കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി 'ദൃശ്യം 2' അണിയറക്കാര്‍; ചിത്രീകരണത്തിന് തിങ്കളാഴ്ച ആരംഭം

First Published Sep 20, 2020, 3:27 PM IST

പ്രഖ്യാപന സമയം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്ന ദൃശ്യത്തിന്‍റെ രണ്ടാംഭാഗം ഈ മാസം 14ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ സെറ്റ് വര്‍ക്കുകള്‍ നീണ്ടുപോയതിനാല്‍ ഫസ്റ്റ് ഷെഡ്യൂള്‍ നീളുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നാളെ കൊച്ചിയില്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. ഇതിനു മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചിയിലെ ചിത്രീകരണത്തിന്‍റെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യും. എന്നാല്‍ കൊച്ചിയിലെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക 26ന് മാത്രമായിരിക്കും.
undefined
കൊവിഡ് പശ്ചാത്തലത്തില്‍ നടത്തേണ്ടിവരുന്ന ചിത്രീകരണത്തെക്കുറിച്ച് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. "എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തിയും ഷൂട്ടിംഗ് തീരുന്നതുവരെ മുഴുവന്‍ അംഗങ്ങളെയും ഒരു ഹോട്ടലില്‍ താമസിപ്പിച്ചുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്", ആന്‍റണി പറഞ്ഞിരുന്നു. ലോക്ക് ഡൗണിനു ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രവുമാണ് ദൃശ്യം 2.
undefined
ദൃശ്യം 2ന്‍റെ പശ്ചാത്തലം കുറ്റകൃത്യമല്ലെന്നും രണ്ടാംഭാഗത്തിനായി നിര്‍ബന്ധപൂര്‍വ്വം ചെയ്യുന്ന സിനിമയല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞിരുന്നു. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ത്തന്നെ വ്യക്തിപരമായി പൂര്‍ണ്ണ തൃപ്തി ലഭിച്ച തിരക്കഥയാണെന്നും മോഹന്‍ലാലിനും ആന്‍റണി പെരുമ്പാവൂരിനും അത് ഇഷ്ടപ്പെട്ടെന്നും ജീത്തു പറഞ്ഞിരുന്നു.
undefined
കൊവിഡ് പശ്ചാത്തലത്താല്‍ തിരക്കഥയില്‍ വരുത്തേണ്ടിവന്ന ചില മാറ്റങ്ങളെക്കുറിച്ച് മറ്റൊരു അഭിമുഖത്തില്‍ ജീത്തു പറഞ്ഞിരുന്നു. "ദൃശ്യം 2 തിരക്കഥയില്‍ വലിയ ആള്‍ക്കൂട്ടവും ബഹളവുമൊക്കെയുള്ള ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. ഞാന്‍ ഓര്‍ത്തു കൊറോണയുടെ സമയത്ത് ഇത് ചിത്രീകരിക്കാന്‍ പറ്റില്ലല്ലോ എന്ന്. അവിടെവച്ച് ഞാന്‍ എഴുത്ത് നിര്‍ത്തി. പക്ഷേ ഉര്‍വ്വശീശാപം ഉപകാരം എന്ന് പറയുന്നതുപോലെ വേറൊരു ഐഡിയ വന്നു."
undefined
വലിയൊരു കേസില്‍ നിന്ന് മുക്തരായതിന് ശേഷം ജോര്‍ജ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്, പൊലീസ് നിലപാട് എന്താണ്, ജോര്‍ജ്‍കുട്ടിയുടെ മക്കള്‍ വളര്‍ന്നതിനുശേഷം എങ്ങനെയാണ് ആ കുടുംബം കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ഒന്നുറപ്പാണ്, രണ്ടാംഭാഗം ഇത്രയും ആകാംക്ഷ ഉയര്‍ത്തുന്ന ഒരു ചിത്രം മലയാളത്തില്‍ ആദ്യമാവും.
undefined
click me!