പ്രസവിച്ച് അര മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി കരഞ്ഞില്ല; ആ ദിവസം ഓർത്ത് സന്ദീപ് മേഘ

Published : Jan 01, 2026, 03:21 PM IST

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും അഭിനേതാക്കളുമായ സന്ദീപിനെയും മേഘയെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ 'ആം സൂപ്പർ ഹീറോ' എന്ന യൂട്യൂബ് ചാനലിന് 14 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സന്ദീപുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

PREV
18
പ്രസവിച്ച് അര മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി കരഞ്ഞില്ല; ആ ദിവസം ഓർത്ത് സന്ദീപ് മേഘ

സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും അഭിനേതാക്കളുമായ സന്ദീപിനെയും മേഘയെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശികളായ ദമ്പതികള്‍ക്ക് ഈ അടുത്താണ് മകള്‍ പിറന്നത്. ഇവരുടെ 'ആം സൂപ്പർ ഹീറോ' എന്ന യൂട്യൂബ് ചാനലിന് 14 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. സന്ദീപുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

28
കണ്ടെന്‍റ് ക്രിയേഷന്‍

ഞാൻ ആദ്യം ഗവൺമെന്‍റ് ജോലിക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ടിക് ടോക് ഉപയോഗിക്കുന്ന കണ്ടിട്ട് വെറുതെ ഒരു തമാശക്കാണ് ഞാനും തുടങ്ങിയത്. ലിപ്‌സിങ്ക് വീഡിയോകളാണ് തുടക്കത്തില്‍ ചെയ്തിരുന്നത്. ലൈക്കുകളൊക്കെ കിട്ടുന്ന കണ്ടപ്പോള്‍ സംഭവം ഇഷ്ടപ്പെട്ടു. പിന്നീട് ഓൺ വോയിസ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. പിഎസ്സി കോച്ചിങ്ങിന് പോകുന്ന സമയത്തായിരുന്നു ഈ പരിപാടികളൊക്കെ. പിന്നീട് കൊവിഡ് കാലത്താണ് ശരിക്കും കണ്ടെന്‍റ് ക്രിയേഷന്‍ എന്ന സംഭവത്തിലേയ്ക്ക് തിരിയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം തന്നെയായിരുന്നു തുടക്കം.

38
കോമഡി കണ്ടെന്‍റുകള്‍

ലൈഫിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ തന്നെയാണ് കണ്ടെന്‍റുകളാക്കുന്നത്. ഒരു ഐഡിയ കിട്ടുമ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യും, മേഘയോടും പറയും, അങ്ങനെ ചെയ്യും. ചില കണ്ടെന്‍റുകള്‍ മേഘയില്‍ നിന്ന് തന്നെ കിട്ടും. സ്ക്രിപ്റ്റ് എഴുതാനും മേഘ സഹായിക്കും. പ്രത്യേകിച്ച് പ്രൊമോഷൻസിന് സ്ക്രിപ്റ്റ് കൃത്യമായി എഴുതി തന്നെയാണ് ചെയ്യുന്നത്. ഞങ്ങള്‍ കോമഡി കണ്ടെന്‍റുകളാണ് കൂടുതലും ചെയ്യുന്നത്. ഓണ്‍ വോയിസ് ഷോര്‍ട്സുകളായാണ് കൂടുതലും ചെയ്യുന്നതും. പിന്നെ ഇടയ്ക്ക് ലൈഫ് സ്റ്റൈല്‍ വ്ലോഗിംങും ചെയ്യാറുണ്ട്.

48
'ആം സൂപ്പർ ഹീറോ'

പഠിച്ചിരുന്ന സമയത്ത് ഞാൻ എപ്പോഴും മോട്ടിവേഷൻ കേൾക്കുന്ന ഒരാളായിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യാന്‍ വേണ്ടിയാണ് 'ആം സൂപ്പർ ഹീറോ' എന്ന പേര് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കൊടുത്തത്.

58
ആ ദിവസം മറക്കാന്‍ കഴിയില്ല

ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു. ഒരു കുഞ്ഞ് വേണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. ഗര്‍ഭകാലത്ത് ഒന്നും മേഘക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. ഡെലിവെറിയുടെ ദിവസം വരെ എല്ലാം നോർമൽ ആയിരുന്നു. പക്ഷേ 130 ഉണ്ടായിരുന്ന കുട്ടിയുടെ ഹാർട്ട് ബീറ്റ്‌ അമ്പതിലേക്ക് താഴ്ന്നത് പെട്ടെന്നായിരുന്നു, അങ്ങനെ സിസേറിയൻ ചെയ്യേണ്ടി വന്നു.

68
ടെൻഷൻ അടിച്ച മണിക്കൂറുകള്‍

രാവിലെ മുതല്‍ വേദന വരാനുള്ള മരുന്നുകള്‍ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ പെട്ടെന്നായിരുന്നു കുഞ്ഞിന്‍റെ ഹാര്‍ട്ട് ബീറ്റ് കുറഞ്ഞും സിസേറിയൻ ചെയ്യേണ്ടി വന്നതും. കുഞ്ഞിനെ പുറത്തെടുത്തിട്ടും കുഞ്ഞ് കരഞ്ഞില്ല. കുഞ്ഞ് മരിച്ചുവെന്നാണ് ആദ്യം അവര്‍ കരുതിയത്. മേഘയെ പുറത്തു കൊണ്ടു വന്നപ്പോള്‍ അവളും പറഞ്ഞു കൊച്ചിന്റെ കരച്ചിൽ കേട്ടില്ല എന്ന്. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതല്‍ ടെൻഷൻ അടിച്ച ദിവസമായിരുന്നു അത്. എൻഐസിയുവിലേക്ക് കുഞ്ഞിനെ ആദ്യമേ മാറ്റി. അര മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞ് കരയുന്നില്ല. ഡോക്ടര്‍മാരും നേഴ്സുമാരും എന്‍റെ മുഖത്ത് നോക്കുന്നില്ല, തമ്മില്‍ എന്തൊക്കെയോ മെഡിക്കല്‍ വാക്കുകള്‍ പറയുന്നുണ്ടായിരുന്നു. രണ്ടും മൂന്നും മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടി കരയുന്നില്ല. ഭയങ്കര ടെൻഷൻ അടിച്ച മണിക്കൂറുകളായിരുന്നു അത്. 

78
തൂലിക ഞങ്ങളുടെ മാലാഖ കുട്ടി

കഴുത്തില്‍ പൊക്കിൾകൊടിയുടെ ഒരു ചെറിയ നോട്ട് ഉണ്ടായിരുന്നു. പക്ഷെ അത് ടൈറ്റ് അല്ലായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എൻഐസിയുവിൽ കയറി ഞാന്‍ കുഞ്ഞിനെ കണ്ടു. കുറേ ട്യൂബുകളൊക്കെ ഇട്ട് കിടക്കുകയാണ്. ഞാന്‍ തൊടുമ്പോള്‍ എന്‍റെ കുഞ്ഞ് ഓക്കെയാകുമെന്ന് എന്‍റെ മനസ് പറഞ്ഞു. അങ്ങനെ ഞാന്‍ തൊട്ടു. മോളുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു അമ്മ കാത്തിരിക്കുന്നു നീ തിരികെ വാ എന്ന്. ഒരു മണിക്കൂറിന് ശേഷം നഴ്സ് വിളിച്ചു പറഞ്ഞു കുഞ്ഞ് കരഞ്ഞുവെന്ന്. എനിക്ക് അപ്പോൾ തോന്നിയ സന്തോഷത്തിനു അതിരുകൾ ഇല്ല. പിന്നീട് മൂന്ന്- നാല് ദിവസം കൊണ്ട് ഞങ്ങളുടെ തൂലിക റിക്കവറായി.

88
'ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ...'

വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയ കാലം മുതലേ നല്ല കമന്‍റുകള്‍ക്കൊപ്പം നെഗറ്റീവ് കമന്‍റുകളും ലഭിക്കാറുണ്ട്. പക്ഷേ ജനിച്ചു വീണ കുഞ്ഞിനെ പോലും വെറുതെ വിടാത്ത മനുഷ്യരുണ്ടെന്ന് മനസിലായത് ആ കമന്‍റ് വായിച്ചപ്പോഴാണ്. 'ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ' എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒന്നുമറിയാത്ത പാവം കുഞ്ഞ് എന്തു പിഴച്ചു? ഞാനോ എന്‍റെ ഭാര്യയോ ഞങ്ങളുടെ കുഞ്ഞോ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. പിറന്നുവീണ മണിക്കൂറുകളിൽ ശ്വാസത്തിനു വേണ്ടി പിടഞ്ഞ, ട്യൂബുകൾക്കിടയിലൂടെ ജീവശ്വാസം തേടിയ ഞങ്ങളുടെ തൂലികയെ കുറിച്ച് ഇങ്ങനെ പറയണമായിരുന്നോ? എനിക്കും മേഘക്കും ഇത് ഒരിക്കലും സഹിക്കാനോ ക്ഷമിക്കാനോ കഴിയില്ല. ഇയാള്‍ തന്നെ മോളുടെ ഒരു വീഡിയോയ്ക്ക് താഴെ 'ഇത് മന്ദബുദ്ധി കുട്ടി ആണോ' എന്ന കമന്‍റും ഇട്ടിട്ടുണ്ട്. നിഖില്‍ വിനു എന്നു പേരുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നാണ് ഈ കമന്‍റുകള്‍. ഐപി അഡ്രസ് വഴി പൊലീസ് അന്വേഷണം നടത്തിയപ്പോൾ തിരുവനന്തപുരത്തുള്ള ഏതോ വിരുതനാണ് ഇതിനു പിന്നിലെന്ന് വ്യക്തമായി. എത്രയും പെട്ടെന്ന് തന്നെ അയാളെ പൊലീസ് കണ്ടുപിടിക്കും. 18 വയസ്സ് കഴിഞ്ഞ ഒരാൾ തന്നെ ആണെന്നുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ അയാളെ പബ്ലിക്കിൽ കൊണ്ടുവരും. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്താൽ കണ്ടുപിടിക്കാൻ പറ്റത്തില്ല എന്ന ധാരണ പലര്‍ക്കുമുണ്ട്. അത് മാറ്റി കൊടുക്കുക തന്നെ വേണം. മേഘ ഗര്‍ഭിണിയായിരുന്നപ്പോഴും ഇത്തരം ചില കമന്‍റുകള്‍ വന്നിട്ടുണ്ട്. 'നിങ്ങളുടെ കൊച്ച് മരിച്ചുപോട്ടെ', 'വികലാംഗ ആയിപ്പോട്ടെ' അങ്ങനെയൊക്കെ. മറ്റുള്ളവരുടെ സങ്കടത്തിലും സന്തോഷം കണ്ടെത്തുന്ന ഇത്തരം ആളുകളും സമൂഹത്തിലുണ്ടെന്ന് വ്യക്തമായി.

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Photos on
click me!

Recommended Stories