ഉപചാരം ചൊല്ലി ഭഗവതിമാര്‍; തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി

First Published May 1, 2023, 3:10 PM IST

വരുന്ന പൂരക്കാലത്ത് കാണാമെന്ന് ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ പിരിഞ്ഞതോടെ 36 മണിക്കൂര്‍ നീണ്ട് നിന്ന ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായി. ഇനി അടുത്ത പൂരക്കാലത്തേക്കുള്ള കാത്തിരിപ്പാണ്. ഇന്നലെ മുതല്‍ സൂചി കുത്താനിടയില്ലാത്ത നിലയിലായിരുന്ന തെക്കന്‍ കാട് മൈതാനം ഇതോടെ ആളൊഴിഞ്ഞ പൂരപ്പറപ്പായി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്മാരായ രാഗേഷ് തിരുമല, റിജു ഇന്ദിര 

തിരുവമ്പാടി ഭ​ഗവതി തിരുവമ്പാടി ചന്ദ്രശേഖരന്‍റെ ശിരസ്സിലേറി എഴുന്നള്ളിയപ്പോള്‍ പാറമേക്കാവ് ഭ​ഗവതി എറണാകുളം ശിവകുമാറിന്‍റെ ശിരസ്സിലേറിയാണ് പൂരപ്പറമ്പിലെത്തിയത്. 

വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാൽ ​ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. 

തുട‍ർന്നാണ് തൃശൂ‍ർ പൂരത്തിന്‍റെ ഏറ്റവും മനോ​ഹരമായ കാഴ്ചകളിലൊന്നായി ഉപചാരം ചൊല്ലി പിരിയല്‍.   എറണാകുളം ശിവകുമാറും തിരുവമ്പാടി ചന്ദ്രശേഖരനും ഇരു ഭഗവതിമാര്‍ക്കുമായി തങ്ങളുടെ തുമ്പിക്കൈയുയര്‍ത്ത് ഉപചാരം ചൊല്ലി ഇറങ്ങിയതോടെയാണ് പൂരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്. 

രാവിലെ എട്ട് മണിക്കായിരുന്നു ഇത്തവണത്തെ എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാ​ഗത്തിന്‍റെ എഴുന്നള്ളിപ്പ് മണികണ്ഠനാൽ ഭാ​ഗത്ത് നിന്ന് തുടങ്ങി. പാറമേക്കാവ് വിഭാ​ഗത്തിനായി 15 ആനകളാണ് ഇത്തവണ അണി നിരന്നത്. 

കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളാരവത്തിനൊപ്പം കുടമാറ്റവും നടന്നു. ഇന്നലെ നടന്ന കുടമാറ്റത്തിന്‍റെ ചെറിയ രൂപമായിരുന്നു ഇന്നത്തെ പകല്‍പ്പൂരത്തില്‍ നടന്നത്. 

ഇതേ സമയം നായ്ക്കനാൽ ഭാ​ഗത്ത് നിന്ന് തിരുവമ്പാടി വിഭാ​ഗത്തിന്‍റെ എഴുന്നള്ളിപ്പും ആരംഭിച്ചിരുന്നു. പറമേക്കാവ് ഭഗവതിക്കായി 14 ആനകൾ അണി നിരന്നു. ചേരാനെല്ലൂ‍ർ ശങ്കരൻകുട്ടി മാരാരുടെ നേതൃ‍ത്വത്തിൽ മേളത്തോടൊപ്പമായിരുന്നു ഇത്. 

ഇരുഭാ​ഗത്തും താളനിബദ്ധമായ മേളാരവം ഉയരുന്നതിനിടെ കുടമാറ്റം നടന്നു. ഇന്നലെ രാത്രിയിലെ ജനാവലിയിലേക്ക് നാടിന്‍റെ നാനാഭാഗത്തുനിന്നും ആളുകള്‍ ഒഴികിയെത്തിയിരുന്നെങ്കില്‍ ഇന്നത്തെ പകല്‍പ്പൂരം പ്രധാനമായും തൃശ്ശൂര്‍ നഗരവാസികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. 

സ്ത്രീകള്‍ പൂരം കാണാനായി കൂടുതലായി എത്തിചേരുന്നതും ഇന്നാണ്. അതിനാല്‍ 'സ്ത്രീകളുടെ പൂരം' എന്നുകൂടി ഇന്നത്തെ പകൽപ്പൂരത്തിന് പേരുണ്ട്. ഉപചാരം ചൊല്ലി ഭഗവതിമാര്‍ പിരിഞ്ഞതോടെ പകല്‍പ്പൂരത്തിന്‍റെ അവസാന ചടങ്ങായി വെടിക്കെട്ടിന് തിരികൊളുത്തി. 

വെളിക്കെട്ടിന് പിന്നാലെ ഭക്തജനങ്ങള്‍ക്കായുള്ള പൂരക്കഞ്ഞി വിതരണം നടന്നു. ഇനി അടുത്ത പൂരക്കാലത്ത് കാണാമെന്ന് ചൊല്ലി പൂരക്കഞ്ഞി കുടിച്ച ശേഷം ദേശക്കാരും തേക്കിന്‍കാട് മൈതാനിയില്‍ നിന്നും വിടവാങ്ങി. 
 

ഇന്നലെ രാത്രി തൃശ്ശൂര്‍ പൂരത്തിന്‍റെ ഭാഗമായി. തേക്കിന്‍കാട് മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന വെടിക്കെട്ടില്‍ നിന്ന്. 

click me!