A.G. Perarivalan: ഒടുവില്‍, ആ അമ്മയുടെ കണ്ണീരിന് അറുതി

First Published Mar 17, 2022, 10:59 AM IST

യിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് നിയമ പുസ്തകങ്ങളുടെ അടിസ്ഥാനം. പേരറിവാളന്‍ (A.G. Perarivalan), അര്‍പ്പുതം അമ്മാളിന്‍റെ മകന്‍ (Arputham Ammal)... നിരപരാധിയായിരുന്നിട്ടും നിയമത്തിന് മുന്നില്‍ കുറ്റവാളിയാക്കപ്പെട്ടയാള്‍. അമ്മ അര്‍പ്പുതാം അമ്മാളിന്‍റെ തീരാത്ത കണ്ണീരിനൊടുവില്‍ ആദ്യ അറസ്റ്റിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം പെരറിവാളന് ജാമ്യം ലഭിച്ചു. ജയിൽ മോചിതനായി വീട്ടിലെത്തിയതിന് ശേഷം പേരറിവാളന്‍ ആദ്യം ചെയ്തത് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ചിത്രത്തിൽ മാല ചാർത്തുകയായിരുന്നു. പേരറിവാളന്‍റെ അമ്മ അർപ്പുതാം അമ്മാൾ മൂന്ന് പതിറ്റാണ്ടുകാലം നടത്തിയ നിയമപോരാട്ടത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ മരിക്കുവോളം പിന്തുണ നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയെ വധിച്ച കുറ്റത്തിന് (Rajiv Gandhi assassination case) നിയമം ശിക്ഷിച്ച കുറ്റവാളിയുടെ മോചനത്തിനായി ഒരു ന്യായാധിപന്‍ തന്നെ മുന്നിട്ടിറങ്ങുന്ന അത്യപൂര്‍വ്വമായ ഒരു കേസുകൂടിയായിരുന്നു പേരളിവാളിന്‍റെത്. രാജ്യത്തെ നിയമപാലകരുടെയും നിയമവ്യവസ്ഥയുടെയും കാണാ ചുഴികള്‍ സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുകയായിരുന്നു പേരറിവാളന്‍. 

ചിത്രങ്ങള്‍: കവിന്‍ മലര്‍

തമിഴ്നാട്ടില്‍ ശക്തി പ്രാപിച്ചിരുന്ന പേരിയോറിന്‍റെ ദ്രാവിഡ പ്രസ്ഥാനത്തിലേക്ക് അക്കാലത്ത് അനേകായിരങ്ങളാണ് ആശ്രയം തേടിയെത്തിയത്. അക്കൂട്ടത്തില്‍ ജോലാർപേട്ടിൽ നിന്ന് കുയിൽദാസൻ എന്ന ജ്ഞാനശേഖരനും അർപ്പുതം അമ്മാളുമുണ്ടായിരുന്നു. 1971 ജൂലൈ 30-ന് അവര്‍ക്കൊരു ആണ്‍കുട്ടി ജനിച്ചു. ഏ.ജെ.പേരറിവാളന്‍. 

1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതും. 

അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടകവസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. 

അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ഓരോ തവണ കേസ് കോടതിയിലെത്തുമ്പോഴും പേരറിവാളനും അമ്മ അര്‍പ്പുതം അമ്മാളും കോടതി വരാന്തകളില്‍ കണ്ടുമുട്ടി. എങ്കിലും നീണ്ട വിചാരണയും ശിക്ഷയും മറപോലെ നടന്നു. 

അതിനിടെയാണ് മകന്‍റെ നിരപരാധിത്വം തെളിയിക്കാനായി അമ്മ അര്‍പ്പുതാം അമ്മാള്‍ പല വാതിലുകളിലും പോയി മുട്ടുന്നത്. ആ അമ്മയ്ക്ക് മുന്നില്‍ തുറന്ന അപൂര്‍വ്വം ചില വാതിലുകളിലൊന്നായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെത്.

ചിത്രങ്ങള്‍: കവിന്‍ മലര്‍

അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച 'പീപ്പിൾസ് മൂവ്മെന്‍റ് എഗിൻസ്റ്റ് ഡെത്ത് പെനാൽറ്റി' എന്ന സംഘടനയുടെ നേതൃത്വത്തിൽ നിർമിച്ച ഡോക്യുമെന്‍ററിയില്‍ അത്യപൂര്‍വ്വമായൊരു വെളിപ്പെടുത്തലുണ്ടായി. 

മുൻ സിബിഐ ഉദ്യോഗസസ്ഥൻ ത്യാഗരാജന്‍റെതായിരുന്നു ആ വെളിപ്പെടുത്തല്‍. പിന്നീട് പേരറിവാളിന്‍റെ നിരപരാധിത്വത്തിന് ശക്തി പകര്‍ന്ന ആ വെളിപ്പെടുത്തല്‍ പക്ഷേ, കുറ്റവാളികളെ തീരുമാനിക്കുന്ന ഇന്ത്യന്‍ നിയമപാലകരുടെ നീതി ബോധത്തിന്‍റെ ദുര്‍ബലതയായിരുന്നു തുറന്ന് കാട്ടിയത്. 

കുറ്റവാളിയായി പിടിക്കപ്പെട്ട 19 വയസുകാരന്‍ പേരറിവാളിന്‍റെ മൊഴി താന്‍ അപ്പാടെ പകര്‍ത്തിയിരുന്നില്ല എന്നായിരുന്നു ത്യാഗരാജന്‍റെ വെളിപ്പെടുത്തല്‍. കേസിന്‍റെ അന്തിമ വിധിയേ പോലും സ്വാധിനിച്ച ആ അപൂര്‍ണ്ണമായ രേഖപ്പെടുത്തലില്‍ പൂരിപ്പിക്കപ്പെടാതെ പോയത് ഒരു കുടുംബത്തിന്‍റെ 'ഇമ്പ'മായിരുന്നു. 

ജയിലിൽ ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി വഴി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദവും പൂർത്തിയാക്കി. 2012 ൽ പ്ലസ് ടു പരീക്ഷയിൽ തടവുകാരിൽ എക്കാലത്തെയും ഉയർന്ന വിജയ ശതമാനമായ 91.33 ശതമാനം നേടി. 

2013 -ൽ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തിയ ഡിപ്ലോമ കോഴ്‌സ് പരീക്ഷയിൽ ഒന്നാമതെത്തി സ്വർണമെഡലും പേരറിവാളന്‍ നേടിയെടുത്തു. അതിനിടെ പേരറിവാളിന്‍റെ ദയാഹര്‍ജി പ്രസിഡന്‍റ് തള്ളിയിരുന്നു. മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പം പേരറിവാളനും ജയിലിൽ കഴി‍ഞ്ഞു. 

2014 ഫെബ്രുവരി 18 ന് പേരറിവാളന്‍റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തു. 2014 ഫെബ്രുവരി 19-ന്, അദ്ദേഹത്തെ മറ്റ് ആറ് കുറ്റവാളികൾക്കൊപ്പം വിട്ടയക്കാനുള്ള തീരുമാനം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപനങ്ങള്‍ നടപ്പാകാന്‍ പേരറിവാളിനും അമ്മയ്ക്കും 2022 മാര്‍ച്ച് 15 വരെ കാത്തിരിക്കേണ്ടിവന്നു.

നിരപരാധിയായ മകന് വേണ്ടി ഒരമ്മയുടെ നീണ്ട യാത്രകളും യാതനകളുമായിരുന്നു കഴിഞ്ഞ 30 വര്‍ഷം ഇന്ത്യന്‍ നീതിന്യായം കണ്ടത്. ഇന്ന് ജാമ്യത്തിലിറങ്ങിയ പേരറിവാളിന് 51 വയസ് പൂര്‍ത്തിയാകാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം.

വിചാരണയും തടവുമടക്കം 30 വര്‍ഷം ഇതിനിടെ പേരറിവാളന്‍ ജീവിച്ച് തീര്‍ത്തു. 'ആൻ അപ്പീൽ ഫ്രം ദി ഡെത്ത് റോ (രാജീവ് മർഡർ കേസ് - ദി ട്രൂത്ത് സ്പീക്ക്സ്) (An Appeal From The Death Row (Rajiv Murder Case - The Truth Speaks)എന്ന പേരറിവാളിന്‍റെ ആത്മകഥാ പുസ്തകം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി എ. ബി. ബർദനാണ് പ്രകാശനം ചെയ്തത്. 

click me!