2018 മുതൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുമ്പോൾ തനിക്ക് ലഭിക്കുന്ന മാച്ച് ഫീസും ബോണസുകളും എംബാപ്പേ സ്വന്തം ആവശ്യങ്ങൾക്കായി എടുക്കാറില്ല എന്നതാണ് വസ്‌തുത.
ന്യൂയോര്‍ക്ക്: മൈതാനത്തെ അസാധ്യ വേഗത കൊണ്ടും ഗോളടി മികവ് കൊണ്ടും എതിരാളികളെ വിറപ്പിക്കുന്ന ഫ്രഞ്ച് പടത്തലവനാണ് കിലിയൻ എംബാപ്പേ. കളിക്കളത്തിൽ പടക്കുതിരായയ ഈ റയൽ മാഡ്രിഡ് സൂപ്പർ താരത്തിന്, പുറത്ത് കാരുണ്യത്തിന്‍റെ വലിയൊരു മനസ്സ് കൂടിയുണ്ടെന്ന് അധികം പേർക്കറിയില്ല. 2018 മുതൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുമ്പോൾ തനിക്ക് ലഭിക്കുന്ന മാച്ച് ഫീസും ബോണസുകളും എംബാപ്പേ സ്വന്തം ആവശ്യങ്ങൾക്കായി എടുക്കാറില്ല എന്നതാണ് വസ്‌തുത.
ഫ്രാൻസിനായി ബൂട്ട് കെട്ടുന്നതിൽ നിന്ന് ഒരു രൂപ പോലും എംബാപ്പേ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാറില്ല. ഈ തുക മുഴുവൻ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് താരം മാറ്റിവെക്കുന്നത്. കഠിനമായ രോഗങ്ങളോട് പൊരുതി ആശുപത്രികളിൽ കഴിയുന്ന പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കും ക്ഷേമത്തിനുമായാണ് എംബാപ്പേ തന്‍റെ സഹായങ്ങൾ ഭൂരിഭാഗവും എത്തിക്കുന്നത്. 2018-ൽ ഫ്രാൻസ് ലോകകിരീടം ചൂടിയപ്പോൾ എംബാപ്പേയ്ക്ക് ബോണസായി ലഭിച്ചത് 3.5 കോടിയിലധികം രൂപയാണ്. ഈ വൻ തുക മുഴുവൻ എംബാപ്പെ സന്നദ്ധ സംഘടനകൾക്ക് കൈമാറി കായിക ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ആ വർഷം തന്നെ മാരക രോഗം ബാധിച്ച ഒരു കുഞ്ഞിന്‍റെ അടിയന്തര ചികിത്സയ്ക്കായി വലിയൊരു തുക താരം ഒറ്റയ്ക്ക് നൽകുകയും ചെയ്തു.
സ്വന്തം ടീമിലെ സഹപ്രവർത്തകരെയും ജീവനക്കാരെയും ചേർത്തുപിടിക്കുന്നതിലും എംബാപ്പേ മാതൃകയാണ്. ഫ്രഞ്ച് ടീമിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്കുംസപ്പോർട്ട് സ്റ്റാഫിനും പതിവായി വലിയ വിലപിടിപ്പുള്ള പാരിതോഷികങ്ങൾ എംബാപ്പേ സ്വന്തം കൈയിൽ നിന്ന് നൽകാറുണ്ട്. രാജ്യത്തിനായി കളിക്കുന്നത് സാമ്പത്തിക ലാഭത്തിനല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൊണ്ടാണ്. അതുകൊണ്ട് ഈ പണം എനിക്ക് ആവശ്യമില്ലെന്ന് എംബാപ്പെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്‍റെ താമായ എംബാപ്പെ ക്ലബ് ഫുട്ബോളിൽ നിന്ന് കോടികൾ പ്രതിഫലം വാങ്ങുമ്പോഴും, രാജ്യത്തിന്‍റെ ജേഴ്സിയിൽ കളിക്കുമ്പോൾ ലഭിക്കുന്ന പണം മുഴുവൻ പാവപ്പെട്ടവർക്കായി നീക്കിവെച്ച് കളിക്കളത്തിന് പുറത്തും യഥാർത്ഥ ഹീറോ ആണെന്ന് തെളിയിക്കുകയാണ്.
