ത്രിപുരയില്‍ രാഷ്ട്രീയ സംഘര്‍ഷം; അഞ്ച് മാധ്യമ സ്ഥാപനങ്ങളും രണ്ട് സിപിഎം ഓഫീസും അക്രമികള്‍ കത്തിച്ചു

First Published Sep 10, 2021, 11:49 AM IST


സംഘര്‍ഷാവസ്ഥ തുടരുന്ന ത്രിപുരയില്‍ അഞ്ച് മാധ്യമ സ്ഥാപനങ്ങളും രണ്ട് സിപിഎം ഓഫീസുകള്‍ക്കും അക്രമികള്‍ തീയിട്ടു.  പിബി 24, പ്രതിബാദി കലാം, കൽമർ ശക്തി, ഡെയ്‌ലി ദേശാർക്കഥ, ദുരന്ത ടിവി എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം കയറിയ അക്രമികള്‍ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ ആരോപിച്ചു. ത്രിപുരയിലെ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിമർശിച്ചു. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും ഇവർ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍, ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.

"ഫാസിസ്റ്റ് ആക്രമണങ്ങൾ" എന്നായിരുന്നു സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംഭവം ട്വീറ്റ് ചെയ്തത്.  "ത്രിപുരയിലുടനീളമുള്ള സിപിഐഎം ഓഫീസുകൾ ഭരണകക്ഷിയായ ബിജെപി ആക്രമിക്കുന്നത് തുടരുന്നു. പാർട്ടി നേതാക്കളുടെ വീടുകൾ ഉൾപ്പെടെ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു, പാർട്ടി സ്വത്തുക്കൾ നശിപ്പിച്ചു. ചെറുത്തു തോൽപ്പിക്കപ്പെടും. "അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അക്രമം നടത്തിയ ബിജെപി പ്രവർത്തകർക്ക് കിട്ടുന്ന സംരക്ഷണം സംസ്ഥാന സർക്കാരിന്‍റെ ഒത്താശ തെളിയിക്കുന്നതാണ്. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട പൊളിറ്റ് ബ്യൂറോ എല്ലാ പാർട്ടി ഘടകങ്ങൾക്കും അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നിർദ്ദേശം നൽകി.

മുന്‍ മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന പര്യടനം നടക്കുന്നതിനിടെയാണ് സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ തന്നെ കഴിഞ്ഞ ദിവസം അക്രമം ഉണ്ടായത്. പിന്നീടുണ്ടായ തുടർ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. 

സി പി എമ്മിന്‍റെ രണ്ട് ഓഫീസുകൾ കത്തിച്ചു. ആറ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. അഞ്ച് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. ആറോളം മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. മാധ്യമസ്ഥാപനങ്ങളുടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. 

തിങ്കളാഴ്ച ധൻപൂരിൽ സി.പി.എമ്മിന്‍റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ ഒരു ജാഥ ഗോമതി ജില്ലയിലെ ഉദയ്പൂർ പട്ടണത്തിൽ പ്രവേശിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. റാലിക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. 

തുടര്‍ന്ന് ഡിവൈഎഫ്‌ഐ റാലിയെ സമീപത്ത് ക്യാമ്പ് ചെയ്ത ഒരു സംഘം ബിജെപി പ്രവർത്തകർ അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തലസ്ഥാന നഗരമായ അഗർത്തലയിലെ സിപിഐ എം സംസ്ഥാന ഓഫീസും അക്രമികൾ നശിപ്പിക്കുകയും പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. 


സമാനമായ സംഭവങ്ങൾ സെപഹിജാല, ഗോമതി ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്  പൊലീസ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി പ്രവര്‍ത്തകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന് ആരോപിച്ച് ബിജെപി റാലി നടത്തി.

ബിജെപി  സംസ്ഥാന വൈസ് പ്രസിഡന്‍റ് രജിബ് ഭട്ടാചാർജിയുടെയും സെക്രട്ടറിമാരായ ടിങ്കു റോയ്, പാപ്പിയ ദത്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. റാലിയില്‍ പങ്കെടുത്തവര്‍ ആസൂത്രിതമായി അക്രമണം നടത്തുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. 

പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയാണെന്നും എല്ലാ കുറ്റവാളികളെയും ഉടൻ പിടികൂടുമെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രമേശ് യാദവ് പറഞ്ഞു. 

ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് റാലി നടത്താൻ ബിജെപിക്ക് അനുമതി നൽകിയിട്ടില്ലെന്നും അനുമതിയില്ലാതെയാണ് ബിജെപി റാലി നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

അതേസമയം അക്രമികൾക്ക് എതിരെ പൊലീസ് നടപടി വേണമെന്ന് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടിയില്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നടത്തുമെന്ന് മാധ്യമ സംഘടനകള്‍ അറിയിച്ചു. 

പ്രകടനമായെത്തിയ ബി.ജെ.പി പ്രവർത്തകർ ബുധനാഴ്ച ഗോമതിയിലെ പ്രാദേശിക ചാനലായ ദുരന്ത ടിവി ഓഫീസ് കൊള്ളയടിച്ച ശേഷം തീയിടുകയായിരുന്നുവെന്ന് എഡിറ്റർ അയ്യൂബ് സർക്കാർ ആരോപിച്ചു.

തീയിട്ട ശേഷം സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാ യൂണിറ്റ് എത്താതിരിക്കാനായി അക്രമികള്‍ വഴി തടസപ്പെടുത്തിയതായി എഡിറ്റർ അയ്യൂബ് സർക്കാർ ആരോപിച്ചു.

പലതവണ ശ്രമിച്ചിട്ടും ജില്ലാ പൊലീസ് അഥോറിറ്റിയിൽ നിന്നോ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നോ ഒരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ത്രിപുര ഡിവിഷണൽ ഓഫീസിൽ നിന്ന് ബിജെപി റാലിക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലും ഇഷ്ടികയും എറിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹ ആരോപിച്ചു. 

തിരിച്ചടിക്കുന്നതിനിടെ, രണ്ട് പത്രങ്ങളും ഒരു ടിവി ചാനലും അടങ്ങുന്ന ഒരു കെട്ടിടത്തിലേക്ക് ബിജെപി പ്രവർത്തകർ അബദ്ധത്തിൽ പ്രവേശിക്കുകയും ഓഫീസ് കൊള്ളയടിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ദുരന്ത ടിവിയെക്കുറിച്ച് അറിയില്ലെന്നും മണിക് സാഹ പറഞ്ഞു.  

ആക്രമണങ്ങൾ നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അക്രമികള്‍ക്കെതിരെ ത്രിപുര സർക്കാർ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍‍ട്ടുകളുണ്ടായിരുന്നു. 

ബിജെപി നേതാക്കൾ മുന്നിൽ നിന്ന് നയിച്ചതോടെ ഒരു കൂട്ടം അക്രമികള്‍ മാധ്യമസ്ഥാപനത്തിൽ കയറുകയും സിടിവി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. പിന്നീട് കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും എടുത്ത് കൊണ്ട് പോവുകയുമായിരുന്നെന്ന് പ്രതിബാദി കലാം പ്രൊപ്രൈറ്റർ-എഡിറ്റർ അനൽ റോയ്ചൗധരി പറഞ്ഞു. 

വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും രേഖകളും തട്ടിയെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. 

സ്ഥാപനത്തിലെ രണ്ട് മോട്ടോർ ബൈക്കുകളും മീഡിയ ഹൗസിന്‍റെ വാഹനവും അക്രമികള്‍ കത്തിക്കുകയും കമ്പ്യൂട്ടര്‍ ഹാർഡ് ഡിസ്ക് മോഷ്ടിക്കുകയും ചെയ്തെന്നും അക്രമത്തില്‍ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് അക്രമികള്‍ സിപിഎം ജില്ലാ ഓഫീസിൽ പ്രവേശിക്കുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയുമായിരുന്നെന്നും റോയ് ചൌധരി ആരോപിച്ചു. 

സിപിഎം ആസ്ഥാനവും ഡെയ്‌ലി ദേശകഥ ഓഫീസും ആക്രമിക്കുകയും അഞ്ച് വാഹനങ്ങളും ഒമ്പത് മോട്ടോർ ബൈക്കുകളും കത്തിക്കുകയും ചെയ്തു. ബിഷാൽഗഡിലെ സിപിഎം പാർട്ടി ഓഫീസും അക്രമികള്‍ കത്തിച്ചു.

അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവരിൽ മൂന്ന് പേർ തങ്ങളുടെ പ്രവർത്തകരാണെന്ന് സിപിഎം പറയുന്നു. ബിജെപി പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിബാദി കലാം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. 

എന്നാൽ തങ്ങള്‍ ആരേയും ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഏഴ് പ്രവർത്തകരെ സി പി എം ആക്രമിച്ച് പരിക്കേൽപ്പിച്ചതായും ബിജെപി ആരോപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!