മുക്കത്തെ ബ്ലാക്ക്മാനും വാട്സ്ആപ്പ് സന്ദേശങ്ങളും; സത്യവും മിഥ്യയും എന്ത്; തന്ത്രപരമായി പൊലീസ് പിടിച്ചത് ആരെ

First Published May 5, 2020, 10:54 AM IST

കോഴിക്കോട്: പറഞ്ഞും കേട്ടും തഴമ്പിച്ചെങ്കിലും ബ്ലാക്ക്‌മാന്‍ കഥകള്‍ക്ക് കേരളത്തില്‍ ഒരു പഞ്ഞവുമില്ല. തൃശൂര്‍ കുന്നംകുളത്ത് നിന്ന് ഓടിയൊളിച്ച ബ്ലാക്ക്മാന്‍ ഇപ്പോള്‍ കോഴിക്കോട് മുക്കത്തുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ സംസാരം. മുക്കം മുനിസിപ്പാലിറ്റിയിലെ നീലേശ്വരം, മുത്തേരി, മണാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലാക്ക്‌മാന്‍ ഇറങ്ങിയെന്നാണ് പ്രചരിച്ചത്. ബ്ലാക്ക്‌മാനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടിയെന്നും വാട്സ്‍ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഇളകി, ആള്‍ക്കൂട്ടം കൊണ്ട് മുക്കവും പരിസരപ്രദേശങ്ങളും നിറഞ്ഞു. ഒടുവില്‍ യഥാര്‍ഥ പ്രതിയെ അതിവിദഗ്ധമായി പൊക്കി പൊലീസ് മുക്കത്തെ ഒരു ബ്ലാക്ക്‌മാന്‍ കഥയ്‌ക്ക് തിരശീലയിട്ടു. സിനിമാക്കഥകളെ വെല്ലുന്ന കാര്യങ്ങളാണ് ഈ സംഭവത്തില്‍ പുറത്തുവരുന്നത്. 

രാത്രി 11 മണിയോടുകൂടി ബ്ലാക്ക്മാൻ ഇറങ്ങിയിട്ടുണ്ടെന്നും മുത്തേരി ഭാഗത്തെ ഒരു വീട്ടിൽ കയറിയിട്ടുണ്ട് എന്നുമാണ് വാട്സ്‍ആപ്പ് ഓഡിയോകളില്‍ പറയുന്നത്. ശബ്ദ സന്ദേശം കാട്ടുതീപോലെ നാട്ടിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ പ്രദേശത്തേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. വാട്സാപ്പില്‍ പ്രചരിച്ച അഞ്ച് ശബ്ദ സന്ദേശങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് ലഭിച്ചു. അതില്‍ പറയുന്നത് ആരിലും അമ്പരപ്പും ജിജ്ഞാസയും ഉണ്ടാക്കുന്ന കാര്യങ്ങള്‍.
undefined
'പൊലീസ് വരാന്‍ കാത്തുനില്‍ക്കുവാ വാതില്‍ തുറക്കാന്‍'മുക്കം പരിസരങ്ങളിലെ ചില വാട്‍സ്ആപ്പ് ഗ്രൂപ്പുകളില്‍ പാറിപ്പറന്ന സന്ദേശങ്ങളില്‍ പറയുന്നതാണിത്. 'പൊലീസ് വരാന്‍ കാത്തുനില്‍ക്കുവാ വാതില്‍ തുറക്കാന്‍. ടെറസിന്‍റെ മുകളിലേക്കുള്ള വാതിലൊക്കെ അടച്ച് നില്‍ക്കുവാണ്. ഞാനും ഉണ്ടവിടെ. മുത്തേരീന്ന് കല്ലുരിട്ടിയിലേക്കുള്ള റോഡിലാണ്. ആ റോഡില്‍ കുറച്ച് അങ്ങോട്ട് പോണം. വടിയും കാര്യങ്ങളുമായി തയ്യാറായി നില്‍ക്കുവാണ്. പൊലീസ് അഞ്ച് മിനുറ്റ് കൊണ്ട് വരുന്നാണ് പറഞ്ഞിരിക്കുന്നത്. ആ വീട് നിറയെ ആള്‍ക്കാരാണ്. സാധാരണക്കാരനാണെങ്കില്‍ വീട്ടില്‍ തന്നെ കാണും. അല്ലെങ്കിലാണ് പ്രശ്നം. ടെറസിന്‍റെ മുകളില്‍ വരെ ആള്‍ക്കാര്‍ നില്‍പ്പുണ്ട്. ഒരു തരത്തിലുംഅയാള്‍ക്ക് രക്ഷപെടാന്‍ പറ്റില്ല. പിടിക്കൂന്നുള്ള രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍. രാധാകൃഷ്ണേട്ടന്‍റെ തൊട്ടടുത്ത വീട്ടിലും ബ്ലാക്ക്‌മാന്‍ കയറിയിട്ടുണ്ട്'.
undefined
പൊലീസ് സ്ഥലത്ത് എത്തിയെന്ന് പറഞ്ഞ് അല്‍പം കഴിഞ്ഞ് മറ്റൊരു സന്ദേശം. 'കുറെ പൊലീസുകാര്‍ വന്നിട്ടുണ്ട്. അവിടെയുള്ള ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. പരിചയമുള്ളവര്‍ മാത്രം നിന്നാല്‍ മതി, ബാക്കിയുള്ള നാട്ടുകാരൊക്കെ ഒഴിഞ്ഞുപോണം എന്നാണ് പൊലീസ് പറയുന്നത്. അവര്‍ മൊബൈല്‍ ക്യാമറയൊക്കയായി തയ്യാറെടുത്ത് കാത്തുനില്‍ക്കുവാണ്. ആള്‍ക്കാരുടെ കയ്യിലുള്ള വടിയും സാധനങ്ങളൊക്കെ മാറ്റാന്‍ പറഞ്ഞു. ആ വീട്ടുകാരും അടുത്ത വീട്ടുകാരും മാത്രം സ്ഥലത്ത് മതി, പിന്നെ പൊലീസ് കണ്ടെത്തിയ കുറച്ച് ആള്‍ക്കാരും'.
undefined
കേള്‍ക്കുമ്പോള്‍ വിശ്വാസ്യത തോന്നുന്ന രീതിയിലായിരുന്നു ശബ്ദ സന്ദേശങ്ങളെല്ലാം. ഏറ്റവും അടുത്ത ഒരു സുഹൃത്ത് പറയുന്ന ശൈലിയില്‍.എല്ലാം ദൃക്‌സാക്ഷി വിവരണം പോലെ നല്ല ഒഴുക്കും തിടുക്കവും ആശ്ചര്യവും. മേമ്പൊടിയായി മുക്കം ഭാഷയും പ്രയോഗങ്ങളും. അതുകൊണ്ടുതന്നെ ഓഡിയോ ക്ലിപ്പുകള്‍ കേട്ടപാടെ നാട്ടുകാര്‍ ഓടിക്കൂടി. ചിലരില്‍ ചെറിയ ഭയം ഇരച്ചുകയറി. സ്വാഭാവികം,ഇമ്മാതിരി കഥകള്‍ കേട്ടാല്‍.
undefined
ശരിക്കും പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ബ്ലാക്ക്മാന്‍ കഥകള്‍ കേട്ട് മുക്കത്ത് എത്തിയ പൊലീസിന് വേഗം കാര്യങ്ങളുടെ നിജസ്ഥിതി പിടികിട്ടി. സ്ഥലത്ത് ബ്ലാക്ക്മാന്‍റെ പൊടിപോലുമില്ല. ബ്ലാക്ക്മാനെ കണ്ടവരുമില്ല, ആകെ പ്രചരിക്കുന്നത് വാട്സ്ആപ്പ് മെസേജുകള്‍ മാത്രം. പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ വ്യാജമാണെന്ന് പൊലീസ് അതിവേഗം സ്ഥിരീകരിച്ചു. പൊലീസ് തമ്പടിച്ച ആളുകളെയെല്ലാം പിരിച്ചുവിട്ടു. അവിടംകൊണ്ട് പൊലീസ് അവസാനിപ്പിച്ചിട്ടില്ല. ഓഡിയോകള്‍ക്ക് പിന്നിലെ കാരണക്കാരനെ തപ്പി പൊലീസ് ഇറങ്ങി. എന്നാല്‍ അപ്പോള്‍ ചെറിയൊരു പ്രശ്നം.
undefined
ബ്ലാക്ക്മാൻ ഇറങ്ങിയെന്നും പിടികൂടിയെന്നും വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ മുത്താലം കാഞ്ഞിരത്തിങ്കൽ സ്വദേശി രാജേഷിനെ(34) മുക്കം ഇൻസ്‍പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എന്നാല്‍, അതിന്അതിവിദഗ്ധമായ നീക്കം വേണ്ടിവന്നു.
undefined
അയച്ച സന്ദേശം ഡീലിറ്റ് ചെയ്തു, എന്നിട്ടും പൊക്കി പൊലീസ്!വ്യാജ സന്ദേശം റെക്കോർഡ് ചെയ്ത് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു രാജേഷ്. ചില സുഹൃത്തുക്കള്‍ക്ക് അയച്ച കൊടുക്കുകയും ചെയ്തു. എന്നാല്‍ അയച്ച് മിനിറ്റുകൾക്കുള്ളിൽ സന്ദേശം ഡിലീറ്റ് ചെയ്‍തതോടെ ആളെ പിടികൂടാന്‍ പൊലീസ് പാടുപെടും എന്നായി. പക്ഷേ, ഡിലീറ്റ് ചെയ്ത സന്ദേശം വീണ്ടെടുത്ത് മുക്കം പൊലീസ്കേസിന് തുമ്പുണ്ടാക്കി, പ്രതി പിടിയില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ രാജേഷിനെ കൂടാതെ മറ്റ് ചിലരും കുടുങ്ങുമെന്ന് മുക്കം പൊലീസ് വ്യക്തമാക്കി.
undefined
അറസ്റ്റ് ഒരാളില്‍ അവസാനിക്കില്ല...വ്യാജ സന്ദേശം പ്രചരിപ്പിച്ച ആളുകളെയും നടപടി സ്വീകരിക്കാത്ത വാട്സാപ്പ് ഗ്രൂപ്പ് അഡ്‍മിനെയും അന്വേഷിക്കുന്നതായി മുക്കം പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന ഇത്തരം സന്ദേശം പ്രചരിപ്പിച്ച് പ്രതിക്കെതിരെ കേരള പൊലീസ് ആക്ട് 118(b) പ്രകാരം മൂന്നു വർഷം വരെ തടവും 10,000 രൂപവരെ പിഴയും ലഭിക്കുന്ന കുറ്റവും കൂടാതെ ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
undefined
മുക്കം ഇൻസ്‍പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഷാജിദ്കെ, എഎസ്ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, അരുൺ എം തുടങ്ങിയവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.
undefined
ശരിക്കും മുക്കത്ത് ബ്ലാക്ക്മാനുണ്ടോ...ആ സംശയം ബാക്കിമുക്കത്തെ ബ്ലാക്ക്മാന്‍ കഥകള്‍ തുടങ്ങിയത് കഴിഞ്ഞ ദിവസമല്ല. പ്രദേശത്ത് ബ്ലാക്ക്മാനെ കണ്ടതായും വീടുകള്‍ക്ക് കല്ലെറിഞ്ഞതായും ആഴ്‍‌ചകളായി പ്രചരിക്കുന്നുണ്ട്. പലയിടത്തും ബ്ലാക്ക്മാനെ തപ്പി ആളുകള്‍ ഇറങ്ങുകയും ചെയ്തു. ലോക്ക് ഡൗണ്‍ ഭീതികള്‍ക്കിടെയാണ് ഈ ബ്ലാക്ക്മാന്‍ നാടകം എന്നോര്‍ക്കണം.ഇതിന് പിന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ. മുക്കം മുനിസിപാലിറ്റിചെയര്‍പേഴ്‌സനോട് ചോദിക്കാം.
undefined
'കഴിഞ്ഞ ദിവസം പിടികൂടിയ സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ല. എന്നാല്‍ മുക്കം നഗരസഭയിലെ 23 വാര്‍ഡില്‍ ബ്ലാക്ക്മാന്‍ എന്ന് തോന്നിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട്. നാല് ദിവസം മുന്‍പ് മൂന്ന് വീടുകള്‍ക്ക് നേരെ കല്ലേറ് നടന്നിരുന്നു. ആരോ കല്ല് എറിഞ്ഞ് പോകുന്നതായി വീട്ടുകാര്‍ കാണുകയും ചെയ്തു. ഞാന്‍ ആ വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ഇത് പ്രദേശവാസികളില്‍ തന്നെ ആരെങ്കിലും പറ്റിക്കാനോ, പേടിപ്പിക്കാനോ വേണ്ടി ചെയ്യുന്നതാണ് എന്നുറപ്പാണ്. ലോക്ക് ഡൗണ്‍ ലംഘിക്കാനുള്ള ശ്രമമാകാനും ഇടയുണ്ട്. കാരണം, തിരിച്ചുപോകേണ്ട വഴി കൃത്യമായി അറിയുന്നവരാണ് ഈ പണിക്കിറങ്ങുന്നത്. പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ'-ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്‍ മാഷ് പറഞ്ഞു.
undefined
എന്തായാലും മുക്കത്തെ ബ്ലാക്ക്മാന്‍ കഥകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുന്നു. ഇനിയാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ സിസിടിവി ഉടന്‍ കണ്ണുതുറക്കും, പൊലീസും ജാഗ്രതയിലാണ്.
undefined
കുന്നംകുളത്തെ ബ്ലാക്ക്മാന്‍ കഥ ഇങ്ങനെനേരത്തെ, തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തും ബ്ലാക്ക്മാന്‍ കഥകള്‍ പ്രചരിച്ചിരുന്നു. വീടുകള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ ഓടിക്കയറുന്ന, കാലില്‍ സ്‌പ്രിങ്ങുകളുള്ളഅതിമാനുഷികനായിരുന്നു മുക്കത്തെ ബ്ലാക്ക്മാന്‍. കുന്നംകുളത്ത് നിന്ന് പിടികൂടിയ ബ്ലാക്ക്മാന്‍ എന്ന പേരില്‍ ഒരു ചിത്രവും പ്രചരിച്ചു. കേരളത്തിലെ വടംവലി വമ്പന്‍മാരായ എടപ്പാള്‍ ആഹാ ഫ്രണ്ട്സിന്‍റെ സൂപ്പര്‍താരം ബനാത്ത് പുല്ലാരയുടെ ചിത്രമാണ് ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നിലെ വസ്തുത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അന്ന് പുറത്തുകൊണ്ടുവന്നിരുന്നു.
undefined
click me!