Bigg Boss: കലിപ്പന്‍ ജഡ്ജിയെ എതിരിട്ട് പ്രതികളും സാക്ഷികളും

First Published May 12, 2022, 2:36 PM IST

ബിഗ് ബോസ് ( Bigg Boss) സീസണ്‍ നാലില്‍ ഇന്നലത്തെ എപ്പിസോഡും ബിഗ് ബോസ് കോടതി ടാസ്കിന്‍റെ തുടര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയയുടെ ചായ കപ്പില്‍ വീണ് കിടന്ന ചത്ത ഈച്ചയ്ക്ക് തെളിവാവശ്യപ്പെട്ട റോണ്‍സണിന്‍റെ കേസിനിടെ സംഭവബഹുലമായ കാര്യങ്ങളാണ് അരങ്ങേറിയത്.  ഈ ടാസ്കിലും ജഡ്ജിമാര്‍ പക്ഷപാതപരമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന തോന്നലുണ്ടാക്കിയിരുന്നെങ്കിലും ഇത് വ്യക്തമായി തന്നെ ബോധ്യപ്പെടുന്ന തരത്തിലായിരുന്നു ഇന്നലെത്തെ ജഡ്ജിമാരുടെ പെരുമാറ്റം. ഇത് ബിഗ് ബോസ് വീട്ടിലെ ഏതാണ്ടെല്ലാ മത്സരാര്‍ത്ഥികളും  ആരോപിച്ചു. ജഡ്ജിമാര്‍ കേസ് കേള്‍ക്കുന്നതിന് മുമ്പ് തന്നെ ചിലര്‍ക്ക് അനുകൂലമായി വിധി തീരുമാനിക്കുന്നു എന്ന തരത്തിലായിരുന്നു മത്സരാര്‍ത്ഥികളുടെ ആരോപണം. കേസിനിടെ ജഡ്ജി റിയാസ് സലീം 'കലിച്ച'തോടെയാണ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ കോടതിക്ക് മേല്‍ അവിശ്വാസം ഉടലെടുത്തത്. ഇതിനിടെ സഹജഡ്ജായ വിനയ് മാധവ്, റിയാസ് സലീമിനെതിരെ രംഗത്ത് വന്നതും മറ്റ് മത്സരാര്‍ത്ഥികള്‍ കോടതിക്കെതിരെയുള്ള ആയുധമായുപയോഗിച്ചു. ഒടുവില്‍ ബിഗ് ബോസിന് തന്നെ ജഡ്ജിമാരെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തി ശാസിക്കേണ്ടി വന്നു. റിയാസിന്‍റെയും വിനയ് മാധവന്‍റെയും വരവോടെ നിമിഷയും ജാസ്മിനും ബിഗ് ബോസ് വീട്ടിലെ തങ്ങളുടെ ഇടം നഷ്ടമായി. 

ഇന്നലത്തെ ആദ്യത്തെ കേസായെടുത്തത് ജാസ്മിന്‍റെ പരാതിയായിരുന്നു. ലക്ഷ്മി പ്രിയ സ്മോക്കിങ്ങ് റൂമില്‍ സ്വന്തം ആരോഗ്യത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഇരട്ടത്താപ്പ് നയവും സ്വീകരിച്ചുവെന്നതായിരുന്നു കേസ്. 

ബിഗ് ബോസ് വീട്ടില്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട കുരുമുളകെടുത്താണ് ലക്ഷ്മി പ്രിയ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചത്. ഇത് അപകടമാണെന്ന് ബിഗ് ബോസ് തന്നെ അറിയിച്ചിരുന്നു. ഇക്കാര്യം ചെയ്തതിലൂടെ തനിക്ക് കൂടി അവകാശപ്പെട്ട മൂന്നൂറ് ലക്ഷ്വറി പോയന്‍റാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ജാസ്മിന്‍റെ ആരോപണം. 

സ്മോക്കിങ്ങ് എരിയയില്‍ തീ കത്തിക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നു. തന്‍റെ അറിവില്ലായ്മ കൊണ്ടാണ് മൂന്നൂറ് പോയന്‍റ് നഷ്ടപ്പെട്ടത്. അല്ലാതെ താന്‍ മനപൂര്‍വ്വം ചെയ്തതല്ല എന്നീകാര്യങ്ങള്‍ ലക്ഷ്മി പ്രിയ കോടതിയെ അറിയിച്ചു. മാത്രമല്ല, വാദികളായ ഇരുവരും സിഗരറ്റ് കിട്ടാത്തതിന്‍റെ വിഡ്രോവല്‍ സിന്‍ട്രം തീര്‍ക്കാനായി ബിഗ് ബോസ് വീട്ടിനുള്ളില്‍ പട്ട കത്തിച്ചെന്നും ലക്ഷ്മി ആരോപിച്ചു. 

എന്നാല്‍, പട്ടയില്‍ തീ പിടിക്കില്ലെന്നും അത് കരിയുക മാത്രമേ ചെയ്യുകയുള്ളൂവെന്നായിരുന്നു അഡ്വ. നിമിഷയുടെ വാദം. ഇതിനിടെ സിഗരറ്റ് കിട്ടാതെ വരുമ്പോള്‍ തന്‍റെ തൊണ്ടയില്‍ കിച്ച് കിച്ച് വരുമെന്നും ഇത് മാറാനായിട്ടാണ് കറുവാപട്ട കത്തിച്ച് വലിച്ചതെന്നും ജാസ്മിന്‍ മറുപടി പറഞ്ഞു. തന്‍റെ ഹെല്‍ത്തിന് വേണ്ടിയാണ് താന്‍ അത് ചെയ്തതെന്നും ജാസ്മിന്‍ പറഞ്ഞു. 

സാക്ഷിയായി എത്തിയ ധന്യ, വിഡ്രോവല്‍ സിന്‍ട്രമിന്‍റെ ഭാഗാമായിട്ടാകാം കറുവാപട്ട കത്തിച്ച് വലിച്ചതെന്ന അഭിപ്രായം മുന്നോട്ട് വച്ചു. എന്നാല്‍, തൊണ്ടയിലെ കിച്ച് കിച്ച് മാറ്റാന്‍ പട്ട കത്തിച്ച് വലിക്കുന്നതിനും ശരീര ക്ഷീണമകറ്റാന്‍ ഉഴിഞ്ഞിടുന്നതിനും ശാസ്ത്രീയതയുടെ പിന്‍ബലമില്ലാത്തതിനാല്‍ ഈ രണ്ട് ആരോപണങ്ങളും തുല്യമാണെന്നും അതിനാല്‍ തള്ളിക്കളയുന്നുവെന്നും കോടതി വിധിച്ചു.

തുടര്‍ന്ന് ഡോ.റോബിനെ വിസ്തരിച്ചു. ലക്ഷ്മി പ്രിയ, ജാസ്മിന് കൂടി അവകാശപ്പെട്ട കുരുമുളക് കത്തിച്ചത് പോലെ ജാസ്മിന്‍ എനിക്ക് കൂടി അവകാശപ്പെട്ട കറുവാപട്ട എന്തിന് എടുത്ത് കത്തിച്ചുവെന്ന് റോബിന്‍ ചോദിച്ചു. 

റോബിന്‍റെ ചോദ്യത്തെ നിമിഷ ആദ്യം മുതല്‍ എതിര്‍ത്തു. ഇതോടെ കേസ് വഴിതിരിഞ്ഞ് പോകുന്നതായി കോടതി ഇടപെട്ടു. ഇതിനിടെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ റോബിനെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ട് കോടതിയെ സ്വാധീനിക്കാന്‍ അഡ്വ. നിമിഷ ശ്രമിക്കുന്നുണ്ടായിരുന്നു.  

ഉഴിഞ്ഞിടുക എന്നത് വളരെ ചെറുപ്പം മുതല്‍ കേള്‍ക്കുന്നതാണെന്നും എന്നാല്‍ ആദ്യമായാണ് തൊണ്ടയില്‍ കിച്ച് കിച്ച് വരുമ്പോള്‍ കറുവാപട്ട കത്തിക്കുന്നത് കാണുന്നതെന്നും ഇത് തെറ്റാണെന്നും ഡോ.റോബിന്‍ പറഞ്ഞു. 

ഡോക്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ ഉഴിഞ്ഞിടാന്‍ രോഗിയോട് നിര്‍ദ്ദേശിക്കുമോയെന്നായിരുന്നു നിമിഷയുടെ ചോദ്യം. ഇല്ലെന്ന് റോബിന്‍ ഉത്തരം പറഞ്ഞു. ഈയൊരു ഉത്തരം കൊണ്ട് തന്നെ ഡോക്ടര്‍ക്ക് കറുവാപട്ട കത്തിച്ചാല്‍ തൊണ്ടവേദന മാറില്ലെന്ന് പറയാന്‍ പറ്റില്ലെന്ന ദുര്‍ബലമായ വാദം അഡ്വ.നിമിഷ ഉന്നയിച്ചു. 

ആരോപണം തങ്ങളുടെ നേരെ തിരിയുന്നുവെന്ന് മനസിലാക്കിയ ജാസ്മിനും നിമിഷയും കോടതിയോട് കേസ് വഴിമാറിപ്പോകുന്നുവെന്ന് ആരോപിച്ചു. തുടര്‍ന്ന് ജാസ്മിന്‍ തന്നോട് സിഗരറ്റ് കിട്ടാതിരിക്കുന്ന സമയത്ത് താന്‍ ഇതുപോലെ കറുവാപട്ട എടുത്ത് വലിക്കാറുണ്ടായിരുന്നതായി അപര്‍ണ കോടതിയില്‍ അറിയിച്ചു. 

ഈ കുറ്റം ജാസ്മിന്‍ സമ്മതിച്ചു. സിഗരറ്റ് കിട്ടാത്തതിന്‍റെ ഭാഗമായിട്ടായിരുന്നു തനിക്ക് തൊണ്ടയില്‍ കിച്ച് കിച്ച് അനുഭവപ്പെട്ടതെന്ന് ജാസ്മിന്‍ കോടതിയോട് പറഞ്ഞു. ഈ സമയം ലക്ഷ്മി പ്രിയ ജാസ്മിന്‍ കുറ്റം ചെയ്തെന്ന് സമ്മതിച്ചതായി കോടതിയോട് വിശദീകരിച്ചു. 

എന്നാല്‍, ജഡ്ജി റിയാസ് സലിം പ്രതിയായ ലക്ഷ്മി പ്രിയയെ ക്രോസ് വിസ്താരം ചെയ്യാനാരംഭിച്ചു. ജഡ്ജിയല്ല പ്രതിയെ ക്രോസ് വിസ്താരം ചെയ്യേണ്ടതെന്നും അത് വക്കീലിന്‍റെ ജോലിയാണെന്നും റിയാസിനെ വിനയ് മാധവ് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. 

റിയാസ് സലീം കോടതിയിലെ ജഡ്ജാണോ അതോ വാദി ഭാഗത്തിന്‍റെ വക്കീലാണോയെന്ന ഗുരുതരമായ ആരോപണം ഇതിനിടെ ലക്ഷ്മി പ്രിയ കോടതിക്ക് നേരെ ഉന്നയിച്ചു. ഈ സമയം കോടതി മുറിയില്‍ നിന്ന് കൈയടികളുയര്‍ന്നു. 

കൈയടി കേട്ട ജഡ്ജി റിയാസ് സലീം തനിക്ക് അപമാനം നേരിട്ടു എന്നതരത്തിലാണ് പിന്നീട് കോടതിയില്‍ പെരുമാറിയത്. കോടതി മുറിയില്‍ കൈയടിച്ച ധന്യയെയും ദില്‍ഷയേയും റിയാസ് എഴുനേല്‍പ്പിച്ച് നിര്‍ത്തി. 
 

ഈ സമയം ബ്ലെസ്ലിയും കോടതി മുറിയില്‍ വച്ച് കൈയടിച്ചു. ബ്ലെസ്ലിയെ കോടതി മുറിയില്‍ നിന്നും ജഡ്ജി റിയാസ് സലിം പുറത്താക്കി. ഇതോടെ ഞാനുമുണ്ടെന്ന് പറഞ്ഞ് ഡോ.റോബിനും കോടതി മുറിയില്‍ നിന്ന് പുറത്ത് പോയി. കോടതി മുറിയില്‍ നിന്നും ഇറങ്ങിപ്പോയാല്‍ പിന്നെ ഇവിടേക്ക് കയറില്ലെന്ന് റിയാസ് സലിം ഇതിനിടെ വിളിച്ച് പറയുന്നുണ്ടായിരിന്നു. 

'പോയാ..' എന്ന് റോബിനും ഇയാളാണോ അത് തീരുമാനിക്കേണ്ടതെന്ന് ധന്യയും പറയുന്നത് കേള്‍ക്കാമായിരുന്നു. ഇതല്ല കോടതി പ്രതികരിക്കേണ്ട വഴിയെന്ന് ജഡ്ജി വിനയ് മാധവ്, റിയാസ് സലിമിനോട് ആവര്‍ത്തിച്ചു. 

എന്നാല്‍ തന്‍റെ നടപടിയെ ന്യായീകരിക്കുകയാണ് റിയാസ് ചെയ്തത്. ഇതിനിടെ കുട്ടി അഖില്‍ എഴുന്നേറ്റ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. കോടതി മുറിയില്‍ ജഡ്ജിമാരുടെ പെരുമാറ്റം കണ്ടാല്‍, മറ്റുള്ളവരെല്ലാം ശത്രുക്കളാണെന്ന് കാഴ്ചക്കാര്‍ക്ക് തോന്നുമെന്ന് അഖില്‍ ആരോപിച്ചു. 

ജഡ്ജി വിനയ് മാധവ് , അഖിലിന്‍റെ വാക്കുകള്‍ ശരിവച്ചു. കൂടെയുള്ള ജഡ്ജി പോലും നിങ്ങളോട് പലവട്ടം 'അങ്ങനെ പെരുമാറരുത് റിയാസ്' എന്ന് പറഞ്ഞെന്നും അഖില്‍ ആവര്‍ത്തിച്ചു. ഇതോടെ കോടതി മുറി ബഹളമയമായി. ദില്‍ഷ, ധന്യ, അഖില്‍, ലക്ഷ്മി പ്രിയ, റോബിന്‍, എന്നിവര്‍ ജഡ്ജിമാര്‍ക്കെതിരെ രംഗത്തെത്തി. 

റിയാസ്‍ ജാസ്മനും നിമിഷയ്ക്കും പോയന്‍റ് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് ദില്‍ഷ രംഗം ഏറ്റെടുത്തു. റിയാസ്, ജഡ്ജ് ആണെന്നും വാദിയെയും പ്രതിയേയും ഒരുപോലെ കാണണമെന്നും അല്ലാതെ ജാസ്മിനും നിമിഷയ്ക്കും ഫേവറബിളായല്ല കോടതിയില്‍ ഇരിക്കേണ്ടതെന്നും നിമിഷ പറഞ്ഞു.

ഇതോടെ റിയാസും ദില്‍ഷയും തമ്മില്‍ വാക്കുകള്‍ കൊണ്ട് കോര്‍ത്തു. അതിനിടെ ബിഗ് ബോസിനോട്, ഈ ജഡ്ജിയുടെ കൂടെ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സഹജഡ്ജായ വിനയ് മാധവ് കോടതിയില്‍ നിന്നും ഇറങ്ങിപ്പോയി. 

ഒരു ഭാഗത്ത് ജഡ്ജി റിയാസും മറുഭാഗത്ത് പ്രതികളും കോടതിയിലെ മറ്റ് കാഴ്ചക്കാരും തമ്മിലുള്ള അങ്കമായി പിന്നീട് കോടതി മുറി മാറി. ഇതോടെ ബിഗ് ബോസ് തന്നെ ടാസ്കില്‍ ഇടപെട്ട് കോടതി നിര്‍ത്തിവച്ചതായി അറിയിച്ചു. കോടതി മുറിക്ക് പുറത്ത് കലിപ്പന്‍ ജഡ്ജി റിയാസ് സലിമിന്‍റെ ഒറ്റയാള്‍ അങ്കമായിരുന്നു പിന്നെ നടന്നത്. 

ഓരോരോ മത്സരാര്‍ത്ഥിയുടെയും മുന്നില്‍ അയാള്‍ സ്വയം ന്യായീകരിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, ഈക്കാര്യത്തില്‍ എടപെരുതെന്ന് ലക്ഷ്മി, ദില്‍ഷയെ നിര്‍ബന്ധിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ ചായയില്‍ ഈച്ച വീണ കേസില്‍, ഈച്ച വീണിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാത്ത ജഡ്ജി എങ്ങനെ ഈച്ച വീണെന്ന് തീരുമാനിച്ചെന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. 

തനിക്ക് തെളിവുകളാണ് മുഖ്യമെന്നായിരുന്നു റിയാസിന്‍റെ മറുപടി. ഇതനിടെ കറുവാപട്ട കത്തിച്ച് വലിച്ചത് തെറ്റായിരുന്നുവെന്ന് താന്‍ വിധിയില്‍ എഴുതിയേന്നെയെന്ന വാദവുമായി വിനയ് മാധവ് രംഗത്തെത്തി. അപ്പോഴും ദില്‍ഷയ്ക്കെതിരെ ആരോപണങ്ങളുമായി പിന്നാലെ നടക്കുകയായിരുന്നു റിയാസ് സലിം.

ജഡ്ജ് ആയി ഇരുന്നപ്പോള്‍ റിയാസ് ഫേവറിസം ചെയ്തെന്ന ആരോപണവും വിനയ് മാധവ് ഉന്നയിച്ചു. എന്നാല്‍, ഇതിനെ പ്രതിരോധിക്കുന്നതിനിടെ, റിയാസിന്‍റെ സംഭാഷണത്തിനിടെ ബിഗ് ബോസ് ബീപ് ശബ്ദം കേള്‍പ്പിച്ചു.

തൊട്ട് പിന്നാലെ ബിഗ് ബോസ് വീട്ടിലെ മറ്റ് ഊച്ചാളികളോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാന്‍ വന്നാല്‍ അടിച്ച് ഊപ്പാട് തിരിക്കുമെന്ന് പറഞ്ഞ് വിനയ് മാധവ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. 

വിനയ്‍യുടെ പെട്ടെന്നുള്ള പ്രതികരണത്തില്‍ ആദ്യം പകച്ച് പോയ റിയാസ് പ്രതിരോധത്തിലായി. ഈ സമയം വിനയ് മാധവ് ഒപ്പം ചേര്‍ന്ന് ഡോ.റോബിനും റിയാസിനെതിരെ തിരിഞ്ഞു. എന്നാല്‍, റിയാസിനെ പോലെ തന്നെ താനും സംസാരം നിര്‍ത്തിക്കോളാന്‍ വിനയ് മാധവ്, ഡോ.റോബിനോട് ആവശ്യപ്പെട്ടു.

തന്നെ പോലെ തന്നെ ശക്തനായ എതിരാളിയാണ് വിനയ് എന്ന ബോധ്യമുള്ള ഡോ.റോബിന്‍ സഖ്യ പ്രഖ്യാപനവുമായി അപ്പോള്‍ തന്നെ വിനയ് മാധവിനെ ആലിംഗനം ചെയ്യാനായെത്തി. ഒടുവില്‍ ജഡ്ജിമാരെ, ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഇരുവരും ജഡ്ജിമാരാണെന്നും അതിന്‍റെ പക്വത കാണിക്കണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടു.

കേസില്‍  ഇരുവര്‍ക്കുമിടയില്‍ ഐക്യമുണ്ടാകണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടു. എപ്പിസോഡിനിടെ ജാസ്മിന്‍, തലകറക്കം വന്ന് ചികിത്സാമുറിയിലേക്ക് പോയി.

അവിടെ വച്ച് തനിക്ക് വീട്ടില്‍ പോകണമെന്നും തന്‍റെ ലെസ്ബിയന്‍ പാട്ണറെ ഫോണില്‍ കണക്റ്റ് ചെയ്ത് തരാന്‍ ബിഗ് ബോസിനോട് ആവശ്യപ്പെടണമെന്നും ചികിത്സാ മുറിയില്‍ തന്നെ പരിശോധിക്കാനെത്തിയ ഡോക്ടറോട് ജാസ്മിന്‍ കരഞ്ഞ് പറയുന്നത് കാണാമായിരുന്നു.
 

ബിഗ് ബോസ് വീട്ടിലെ സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ താങ്ങാനുള്ള മനക്കരുത്ത് ചോര്‍ന്ന് പോയൊരാളെ പോലെയായിരുന്നു ജാസ്മിന്‍. 

click me!