അതിര്‍ത്തി സംഘര്‍ഷം; അസമും മിസോറാമും തുടരുന്ന സംഘര്‍ഷം

First Published Jul 28, 2021, 11:25 AM IST


സമിലെ ബരാക് വാലി ജില്ലകളായ കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി എന്നീ ജില്ലകള്‍ മിസോറാമിന്‍റെ ഐസ്വാൾ, കൊളാസിബ്, മാമിറ്റ് എന്നീ ജില്ലകളുമായി 164 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഈ അതിര്‍ത്തിക്കിടയില്‍ വനപ്രദേശവും കൃഷിപ്രദേശവും ജനവാസകേന്ദ്രങ്ങളുമുണ്ട്. ഈ അതിര്‍ത്തിയാണ് ഇരുസംസ്ഥാനങ്ങള്‍ക്കിടയിലെയും സംഘര്‍ഷ ഭൂമി. ഏതാണ്ട് 50 വര്‍ഷത്തോളമായി അതിര്‍ത്തി സംഘര്‍ഷത്തിലാണ് അസമും മിസാറാമും. മാസങ്ങളോളം നീണ്ടു നിന്ന സംഘർഷം പരിഹരിക്കാതെ വഷളാക്കിയതാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്രയും രക്തരൂക്ഷിതമായ അക്രമണം ആദ്യമായാണ്. ഫെഡറല്‍ ഭരണസംവിധാനത്തില്‍ കീഴിലെ രണ്ട് സംസ്ഥാനങ്ങളുടെ പൊലീസ് സേനകള്‍ തമ്മില്‍ പരസ്പരം ആയുധമുപയോഗിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. പൊലീസുകാരുടെ മരണത്തിന് ശേഷം പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെട്ടു. ഇരുസംസ്ഥാനത്തെയും മുഖ്യമന്ത്രിമാരോട് അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഷാ ആവശ്യപ്പെട്ടു. അതിനിടെ കോണ്‍ഗ്രസിന്‍റെ പ്രത്യേക സംഘം ഇരുസംസ്ഥാനാതിര്‍ത്തിയിലെയും സംഘര്‍ഷ മേഖല ഇന്ന് സന്ദര്‍ശിക്കും. ദില്ലിയില്‍ ഇന്ന് ആഭ്യന്തര സെക്രട്ടറി സംസ്ഥാന സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്നും ആരോപണയുര്‍ന്നു.  

" 5 അസം പൊലീസ് ഉദ്യോഗസ്ഥരെ കൊന്ന് നിരവധി പേർക്ക് പരിക്കേറ്റ ശേഷം, മിസോറാം പൊലീസും ഗുണ്ടകളും ആഘോഷിക്കുന്നത് ഇങ്ങനെയാണ്.- സങ്കടകരവും ഭയാനകവും"  :  അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവച്ച വീഡിയോ. 

സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇത്രയും വിഷളാക്കിയത് ആഭ്യന്തരമാന്ത്രാലയമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി ഡെറക് ഓബ്രിയൻ രംഗത്തെത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രിയുടെ കഴിവില്ലായ്മയാണ് അക്രമത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ 26 ന് ആഭ്യന്തര മന്ത്രി അമിത് ഷാ അസം സന്ദര്‍ഷിച്ച് മടങ്ങിയതിന്‍റെ തൊട്ട് പുറകെയാണ് ഇരു സംസ്ഥാനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായത്. . (അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയും ആഭ്യന്തരമന്ത്രി അമിത് ഷായും ) 

മറ്റൊരു ടിഎംസി എംപിയായ അഭിഷേക് ബാനർജി, ' അസം-മിസോറം അതിർത്തിയിൽ നടന്ന ക്രൂരമായ അക്രമത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. അമ്പരന്ന കുടുംബങ്ങൾക്ക് എന്‍റെ അനുശോചനം. ബിജെപികളുടെ നിരീക്ഷണത്തിൻ കീഴിലുള്ള ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്ത് ജനാധിപത്യത്തിന്‍റെ മരണത്തിന്‍റെ മരണമാണ്.' എന്ന് ട്വീറ്റ് ചെയ്തു. 

ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, മിസോറാം അന്ന് അറിയപ്പെട്ടിരുന്ന ലുഷായ് ഹിൽസ് ആസാമിന്‍റെ ഭാഗമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം മൂന്ന് പതിറ്റാണ്ടിനുശേഷം  1972 ലാണ് ഈ പ്രദേശത്തിന് അംഗീകാരം ലഭിച്ചത്. 1987 ൽ ഈ പ്രദേശം മിസോറാം എന്ന ഒരു സമ്പൂർണ്ണ സംസ്ഥാനമായി മാറി. (മിസ്സോറാം മുഖ്യമന്ത്രി സോറംതംഗയും പ്രധാനമന്ത്രി മോദിയും ) 

അസമിലെ മൂന്ന് ജില്ലകൾ - കാച്ചർ, ഹൈലകണ്ഡി, കരിംഗഞ്ച് - മിസോറാമിലെ മൂന്ന് ജില്ലകളുമായി 164 കിലോമീറ്റർ നീളമുള്ള അതിർത്തി മിസോറാം പങ്കിടുന്നു. അതിര്‍ത്തിയിലേറെയും വനമേഖലയാണ്. ഇരു സംസ്ഥാനങ്ങളും തങ്ങളുടെ വനമേഖലയില്‍ കടന്ന് കയറ്റം ആരോപിക്കുന്നു. ഇത് പലപ്പോഴും പരസ്പരം സംഘര്‍ഷത്തിലേക്ക് നീങ്ങാറുണ്ട്. 

2020 ഒക്ടോബറിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു. അന്ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇരുസംസ്ഥാനങ്ങളും അനുരഞ്ന ചര്‍ച്ചകള്‍ നടത്തുകയും അതിര്‍ത്തിയില്‍ നിന്ന് പൊലീസ് സേനയെ പിന്‍വലിക്കുകയും ചെയ്തിരുന്നു. 

2020 ല്‍ സംഘര്‍ഷമുണ്ടായ വൈറംഗ്‌ടെ, കോലാസിബ് ജില്ലയിലെ സൈഹാപുയിവി, മാമിത് ജില്ലയിലെ തിങ്‌ലൂൺ ഗ്രാമങ്ങളില്‍  മൂന്ന് ബി.എസ്.എഫ് കമ്പനികളെയാണ് മിസോറാം വിന്യസിച്ചിരുന്നത്. അന്നും മിസോറാമിന്‍റെ ജീവശ്വസമായിരുന്ന ദേശീയപാത 306 ല്‍ ആഴ്ചകള്‍ നീണ്ട സാമ്പത്തിക ഉപരോധം അസം തീര്‍ത്തിരുന്നു. 

അന്ന് അസമിലെയും മിസോറാമിലെയും പ്രദേശവാസികള്‍ ആഴ്ചയിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഇരുവശത്തെയും നിരവധി കുടിലുകളും ചെറിയ കടകളും കത്തിച്ചാമ്പലായി. എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. അതിര്‍ത്തിയില്‍ അസം സര്‍ക്കാര്‍ നിര്‍ബന്ധിത കുടിയൊഴിപ്പില്‍ നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മിസോറാം ആരോപിച്ചു. 

അസം സ്വന്തം സ്ഥലമെന്ന് അവകാശപ്പെട്ടിരുന്ന സ്ഥലത്ത് മിസോറാം പൊലീസിനെ വിന്യസിച്ചതിനെ തുര്‍ന്ന് ഇരു സംസ്ഥാനങ്ങളും ദേശീയ പാതകള്‍ ഉപരോധിച്ചു. ഇതോടെ മൂന്ന് ആഴ്ചയോളമാണ് മിസോറാമിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.  

ഇത്തരം അനുരഞ്ന ചര്‍ച്ചകള്‍ കൊണ്ട് കാര്യമായ പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഇരുസംസ്ഥാനങ്ങളും നല്‍കുന്നത്. ഏറ്റവും ഒടുവില്‍ അഞ്ച് അസം പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തോടെ അസം - മിസോറാം സര്‍ക്കാറും ഉദ്യോഗസ്ഥരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. 

അസം അതിര്‍ത്തിയില്‍ നിന്ന് ഒരു ഇഞ്ച് പോലും എടുക്കാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ശർമ്മ വെല്ലുവിളിച്ചു. മണിക്കൂറുകൾക്ക് ശേഷം ഹിമാന്ത ബിശ്വ ശർമ്മ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രി സിൽചാറിൽ കണ്ടു. അസം എസ്പി കാച്ചാർ വൈഭവ് നിംബാൽക്കർ ഉൾപ്പെടെ 60 -ളം പേർക്ക് പരിക്കേറ്റു. കാലിൽ വെടിയുണ്ടയുണ്ടെന്നും എസ്‌പി ഐസിയുവിലാണെന്നും അസം സർക്കാർ അറിയിച്ചു. 

എന്നാല്‍, എൺപതുകളുടെ ആരംഭം മുതൽ വിവിധ തലങ്ങളിൽ പലതവണ ചർച്ചകൾ നടത്തിയിട്ടും അതിര്‍ത്തി തര്‍ക്കത്തില്‍ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ, മാറി മാറി വന്ന കേന്ദ്ര സര്‍ക്കാറുകള്‍ക്കോ കഴിഞ്ഞിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. 

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് പ്രശ്നക്കാരെന്ന് മിസോറാം ആരോപിക്കുന്നു. ആസാമിലെ ലൈലാപൂരിൽ നിന്നുള്ള ഒരു കൂട്ടം അക്രമികൾ മിസോറം റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞാതാണ് ആക്രമത്തിന് തുടക്കമെന്ന് മിസോറാം സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ആരോപിക്കുന്നു. 

അതേസമയം, മിസോറാമിലെ വൈറെങ്‌ടെയിൽ നിന്നുള്ള അജ്ഞാതർ അതിര്‍ത്തി ഗ്രാമമായ ലൈലാപൂരിലെ എൻ‌എച്ച് -306 ൽ കടകളും കുടിലുകളും കത്തിച്ചുവെന്ന് അസം പൊലീസ് ഉദ്യോഗസ്ഥർ ആരോപിച്ചു.  വൈറംഗെയിൽ നിന്ന് 8 കിലോമീറ്റർ കിഴക്കും കരിംഗഞ്ച് ജില്ലയോട് ചേർന്നുള്ള സൈഹാപുയി അഞ്ചാമൻ ഗ്രാമത്തിന് സമീപത്ത് പ്രാദേശിക സന്നദ്ധപ്രവർത്തകർ ഉപയോഗിച്ചിരുന്ന താൽക്കാലിക കുടിലുകൾ പൊളിച്ചതിന്‍റെ തുടര്‍ച്ചയാണ് അക്രമണങ്ങളെന്ന് അസം സര്‍ക്കാരും ആരോപിക്കുന്നു. 

മിസോറാമിന്‍റെ അതിർത്തിയിലുള്ള മൂന്ന് ജില്ലകളിലും കമാൻഡോ ബറ്റാലിയനുകൾ വിന്യസിക്കാന്‍ അസം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്നപരിഹാരത്തിന് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, പൊലീസ് മേധാവികൾ എന്നിവരുമായും കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ ജാംപൂയി ഹിൽ റേഞ്ചിലെ ഫുൾഡുങ്‌സി ഗ്രാമവുമായി ബന്ധപ്പെട്ട് മിസോറാമും ത്രിപുരയും തമ്മിൽ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!