ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ ഇന്ത്യ 50 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും വെടിക്കെട്ട് ബാറ്റിംഗുമായി ആരാധകരുടെ മനം കവര്‍ന്ന് ശിവം ദുബെ. ഇഷ് സോധി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ 3 സിക്സും രണ്ട് ഫോറും പറത്തിയ ദുബെ 15 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്.
27
ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ മൂന്നാമത്തെ 50
വെറും 15 പന്തിൽ അർധസെഞ്ചുറി തികച്ച ശിവം ദുബെ റെക്കോർഡ് ബുക്കിലും ഇടം നേടി. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ മൂന്നാമത്തെ അതിവേഗ ഫിഫ്റ്റിയാണിത്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ യുവരാജ് സിംഗും ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ 14 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് ശര്‍മയും മാത്രമാണ് ദുബെയുടെ മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഇംഗ്ലണ്ടിനെതിരെ 17 പന്തില്‍ ഫിഫ്റ്റി അടിച്ച അഭിഷേക് ശര്‍മയെയും ഇതോടെ ദുബെ പിന്നിലാക്കി.
37
ഇഷ് സോധിക്കെതിരെ തൂക്കിയടി
ഇഷ് സോധിയെറിഞ്ഞ പന്ത്രണ്ടാം ഓവറിലാണ് ദുബെ വിശ്വരൂപം പുറത്തെടുത്തത്. ആദ്യ പന്തില്‍ ഡബിളെടുത്ത ദുബെ പിന്നീട് 4, 6, 4, 6, 6, എന്നിങ്ങനെ തൂക്കിയടിച്ച് 28 റണ്‍സടിച്ചു. ഒരു വൈഡ് കൂടി ലഭിച്ചതോടെ ഓവറില്‍ 29 റൺസ് പിറന്നു. ദുബെ അടിച്ചൊരു സിക്സര്‍ 101 മീറ്റര്‍ ദൂരത്താണ് പതിച്ചത്. ഒരോവറില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററുമായി ദുബെ.
ജേക്കബ് ഡഫി എറിഞ്ഞ പതിമൂന്നാം ഓവറിലെ മൂന്നാം പന്ത് സിക്സിന് തൂക്കിയ ശിവം ദുബെ 13 പന്തില്‍ 46 റണ്‍സിലെത്തിയെങ്കിലും ഫുൾടോസായ അടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതായി അമ്പയര്‍ വിധിച്ചു. ക്രീസ് വിട്ട് ഡഗ് ഔട്ടിലേക്ക് നടക്കാനൊരുങ്ങിയ ദുബെയോട് ഹര്‍ഷിത് റാണയാണ് റിവ്യു എടുക്കാന്‍ ആവശ്യപ്പെട്ടു. റിവ്യു എടുത്തപ്പോള്‍ ദുബെയുടെ ബാറ്റില്‍ കൊണ്ടശേഷമാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായി.ഇതോടെ അമ്പയര്‍ തീരുമാനം തിരുത്തി. ഡഫിയുടെ അടുത്ത പന്ത് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിലൂടെ സിക്സിന് തൂക്കിയ ദുബെ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്.
67
നിര്‍ഭാഗ്യകരം ഈ പുറത്താകല്‍
23 പന്തില്‍ 65 റണ്‍സെടുത്ത ദുബെ മറുവശത്ത് ഹര്‍ഷിത് റാണയെ കാഴ്ചക്കാരനാക്കി നിര്‍ത്തി അടി തുടങ്ങിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയായി. എന്നാല്‍ മാറ്റ് ഹെന്‍റി എറിഞ്ഞ പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ ദുബെ നിർഭാഗ്യകരായി റണ്ണൗട്ടായത് ഇന്ത്യയുടെ വിധിയെഴുതി. ഹര്‍ഷിത് റാണ അടിച്ച സ്ട്രൈറ്റ് ഡ്രൈവ് ഹെന്‍റിയുടെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റില്‍ കൊണ്ടപ്പോള്‍ ദുബെ ക്രീസിന് പുറത്തായിരുന്നു. 23 പന്തില്‍ 65 റണ്‍സെടുത്ത ദുബെ 7 സിക്സും മൂന്ന് ഫോറും പറത്തി. ദുബെ പുറത്തായതോടെ ഇന്ത്യയുടെ പോരാട്ടവും തീര്‍ന്നു.
77
പാഴായ പോരാട്ടം
ദുബെ പൊരുതിയെങ്കിലും ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയെ 50 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡിന് ആശ്വാസജയം സ്വന്തമാ്കി. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 23 പന്തില്‍ 65 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 30 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!