നൂറ് കോടി ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് ഇന്ത്യ

First Published Oct 21, 2021, 2:02 PM IST

കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ ( Covid vaccination)രാജ്യം നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കി.  വെറും 278 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കിയത്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)ആർഎംഎൽ ആശുപത്രിയിലെത്തി. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വാക്സീന്‍ (Covid 19 vaccine)നിര്‍മ്മാതാക്കളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഒന്‍പത് മാസത്തിനുള്ളിലാണ് രാജ്യത്തിന് നൂറ് കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ് വിതരണം ചെയ്യാൻ സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നൽകാനായത്. 

2021 ജനുവരി 16 നാണ് ഇന്ത്യ ആദ്യ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യദിവസം 1,65,714 പേര്‍ക്ക് വാക്സീന്‍ നല്‍കി. ഇവരെല്ലാം കൊവിഡ് പ്രതിരോധ മുന്‍നിരപ്രവര്‍ത്തകരായിരുന്നു. ആദ്യഘട്ടത്തില്‍ 30 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കാന്‍ ലക്ഷമിട്ടെങ്കിലും  15 ലക്ഷത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞത്. 

മാര്‍ച്ച് ഒന്നിന് രണ്ടാം ഘട്ട വാക്സീന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതോടെ 45 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സീന്‍ നല്‍കാന്‍ തീരുമാനം. വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ശ്രമിച്ചത് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു. 

പണം ഈടാക്കി ജനങ്ങള്‍ക്ക് വാക്സീന്‍ വില്‍ക്കാനുള്ള ബിജെപി സര്‍ക്കാറിന്‍റെ തീരുമാനത്തെ ജൂണ്‍ രണ്ടിന്  സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെ  ജൂണ്‍ 7, 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സൌജന്യ വാക്സീന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍രെ വാക്സീൻ ചെയ്ത രാജ്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് രണ്ടരക്കോടി പേര്‍ക്ക് വാക്സീന്‍ നല്‍കി ഇന്ത്യ ഈ കണക്ക് മറികടന്നു. 

രാജ്യത്തിന് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിന് പ്രധാന കാരണം രാജ്യം പ്രതിരോധകുത്തിവയ്പ്പില്‍ സ്വയംപര്യാപ്തത (വാക്‌സീൻ ആത്മനിർഭരത്) കൈവരിച്ചത് കൊണ്ടാണെന്ന് കൊവിഡ് 19 ടാസ്ക്ഫോഴ്സ് അംഗം ഡോ. എൻ. കെ അറോറ പറഞ്ഞു.  

നമുക്കുതന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിർമിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത്രയും വലിയൊരു ജനവിഭാഗത്തിന് കുത്തിവെപ്പ് സാധ്യമായതെന്ന് അറോറ പറഞ്ഞു.

കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ശാസ്ത്ര ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ രാജ്യം നടത്തിയ കുതിച്ചു ചാട്ടമാണ് ഇന്ന് ഇന്ത്യയെ ഈ മേഖലയില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള പ്രാപ്തിയുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2020 മാർച്ചിൽ തന്നെ ഇന്ത്യ. വിദേശരാജ്യങ്ങളിലെ വന്‍കിട പ്രതിരോധ കുത്തിവയ്പ്പ് നിര്‍മ്മാണ കമ്പനികളുമായി കരാറില്‍ ഒപ്പിട്ടിരുന്നു. ഇതിനായി ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സഹകരണവും തേടി.

ഈ നീക്കം പ്രതിരോധ കുത്തിവയ്പ്പ് കണ്ടുപിടിക്കുന്നതിനും അത് വികസിപ്പിക്കുന്നതിനും രാജ്യത്തെ പ്രപ്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യയ്ക്ക് വാക്സീന്‍ ഉദ്പാദിപ്പിക്കാനും അവ ഫലപ്രദമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാനും കഴിഞ്ഞു. 

ഇതിനിടെ വിദേശ രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍ വില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. എന്നാല്‍ ഇതിനിടെ കൊവിഡ് രണ്ടാം തരംഗം ശക്തമായി. ഇതോടെ രാജ്യത്ത് വാക്സീന്‍ ക്ഷാമം നേരിട്ടു. 

രണ്ടാം ഘട്ട കൊവിഡ് വ്യാപനം കണക്കുക്കൂട്ടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് വാക്സീന്‍ ക്ഷാമം രൂക്ഷമാക്കാന്‍ കാരണമെന്ന ആരോപണവും സര്‍ക്കാര്‍ നേരിട്ടു. ഇതോടെ വാക്സീന്‍ ഉദ്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാച്ചു. 

ഒന്നര വർഷത്തോളമുള്ള കൂടിയാലോചനകളുടെയും പ്രയത്‌നത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഫലമാണിത്. പല സംസ്ഥാനങ്ങളിലും പ്രായപൂർത്തി ആയ 100 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്‌സീൻ നൽകാന്‍ കഴിഞ്ഞു. 

ഇന്ത്യയിലെ വാക്‌സീൻ നിർമ്മാണശേഷിയും വിതരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതയും പരിഗണിക്കുമ്പോൾ വരുന്ന മൂന്ന് മാസങ്ങൾ കൊണ്ട് എഴുപത് മുതൽ എൺപത് കോടി ഡോസ് വരെ നൽകാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

കശ്മീര്‍ മുതല്‍ തമിഴ്നാട് വരെ ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇന്ത്യയുടെ മുക്കിലും മൂലയിലും നമ്മുക്ക് പ്രതിരോധ കുത്തിവയ്പ്പ് വിതരണം ചെയ്യാന്‍ കഴിഞ്ഞു. 

ആശുപത്രികള്‍, കോളേജുകള്‍, സ്കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എന്ന് തുടങ്ങി രാജ്യത്ത് സാധ്യമായ എല്ലാ ഇടങ്ങളിലും പ്രതിരോധ കുത്തിവയ്പ്പിനുള്ള സാധ്യതകള്‍ തുറക്കാന്‍ കഴിഞ്ഞു.

വിദൂരമായ, അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പോലും സൈന്യത്തിന്‍റെ സഹായത്തോടെ പ്രതിരോധ കുത്തിവയ്പ്പെത്തിക്കാനും അത് ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും സാധിച്ചത് വലിയ നേട്ടമായി. 

അതോടൊപ്പം ആദിവാസികളെ പോലുള്ള ഒറ്റപ്പെട്ട് നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകമായി പ്രതിരോധ കുത്തിവയ്പ്പെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വന്നതും ഏറെ വലിയൊരു നേട്ടം തന്നെയായിരുന്നു. 

എന്നാല്‍ വാക്സിനേഷന്‍ ഡോസ് നൂറ് കോടിയെത്തി നില്‍ക്കുമ്പോഴും ഇന്ത്യയുടെ വാക്സീനുകളെ അംഗീകരിക്കാന്‍ ഇപ്പോഴും പല വിദേശരാജ്യങ്ങളും തയ്യാറാകാത്തത് അന്താരാഷ്ട്രാതലത്തില്‍ ഏറെ ചര്‍ച്ചയായി. 

ഇതോടെ, ഇന്ത്യയുടെ പ്രതിരോധകുത്തിവയ്പ്പിനെ അംഗീകരിക്കാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം ആവശ്യമാണെന്ന് ഇന്ത്യ കടുപ്പിച്ചു. ഇതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ഇന്ത്യന്‍ വാക്സീന്‍ അംഗീകരിക്കാന്‍ തയ്യാറായി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നു. 

ഇന്ത്യയെ പോലെ വലിയ ഭൂപ്രദേശവും അത്രതന്നെ ജനസംഖ്യയുമുള്ള രാജ്യങ്ങള്‍ ഇത്തരം പ്രതിരോധ കുത്തിവയ്പ്പുകളില്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു. 

click me!