ഗൾഫ് മേഖലയിലെ യുദ്ധത്തെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യോമപാതകൾ അടച്ചതും ഇന്ധനവില കുതിച്ചുയർന്നതും പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചതോടെ, കമ്പനികൾ നികുതിയിളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.

ഗള്‍ഫ് മേഖലയില്‍ അമേരിക്ക-ഇസ്രയേല്‍ യുദ്ധം രൂക്ഷമായതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി ഇന്ത്യന്‍ വിമാനക്കമ്പനികള്‍. യുദ്ധം കാരണം പല രാജ്യങ്ങളും വ്യോമപാത അടച്ചതും, ഇന്ധനവില കുതിച്ചുയര്‍ന്നതും വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവ് വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ എക്‌സൈസ് തീരുവയിലോ ജിഎസ്ടിയിലോ ഇളവ് നല്‍കി സഹായിക്കണമെന്ന് വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികള്‍ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നില്ലെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമാനക്കമ്പനികളെ വന്‍ പ്രതിസന്ധിയിലാക്കുന്ന പ്രധാനപ്പെട്ട 4 കാരണങ്ങള്‍ ഇവയാണ്:

1. ചുറ്റിവളഞ്ഞുള്ള യാത്ര; ഇന്ധനച്ചെലവ് ഇരട്ടി

ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചതും, പാകിസ്ഥാന്റെ വ്യോമപാതയിലുള്ള ദീര്‍ഘകാലമായുള്ള വിലക്കും കാരണം യൂറോപ്പിലേക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള വിമാനങ്ങള്‍ക്ക് ഇപ്പോള്‍ വലിയൊരു 'യു-ടേണ്‍' എടുത്ത് ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയാണ്. യാത്രയുടെ ദൈര്‍ഘ്യം കൂടിയതോടെ കൂടുതല്‍ ഇന്ധനവും വലിയ ജീവനക്കാരുടെ സംഘവും ആവശ്യമായി വരുന്നു. ഇതിനുപുറമെ വിമാനത്തിലെ ഭക്ഷണച്ചെലവും അറ്റകുറ്റപ്പണി ചെലവുകളും വര്‍ദ്ധിച്ചു.

2. കുതിച്ചുയര്‍ന്ന് എണ്ണവില

എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതോടെ വിമാന ഇന്ധനത്തിന് തീവിലയായി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ എണ്ണവിലയില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. 2022 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ വില കൂടിയ ഇന്ധനം അടിക്കേണ്ടി വരുന്നത് കമ്പനികളുടെ നടുവൊടിക്കുകയാണ്.

3. ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ കൊള്ള

യുദ്ധമേഖലയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ വലിയ തുകയാണ് പ്രീമിയമായി ചുമത്തുന്നത്. 700 കോടി രൂപ വിലമതിക്കുന്ന എയര്‍ബസ് എ320 പോലുള്ള ചെറിയ വിമാനങ്ങള്‍ക്ക് പോയിവരാന്‍ മാത്രം ഏകദേശം 70 ലക്ഷം രൂപയാണ് അധിക പ്രീമിയം നല്‍കേണ്ടി വരുന്നത്. അതായത്, ഓരോ യാത്രക്കാരനും 20,000 രൂപയുടെ അധികച്ചെലവ്! ബോയിംഗ് 787 ഡ്രീംലൈനര്‍ പോലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇത് 2 കോടി രൂപ വരെയാകാം.

4. കാലിയായ വിമാനങ്ങളും റദ്ദാക്കലുകളും

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ വന്‍ തിരക്കായതിനാല്‍ വിമാനങ്ങളെല്ലാം നിറച്ചാണ് വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ തീരെയില്ല. ഒരു വശത്തേക്ക് മാത്രം യാത്രക്കാരെ കിട്ടുന്നത് കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. കൂടാതെ ഗള്‍ഫിലെ പല വിമാനത്താവളങ്ങളും മുന്‍കൂട്ടി സമയക്രമം അനുവദിക്കാത്തതിനാല്‍ കമ്പനികള്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി വില്‍ക്കാനോ സര്‍വീസുകള്‍ പ്ലാന്‍ ചെയ്യാനോ കഴിയുന്നില്ല.