ലോകകപ്പ് കിരീടത്തിനൊപ്പം മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനായും കടുത്ത മത്സരം. ലിയോണൽ മെസി, കിലിയൻ എംബാപ്പേ എന്നിവർ മുന്നിട്ട് നിൽക്കുമ്പോൾ, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രി തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്.
ലോകകപ്പ് കിരീടത്തിനായി സ്പെയിനും ഫ്രാന്‍സും അര്‍ജന്‍റീനയും ഇംഗ്ലണ്ടും തന്ത്രങ്ങൾ മെനയുമ്പോൾ, മൈതാനത്ത് ആവേശകരമായ മറ്റൊരു പോരാട്ടം കൂടി നടക്കുന്നുണ്ട്. ടൂർണമെന്‍റിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന 'ഗോൾഡൻ ബോൾ' പുരസ്കാരത്തിനായുള്ള വ്യക്തിഗത പോരാട്ടമാണിത്.
210
പ്രവചനാതീതം
ഇക്കുറി പ്രവചനാതീതമായ മത്സരമാണ് സൂപ്പർ താരങ്ങൾ തമ്മിൽ നടക്കുന്നത്. ഫിഫ പവർ റാങ്കിങ്ങും നിലവിലെ ഫോമും വിലയിരുത്തുമ്പോൾ ഗോൾഡൻ ബോൾ റേസിലുള്ള 6 പ്രധാന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
310
എർലിങ് ഹാളണ്ട് (നോർവേ)
28 വർഷങ്ങൾക്ക് ശേഷമുള്ള നോർവേയുടെ ലോകകപ്പ് തിരിച്ചുവരവ് ഫുട്ബോൾ പ്രേമികൾക്ക് വിരുന്നാക്കി മാറ്റിയ താരം. ഹാളണ്ടിന്റെ ഗോളടി കരുത്തിൽ ചരിത്രത്തിലാദ്യമായി നോർവേ ക്വാർട്ടർ ഫൈനൽ വരെയെത്തി. വടക്കേ അമേരിക്കൻ പുൽമൈതാനങ്ങളിൽ 7 ഗോളുകൾ അടിച്ചുകൂട്ടിയ ഹാളണ്ട് ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർമാരിലൊരാളായിരുന്നു.
410
റോഡ്രി (സ്പെയിൻ)
ആറ് മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധത്തെയും മധ്യനിരയെയും നിയന്ത്രിക്കുന്ന യഥാർത്ഥ എൻജിനാണ് റോഡ്രി. ഫിഫയുടെ ഡിഫൻഡിങ് പവർ റാങ്കിങ്ങിൽ നിലവിൽ ഒന്നാമനാണ് ഈ സിറ്റി താരം.
510
മൈക്കൽ ഒലിസെ (ഫ്രാൻസ്)
ഫ്രഞ്ച് അക്രമണ നിരയിൽ എംബാപ്പേയുടെയും ഡെംബലെയുടെയും പ്രധാന വഴികാട്ടി. ഈ ലോകകപ്പിൽ 5 അസിസ്റ്റുകളുമായി ഗോൾ അവസരങ്ങൾ ഒരുക്കുന്നതിൽ ഒലിസെയാണ് നിലവിൽ ഏറ്റവും മുന്നിൽ.
610
ഹാരി കെയ്ൻ (ഇംഗ്ലണ്ട്)
ഈ ടൂർണമെന്‍റിൽ ഇതുവരെ 6 ഗോളുകൾ നേടിക്കഴിഞ്ഞു 'കിങ് കെയ്ൻ'. കോംഗോയ്ക്കെതിരായ നിർണായക മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിനെ തോളിലേറ്റി പ്രീ-ക്വാർട്ടറിലേക്ക് നയിച്ചത് കെയ്ൻ ആയിരുന്നു. സെമി ഫൈനലിൽ അർജന്റീനയ്ക്കെതിരെ കൂടി തിളങ്ങിയാൽ കെയ്നിന്‍റെ സാധ്യതകൾ വർധിക്കും.
710
ലിയോണൽ മെസി (അർജന്‍റീന)
ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി മെസി അർജന്‍റീനയെ മുന്നിൽ നിന്ന് നയിക്കുകയാണ്. ഇതിനകം തന്നെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസി മാറി. സ്വിറ്റ്സർലൻഡിനെതിരെ മാക് അലിസ്റ്റർക്ക് നൽകിയ പാസോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. അർജന്‍റീനയെ വീണ്ടുമൊരു ഫൈനലിലേക്ക് നയിച്ചാൽ മെസിയെ തേടി കരിയറിലെ മൂന്നാമതൊരു ഗോൾഡൻ ബോൾ കൂടിയെത്തും.
810
ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്)
തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ നേടി ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച ബെല്ലിങ്ഹാം താനൊരു ബിഗ്-ഗെയിം പ്ലെയറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഒരു ലോകകപ്പിൽ ഇംഗ്ലണ്ട് താരത്തിന്‍റെ ഉയർന്ന ഗോൾ വേട്ടയിൽ ഹാരി കെയ്നൊപ്പമാണ് ബെല്ലിങ്ഹാം ഇപ്പോൾ. ഗോളുകൾക്ക് പുറമെ പ്രതിരോധത്തിലും മധ്യനിരയിലും ഒരേപോലെ ഓടിക്കളിക്കുന്ന താരം ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
910
കിലിയൻ എംബാപ്പേ (ഫ്രാൻസ്)
മെസ്സിയുടെ അവിശ്വസനീയ പ്രകടനത്തിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ ഒരാൾക്കേ സാധിക്കൂ– അത് കിലിയൻ എംബാപ്പേയാണ്. ഫിഫയുടെ ഓവറോൾ പവർ റാങ്കിങ്ങിൽ ഒന്നാമതുള്ള എംബാപ്പേ മെസ്സിക്കൊപ്പം 8 ഗോളുകളുമായി ടോപ്പ് സ്കോറർ സ്ഥാനത്തുണ്ട്. എന്നാൽ മെസ്സിയേക്കാൾ ഒരു അസിസ്റ്റ് കൂടുതലുണ്ട് (3 അസിസ്റ്റുകൾ) എന്നതിനാൽ നിലവിൽ ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എംബാപ്പേ തന്നെയാണ്.
1010
സെമി പോരാട്ടങ്ങൾ നിര്‍ണായകം
സെമിഫൈനൽ പോരാട്ടങ്ങളുടെ ഫലവും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും വരും ദിവസങ്ങളിൽ ഈ റാങ്കിങ്ങിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. ഇത് മെസ്സിയും എംബാപ്പേയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറുമോ, അതോ ബെല്ലിങ്ഹാമോ കെയ്നോ സ്പാനിഷ് കരുത്തനായ റോഡ്രിയോ ഈ അവാർഡ് തട്ടിയെടുക്കുമോ? ജൂലൈ 19ന് ലോകകപ്പ് കിരീടത്തിനൊപ്പം പ്രഖ്യാപിക്കപ്പെടുന്ന ആ സുവർണ താരം ആരായിരിക്കുമെന്ന് അറിയാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!