ഗാംഗുലി വിളിച്ചാല്‍ വരാതിരിക്കാനാവില്ല! തൊട്ടതെല്ലാം പൊന്നാക്കിയ പരിശീലകന്‍, ദ്രാവിഡ് വീണ്ടുമെത്തുമ്പോള്‍..!

First Published Oct 16, 2021, 3:47 PM IST

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സീനിയര്‍ ടീമിന്റെ പരിശീലകനാകുന്നു എന്നാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐ സ്ഥിരീകരിച്ചില്ലെങ്കിലും വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് ദ്രാവിഡിന്റെ കരാര്‍. വരുന്ന ടി20 ലോകകപ്പിന് ശേഷം ദ്രാവിഡ് സ്ഥാനമേറ്റെടുക്കും. രവി ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെയാണ് ദ്രാവിഡ് എത്തുക. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലായിക്കും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഔദ്യോഗികമായി പരിശീലക സ്ഥാനം ഏറ്റെടുക്കുക.

ബിസിസിഐ വക്താവിന്റെ വാക്കുകള്‍

'ടീം ഇന്ത്യയുടെ അടുത്ത കോച്ചാവാമെന്ന് രാഹുല്‍ ദ്രാവിഡ് സമ്മതിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവന്‍ സ്ഥാനത്തുനിന്ന് അദേഹം ഉടന്‍ പടിയിറങ്ങും' എന്നും ബിസിസിഐ വക്താവ് ഐപിഎല്‍ ഫൈനലിന് ശേഷം വ്യക്തമാക്കി. 

'എന്‍സിഎ തലവനായി ദ്രാവിഡിനെ കഴിഞ്ഞ മാസം വീണ്ടും നിയമിച്ചിരുന്നു. എന്നാല്‍ കരുത്തനായ പരിശീലകന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോകണം എന്നാണ് ബിസിസിഐയുടെ ആഗ്രഹം.' അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനം ചെയ്തയാളാണ് ദ്രാവിഡ്. ഈ താരങ്ങളെ ബൗളിംഗ് കോച്ച് പരസ് മാബ്രേക്കും അറിയാം. അതുകൊണ്ട് ഇരുവരേയും ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടേയും പ്രതീക്ഷ.' ബിസിസിഐ വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരിശീലകനായി മികച്ച റെക്കോഡുള്ള താരമാണ് ദ്രാവിഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദ്രാവിഡ് വിരമിച്ചിട്ട് പത്ത് വര്‍ഷമാകുന്നു. അതിനിടെയാണ് പരിശീലകസ്ഥാനം. അദ്ദേഹം പരിശീലകനായപ്പോഴെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

പരിശീലകനായുള്ള തുടക്കം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ദ്രാവിഡ് ആദ്യമായി പരിശീലകനാകുന്നത്. കോച്ച് ആവുന്നതിന് മുമ്പ് രാജസ്ഥാന്‍ താരം ക്യാപ്റ്റന്‍ കൂടിയായിരുന്നു ദ്രാവിഡ്.

2014 ലാണ് ദ്രാവിഡ് പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. അന്ന് പ്ലേഓഫ് ബെര്‍ത്ത് നിര്‍ഭാഗ്യം കൊണ്ടാണ് നഷ്ടമായത്. 

തൊട്ടടുത്ത സീസണില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ രാജസ്ഥാനായി. മൂന്നാം സ്ഥാനത്താണ് ടീം അവസാനിപ്പിച്ചത്. എന്നാല്‍ എലിമിനേറ്ററില്‍ ആര്‍സിബിയോട് തോറ്റ് പുറത്തായി.

ഇന്ത്യ എ, അണ്ടര്‍ 19 പരിശീലകന്‍

രാജസ്ഥാനുമായുള്ള കരാര്‍ അവസാനിച്ചതോടെ ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി. ഇക്കാലയളില്‍ യുവതാരങ്ങളുടെ ഉദയം കണ്ടു. 

2016 അണ്ടര്‍ 19 ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ ദ്രാവിഡിന് സാധിച്ചു. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ കീഴില്‍ വളര്‍ന്നവന്നു.

വീണ്ടും ഐപിഎല്‍

അണ്ടര്‍ 19 പരിശീലകനായിരുന്നപ്പോള്‍ ഒരിക്കല്‍കൂടി ദ്രാവിഡ് ഐപിഎല്ലിനെത്തി. ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു. എന്നാല്‍ രണ്ട് സീസണിലും ആറാമതായിരുന്നു ടീം.

പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തിരിക്കുന്നവര്‍ ഐപിഎല്ലിന്റെ ഭാഗമാവരുതെന്ന് നിയമം വന്നു. ഇതോടെ അദ്ദേഹം ഐപിഎല്‍ ഉപേഷിച്ച് മുഴുവന്‍ സമയ അണ്ടര്‍ 19, ഇന്ത്യ എ പരിശീലകനായി. 

ലോകകപ്പ് നേട്ടം

2018ല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇറങ്ങിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് ഉയര്‍ത്തി. പൃഥ്വി ഷാ ആയിരുന്നു ടീം ക്യാപ്റ്റന്‍. ഷാ, ശുഭ്മാന്‍ ഗില്‍, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി എന്നിവര്‍ ടൂര്‍ണമെന്റിന്റെ കണ്ടെത്തലായിരുന്നു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍

2019ല്‍ എന്‍സിഎ തലവനായി ദ്രാവിഡ് ചുമതലയേറ്റു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു അതിന് പിറകളില്‍. യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നുള്ളതായിരുന്നു ദ്രാവിഡിന്റെ ജോലി.

സീനിയര്‍ ടീമിന്റെ പരിശീലകന്‍

ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി. പ്രധാന താരങ്ങളെ കൂടാതെയാണ് ടീം ശ്രീലങ്കയിലെത്തിയത്. 

പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയിരുന്ന സമയത്ത് തന്നെയായിരുന്നു ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനവും. അതോടെ രവി ശാസ്ത്രിക്ക് പകരം ദ്രാവിഡിനെ ശ്രീലങ്കയിലേക്ക് അയക്കുകയായിരുന്നു. 

എന്നാല്‍ പ്രതീക്ഷിച്ച ഫലം ഇന്ത്യക്ക് ലഭിച്ചില്ല. ചില താരങ്ങള്‍ കൊവിഡ് ബാധിച്ചതിനാല്‍ മുഴുവന്‍ ടീമിനേയും കളിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ടി20 പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഏകദിനം ഇന്ത്യയെടുത്തു.

ലോകകപ്പിന് ശേഷം

ലോകകപ്പ് വരെയാണ് ശാസ്ത്രി ഇന്ത്യക്കൊപ്പമുണ്ടാവുക. ശേഷം അദ്ദേഹവുമായുള്ള കരാര്‍ അവസാനിക്കും. നേരത്തെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. 

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ താല്‍കാലിക പരിശീലകനാവാമെന്ന് ദ്രാവിഡ് ഉറപ്പു നല്‍കി. എന്നാല്‍ മറ്റൊരാളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നുള്ളത് കൊണ്ട് ബിസിസിഐ വീണ്ടും ദ്രാവിഡിനെ സമീപിക്കുകയായിരുന്നു. 

ഉറ്റസുഹൃത്തായ സൗരവ് ഗാംഗുലി തന്നെയാണ് ദ്രാവിഡിനെ വീണ്ടും കൊണ്ടുവരുന്നത്. ശക്തനായ പരിശീലകന്‍ വേണമെന്നുള്ള തോന്നലാണ് ഗാംഗുലിയെ ഇത്തരത്തില്‍ ചിന്തിച്ചത്. 

ഗാംഗുലി ദ്രാവിഡുമായി ഫോണില്‍ സംസാരിക്കുകയും കരാര്‍ വാക്കാല്‍ ഉറപ്പിക്കുകയുമായിരുന്നു. വൈകാതെ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് നിന്ന് രാജിവെക്കും.

click me!