വെറൈറ്റിക്കുവേണ്ടി ബാല്‍ക്കണി നിറയെ ചെടികള്‍, കൊതുകിനെ ഭയന്ന് താമസം മാറാതെ കുടുംബങ്ങള്‍; ചിത്രങ്ങള്‍

First Published Sep 16, 2020, 2:40 PM IST

ലോകത്തെല്ലായിടത്തും വീട് വയ്ക്കുന്നതില്‍ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഗ്രാമത്തില്‍ കാടും പച്ചപ്പുമൊക്കെയുള്ളയിടങ്ങളില്‍ വീട് എന്നതില്‍ നിന്നും മാറി നഗരത്തില്‍ അപാര്‍ട്‍മെന്‍റുകളും ഫ്ലാറ്റുകളും കൂടി. അവിടെ എന്ത് പരീക്ഷണം നടത്താം എന്ന ആലോചനയിലാണ് മിക്കവാറും ഉടമസ്ഥരും താമസക്കാരും ആര്‍ക്കിടെക്ടുമാരുമെല്ലാം. ഇത് ചൈനയില്‍ അത്തരത്തില്‍ നടന്നൊരു പരീക്ഷണമാണ്. നഗരത്തിന്‍റെ നടുവില്‍ ഒരു 'വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് ഗാര്‍ഡനാ'ണ് പദ്ധതിക്ക് പിന്നിലുള്ളവര്‍ ലക്ഷ്യമിട്ടത്. 
 

വീട് വയ്ക്കുമ്പോഴും ഓഫീസ് പണികഴിപ്പിക്കുമ്പോഴുമെല്ലാം ചെടികള്‍ക്ക് നേരത്തേതില്‍ നിന്നും വ്യത്യസ്‍തമായി പ്രാധാന്യം കൂടിയിട്ടുണ്ട്. ഇന്‍ഡോര്‍ പ്ലാന്‍റുകളും മറ്റും വീട്ടിലെത്തിക്കാനും അത് പരിചരിക്കാനുമെല്ലാം താല്‍പര്യം കൂടുതലാണിന്ന്. എന്നാല്‍, അത്തരമൊരു പരീക്ഷണത്തിന് മുതിരുമ്പോള്‍ കൃത്യമായി അത് പരിചരിക്കാനും വേണ്ടവിധം വെട്ടിയൊതുക്കാനുമെല്ലാം തയ്യാറാവണം അല്ലേ? ഏതായാലും അത്തരമൊരു പരീക്ഷണം നടത്തി അതാകെ അബദ്ധമായിപ്പോയോ എന്ന ചിന്തയിലാണ് ചൈനയിലെ ഈ അപാര്‍ട്‍മെന്‍റുകള്‍ പണി കഴിപ്പിച്ചവരും വാങ്ങിയവരും.
undefined
ചൈനയില്‍ പരീക്ഷണാര്‍ത്ഥത്തില്‍ തുടങ്ങിയ അപാര്‍ട്മെന്‍റുകളാണ് ഈ ചിത്രത്തില്‍ കാടുപിടിച്ചു കാണുന്ന ക്വിയി സിറ്റി ഫോറസ്റ്റ് ഗാര്‍ഡന്‍. ഒരു 'വെര്‍ട്ടിക്കല്‍ ഫോറസ്റ്റി'ല്‍ താമസിക്കാന്‍ നിങ്ങളെ ഞങ്ങള്‍ ക്ഷണിക്കുന്നുവെന്ന വാദത്തിലാണ് ഈ അപാര്‍ട്മെന്‍റുകള്‍ പണിതിരിക്കുന്നത്.
undefined
പരീക്ഷണാര്‍ത്ഥത്തിലുള്ള ഈ ഗ്രീന്‍ ഹൗസിംഗ് പ്രൊജക്ട് അബദ്ധമായോ എന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഇവിടെയുള്ള 826 അപാര്‍ട്‍മെന്‍റുകള്‍ ഈ വര്‍ഷം ഏപ്രിലിലാണ് വിറ്റുപോയത്. നഗരത്തിന് നടുവില്‍ കാടും പച്ചപ്പും ഒക്കെയായി താമസിക്കാന്‍ ഒരിടം കിട്ടിയാല്‍ ആര്‍ക്കായാലും താല്‍പര്യം കാണുമല്ലേ? അങ്ങനെയാവാം അപാര്‍ട്‍മെന്‍റുകളെല്ലാം വിറ്റുപോയത്.
undefined
എന്നാല്‍, ആധുനികരീതിയിലുള്ള പ്രകൃതിയുടെ പറുദീസയാകുന്നതിന് പകരം കാടുപിടിച്ചു കിടക്കുന്ന പ്രേതസിനിമകളിലേതുപോലെ ഒരിടമാണ് ഇപ്പോള്‍ അവിടെ കാണാനാവുന്നത്. ഒരു അപാര്‍ട്‍മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്നാല്‍ അടുത്ത അപാര്‍ട്‍മെന്‍റ് പോലും കാണാനാവാത്ത അവസ്ഥയാണ് എന്നാണ് ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്.
undefined
826 അപാര്‍‍ട്‍മെന്‍റ് ഇവിടെയുണ്ടെങ്കിലും ഇതില്‍ വളരെ ചുരുക്കം കുടുംബങ്ങള്‍ മാത്രമാണ് ഇങ്ങോട്ട് താമസം മാറിയത്. കാടുപിടിച്ചു കിടക്കുന്ന ലുക്ക് മാത്രമല്ല ഇവിടുത്തെ പ്രശ്നം ഈ പ്രദേശമാകെ കൊതുകുകള്‍ കീഴടക്കിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാട് മൂടിയിരിക്കുന്നതും പരിചരിക്കാന്‍ ആളുകളില്ലാത്തതുമെല്ലാം ഇവിടെ കൊതുകുകള്‍ കൂടാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്.
undefined
2018 -ലാണ് ഈ പ്രൊജക്ട് നിലവില്‍ വരുന്നത്. ഓരോ വീട്ടിലെ ബാല്‍ക്കണിയും വിവിധ ചെടികള്‍ നടുന്നതിനായി പ്രത്യേകം പണികഴിപ്പിച്ചതായിരുന്നു. പരിപാലിക്കാന്‍ വാടകക്കാരില്ലാതെ എട്ട് ടവറുകളിലെയും ബാല്‍ക്കണികളിലെ ചെടികള്‍ പുറത്തോട്ട് വളര്‍ന്നു നില്‍ക്കുകയാണ്.
undefined
അവഗണിക്കപ്പെട്ടു കിടക്കുന്ന ബാല്‍ക്കണികള്‍ മുഴുവനായും ചെടികള്‍ കീഴടക്കിക്കളഞ്ഞു. അപാര്‍ട്‍മെന്‍റുകളുടെ ചിത്രങ്ങളില്‍ നിന്നും പല ചെടികളും പുറത്തേക്ക് വളര്‍ന്നു തൂങ്ങുന്നതായി ചിത്രങ്ങളില്‍ കാണാം. ഇതിന് പുറമെയാണ് ഇവിടുത്തെ കൊതുകുശല്യവും.
undefined
കാടുകള്‍ക്കിടയിലൂടെ ദൃശ്യമാകുന്ന ചില അപാര്‍ട്‍മെന്‍റ് ജനാലകള്‍ കൊതുകുകളെയും മറ്റും പേടിച്ച് ടേപ്പ് വച്ച് ഒട്ടിച്ചിരിക്കുകയാണ്. എന്നാല്‍, ചില താമസക്കാരാകട്ടെ കൊതുകുകളെ നേരിടാന്‍ തയ്യാറായി. അങ്ങനെ അങ്ങോട്ട് താമസം മാറുകയും ചെയ്തു.
undefined
എങ്കിലും 10 കുടുംബങ്ങള്‍ മാത്രമാണ് അങ്ങോട്ട് താമസം മാറിയതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കിയുള്ളവര്‍ പകര്‍ച്ചവ്യാധികളെ ഭയന്ന് ഇപ്പോഴും അങ്ങോട്ട് താമസം മാറ്റാതെയിരിക്കുകയാണ്.
undefined
ഏതായാലും നഗരത്തിന് നടുവിലെ ഇത്തരം അപാര്‍‍ട്മെന്‍റുകള്‍ കൗതുകകരമാണെന്നതില്‍ സംശയമില്ല. നഗരത്തിന് നടുവിലാണെങ്കിലും ഒരു കാടും പച്ചപ്പുമുണ്ടാവുന്നത് ആര്‍ക്കാണിഷ്ടമല്ലാതിരിക്കുക. പക്ഷേ, ഇവിടെ ഉടമകള്‍ക്ക് താമസിക്കാനെത്തണമെങ്കില്‍ കൊതുകുകളെ തുരത്തുന്നതടക്കം കുറച്ചു മെനക്കെടേണ്ടി വരും.
undefined
click me!