാക്കുന്ന ഗംഭീര ട്വീറ്റാണ് ബിസിസിഐ പങ്കുവെച്ചത്. ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ കയ്യടിക്കുന്ന ദൃശ്യം സഹിതമായിരുന്നു ഈ ട്വീറ്റ്. 

click me!